ഇന്നലെയാണ് ഖാലിദിക്ക വൈക്കത്തെ സെറ്റില്‍ ജോയിന്‍ ചെയ്തത്. തൊടുപുഴ ഷെഡ്യൂളിലും അദ്ദേഹം വന്നു അഭിനയിച്ച് പോയിരുന്നു. വൈക്കത്ത് മറവന്തുരുത്ത് എന്ന സ്ഥലത്താണ് സെറ്റിട്ടിരിക്കുന്നത്. രാവിലെ ഏഴ് മണിക്കുതന്നെ ഖാലിദിക്ക ലൊക്കേഷനിലെത്തി. നായരേട്ടന് എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. കാരവനിലിരിക്കാന് ഞാനാണ് പറഞ്ഞത്. ‘കാരവനൊന്നും വേണ്ടെന്നേ… നമുക്കിവിടെ ശുദ്ധവായുവൊക്കെ ശ്വസിച്ചിരിക്കാം’ ഖാലിദിക്ക പറഞ്ഞു. പ്രൊഡക്ഷനില്‍നിന്ന് ഒരു ചായ വരുത്തി അദ്ദേഹത്തിന് കൊടുത്തു. ചായ കുടിച്ചുകൊണ്ട് ഞങ്ങളവിടെ വിശേഷങ്ങള്‍ പറഞ്ഞിരുന്നു.
ഷോട്ട് റെഡിയായ വിവരവുമായി അസിസ്റ്റന്റ് ഡയറക്ടര്‍ എത്തി. ഒരു ബാര്‍ബര്‍ ഷോപ്പ് സീനാണ് ഷൂട്ട് ചെയ്യുന്നത്. ഖാലിദിക്കയോടൊപ്പം തൃശൂരില്‍നിന്നുള്ള ജോര്ജേട്ടനുംകൂടി പങ്കെടുക്കുന്നുണ്ട്. ആ ഷോട്ട് കഴിഞ്ഞയുടന്‍ സംവിധായകന് ജൂഡ് അന്തോണി സര് ബ്രേക്ക് പറഞ്ഞു. ഖാലിദിക്ക വന്ന് പ്രഭാതഭക്ഷണവും കഴിച്ചു. അതിനുശേഷമാണ് ബാത്ത് റൂം വരെ പോയിട്ടുവരാമെന്ന് പറഞ്ഞ് പോയത്. അവിടെ സെറ്റിനടുത്തുതന്നെ ഒരു ബാത്ത് റൂം ഉണ്ടായിരുന്നു. അവിടെയല്ല അദ്ദേഹം പോയത്. അല്‍പ്പം മാറിയുള്ള ബാത്ത് റൂമിലാണ്. കുറച്ചുകഴിഞ്ഞ് ചില ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളാണ് ഖാലിദ് ഇക്ക ബാത്ത് റൂമില്‍ കുഴഞ്ഞുകിടക്കുന്ന വിവരം വന്ന് പറഞ്ഞത്. ഉടനെതന്നെ ഞങ്ങളെല്ലാവരും കൂടി അദ്ദേഹത്തെ ഇന്‍ഡോ അമേരിക്കന്‍ ഹോസ്പിറ്റലിലേയ്ക്ക് കൊണ്ടുപോയി. ജീവന് നിലനിര്‍ത്താന്‍ ഡോക്ടര്‍മാര്‍ കഠിനപരിശ്രമം ചെയ്തു. അപ്പോഴേയ്ക്കും എല്ലാം കഴിഞ്ഞിരുന്നു. ഹോസ്പിറ്റലില്‍ എത്തുംമുേമ്പ മരണം സംഭവിച്ചുവെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. അതുകൊണ്ട് പോസ്റ്റ്മോര്‍ട്ടം വേണ്ടിവരും. അതിനുവേണ്ടി ഹോസ്പിറ്റലില്‍തന്നെ നില്‍ക്കുകയാണ് ഞങ്ങള്‍. ഖാലിദ് ഇക്കയുടെ മകന് ഖാലിദ് റഹ്മാനും ഞങ്ങളോടൊപ്പമുണ്ട്. ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്ട്രോളര് ശ്രീകുമാര്‍ ചെന്നിത്തല കാന്‍ ചാനലിനോട് പറഞ്ഞു.
Recent Comments