പ്രശസ്ത നിര്‍മ്മാതാവും വിതരണക്കാരനുമായ ടെറ്റ്കോ രാജഗോപാല്‍ നിര്യാതനായി. ഇന്ന് രാവിലെ തൃശൂര്‍ എലൈറ്റ് ഹോസ്പിറ്റലില്‍വച്ചായിരുന്നു അന്ത്യം. 83 വയസ്സായിരുന്നു.
പതിവുള്ള ഗുരുവായൂര്‍ ക്ഷേത്രദര്‍ശനവും കഴിഞ്ഞ് രാത്രി കിടന്നുറങ്ങിയതായിരുന്നു അദ്ദേഹം. രാവിലെ ബോധരഹിതനായിരുന്നു. ഉടനെ ഹോസ്പിറ്റലില്‍ എത്തിച്ചു. തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തി. ഉടനെതന്നെ വെന്റിലേറ്ററിലേയ്ക്ക് മാറ്റി. ഇന്ന് രാവിലെ അന്ത്യം സംഭവിക്കുകയായിരുന്നു.
ചാവക്കട്ടെ പ്രശസ്തമായ കണ്ടംപുള്ളി കുടുംബാംഗമാണ് കെ.കെ. രാജഗോപാല്‍ എന്ന ടെറ്റ്കോ രാജഗോപാല്‍. ടെറ്റ്കോ അദ്ദേഹത്തിന്റെ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ്. ടെറ്റ്കോ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറാണ്. തീയേറ്റര്‍ നിര്‍മ്മാണ രംഗത്തെ പ്രമുഖ കമ്പനികളില്‍ ഒന്നുകൂടിയാണ് ടെറ്റ്കോ. പിന്നീടാണ് സിനിമാ വിതരണരംഗത്ത് സജീവമാകുന്നത്. ഇരുന്നൂറോളം സിനിമകള്‍ വിതരണം ചെയ്തിട്ടുണ്ട്. രണ്ട് ചിത്രങ്ങളുടെ നിര്‍മ്മാതാവായി. പത്മകുമാര്‍ സംവിധാനം ചെയ്ത ശിക്കാറും വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്ത ശിഖാമണിയുമാണ് അദ്ദേഹം നിര്‍മ്മിച്ച ചിത്രങ്ങള്‍.
മോഹിനി രാജഗോപാലാണ് ഭാര്യ. ഷജിലും സുദീപും മക്കളാണ്. ദുബായില്‍നിന്ന് ഇരുവരും നാട്ടില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ഇന്ന് വൈകുന്നേരം 3 മണിക്ക് വീട്ടുവളപ്പിലാണ് ശവസംസ്കാരം.
Recent Comments