ടേബിള്‍ പ്രോഫിറ്റിനുവേണ്ടി കലഹിക്കുന്നവരുടെയും ലാഭം ഒറ്റയ്ക്ക് സ്വന്തമാക്കാന്‍ ശ്രമിക്കുന്നവരുടെയും ഇടയില്‍ ഇവിടെയിതാ ഒരു നിര്‍മ്മാതാവ് വ്യത്യസ്തനാകുന്നു. നന്മകള് ഇനിയും വറ്റിപ്പോയിട്ടില്ലാത്ത നിര്‍മ്മാതാക്കള്‍ക്കിടയില്‍ മറ്റൊരു നന്മമരം. ഷിബു ജി. സുശീലന്. പ്രൊഡക്ഷന്‍ കണ്‍ട്രോളറാണ് ഷിബു ഇപ്പോഴും. പക്ഷേ ഇതിനിടെ രണ്ട് സിനിമകള്‍ നിര്‍മ്മിച്ചു. സെവന്‍ത്ത് ഡേയും സിന്‍ജാറും. പൃഥ്വിരാജ് നായകനായ സെവന്‍ത്ത് ഡേ ബോക്സ് ഓഫീസ് ഹിറ്റായിരുന്നു. സിന്ജാറാകട്ടെ കാന്‍ അടക്കമുള്ള എല്ലാ അന്തര്‍ദ്ദേശീയ ചലച്ചിത്രോത്സവ മേളകളിലും പ്രദര്‍ശിപ്പിക്കപ്പെട്ട സിനിമയായിരുന്നു. മികച്ച ജസരി ഭാഷാ ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്കാരവും സിന്‍ജാര്‍ സ്വന്തമാക്കിയിരുന്നു.
ഷിബു ജി. സുശീലന് നിര്‍മ്മിച്ച ഡോക്യുമെന്ററിയാണ് 8 ½ Intercut life and films of K G George. സംവിധായകന് കെ.ജി. ജോര്‍ജിന്റെ ജീവിതവും സിനിമയും പ്രമേയമാക്കി നിര്‍മ്മിച്ച ഡോക്യുമെന്ററി. ഡോക്യുമെന്ററിയെന്ന വിവക്ഷയേയുള്ളൂ. അതിന്റെ ദൈര്‍ഘ്യം രണ്ട് മണിക്കൂര്‍ 5 മിനിറ്റാണ്. ലിജിന്‍ ജോസാണ് സംവിധായകന്. ലിജിന്‍ നിര്‍മ്മാണ പങ്കാളികൂടിയാണ്.
അഞ്ച് വര്‍ഷമെടുത്താണ് ഈ ഡോക്യുമെന്ററി പൂര്‍ത്തിയാക്കിയത്. കെ.ജി. ജോര്‍ജ് സിനിമകളുടെ പഠനവും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും പങ്കുവയ്ക്കുന്ന അനുഭവങ്ങളുമൊക്കെയായി നിറഞ്ഞുനില്‍ക്കുന്നതാണ് ഡോക്യുമെന്ററി. ഇന്ത്യന്‍ പനോരമയിലേക്ക് ഈ ഡോക്യുമെന്ററി തെരഞ്ഞെടുക്കപ്പെട്ടിരുന്നുവെങ്കിലും പൊതുജനസമക്ഷം ഇതുവരെ എത്തിയിട്ടുണ്ടായിരുന്നില്ല. അതിനുള്ള ശ്രമം വിജയം കണ്ടത് കുറച്ച് നാളുകള്‍ക്ക് മുമ്പാണ്. Neestream എന്ന ഒ.ടി.ടി പ്ലാറ്റ്ഫോം വഴിയാണ് ഈ ഡോക്യുമെന്ററി പ്രദര്‍ശനത്തിനെത്തുന്നത്. നീസ്ട്രീയുമായുള്ള എഗ്രിമെന്റ് കഴിഞ്ഞതിനു പിന്നാലെ ഒരു തുക നിര്‍മ്മാതാവിന് കിട്ടിയിരുന്നു. സാധാരണഗതിയില്‍ അത് സ്വന്തമാക്കാനേ ഏത് നിര്‍മ്മാതാവും ശ്രമിക്കൂ. എന്നാല്‍ കിട്ടിയ തുകയുടെ ഒരു വിഹിതം കെ.ജി. ജോര്‍ജിന് നല്കാന് ഷിബുവും ലിജിനും ചേര്‍ന്ന് തീരുമാനിക്കുന്നു.
വാര്‍ദ്ധക്യസഹജമായ അസുഖങ്ങളും സാമ്പത്തിക പരാധീനതകളുമായി കാക്കനാട്ടുള്ള ഒരു ഓള്‍ഡ് ഏജ് ഹോമിലാണ് കെ.ജി. ജോര്‍ജ് ഇപ്പോഴുള്ളത്. കെ.ജി. ജോര്‍ജിനെ കാണാന്‍ പോകുന്ന വിവരം ഷിബു അദ്ദേഹത്തിന്റെ ഭാര്യയെ വിളിച്ചു പറഞ്ഞു. ഭാര്യയും മകളും ആ ദിവസം ഓള്‍ഡ് ഏജ് ഹോമിലെത്തി. ഷിബുവും ലിജിനും ചേര്‍ന്ന് ഒരു ലക്ഷം രൂപയുടെ ചെക്ക് കെ.ജി. ജോര്‍ജിന് കൈമാറി. ആ നിമിഷത്തിന് സാക്ഷിയായ ഷിബു ജി. സുശീലന് പറയുന്നു.
‘ചെക്ക് കൈമാറുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകളിലെ തിളക്കം എനിക്ക് കാണാമായിരുന്നു. സന്തോഷം കൊണ്ടാണ്. അത് കണ്ടപ്പോള്‍ എന്റെ മനസ്സും നിറഞ്ഞു. ഇതിനേക്കാള്‍ എന്ത് ഭാഗ്യമാണ് എനിക്ക് ലഭിക്കാനുള്ളത്. കെ.ജി. ജോര്‍ജ് സാറിന്റെ സിനിമകളാണ് യഥാര്‍ത്ഥത്തില്‍ എന്നെ അദ്ദേഹത്തിലേക്ക് അടുപ്പിച്ചത്. ഞാന്‍ സിനിമയില്‍ എത്തിയതിനുശേഷം മാക്ടയുടെ മീറ്റിംഗില്‍ വച്ചാണ് അദ്ദേഹത്തെ കണ്ടിട്ടുള്ളത്. അപ്പോഴൊന്നും ഒരു വ്യക്തിബന്ധവും അദ്ദേഹവുമായി ഉണ്ടായിരുന്നില്ല. ഡോക്യുമെന്ററി എടുക്കാന്‍ തീരുമാനിച്ച നാളുകളിലാണ് ജോര്‍ജ് സാറുമായുള്ള സൗഹൃദം ഉണ്ടാകുന്നതുപോലും. മലയാളസിനിമ കണ്ട എക്കാലത്തെയും ബ്രില്യന്റ് സ്ക്രിപ്റ്റ് റൈറ്ററും ഡയറക്ടറുമാണ് കെ.ജി. ജോര്‍ജ് സാര്‍. സിനിമയിലേയ്ക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള റഫറന്‍സാണ് അദ്ദേഹത്തിന്റെ സിനിമകളും ജീവിതവും. ആ നിലയ്ക്ക് ഈ ഡോക്യൂമെന്ററി ഒരു നാന്ദി കുറിക്കലാണ്.’
Recent Comments