ഇന്ന് ഡിസംബര്‍ 25. സച്ചിയുടെ ജന്മദിനമാണ്. സച്ചി ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന് 48 വയസ്സു തികയുമായിരുന്നു. പക്ഷേ അതിനുപോലും കാത്തുനില്‍ക്കാതെ സച്ചി മടങ്ങി. ഒരുപാട് സ്വപ്നങ്ങള്‍ ബാക്കിവച്ച്.
സത്യത്തില്‍ തിരക്കഥാകൃത്തായിട്ടാണ് സച്ചിയുടെ തുടക്കമെങ്കിലും സംവിധായകനാകണമെന്നുള്ളത്, അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു. അനാര്‍ക്കലിയുടെ ആ സ്വപ്നം അദ്ദേഹം അതിവേഗം കരഗതമാക്കി. അപ്പോഴും സച്ചി മറ്റുള്ളവര്‍ക്കുവേണ്ടിയും എഴുതിക്കൊണ്ടിരുന്നു.
അയ്യപ്പനും കോശിയും എഴുതി സംവിധാനം ചെയ്ത്, തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയപ്പോഴാണ് സച്ചി എന്ന ക്രിയേറ്ററുടെ ആഴവും പരപ്പും തിരിച്ചറിയാന്‍ തുടങ്ങിയത്. സച്ചിയില്നിന്ന് മികച്ച സിനിമകള്‍ പിറവി എടുക്കാനിരിക്കുന്നതേയുള്ളൂ എന്നതിന്റെ വ്യക്തമായ സൂചനകളായിരുന്നു അയ്യപ്പനും കോശിയും. പ്രേക്ഷകരും താരങ്ങളും ആ പ്രതിഭാധനനില്‍നിന്ന് കൂടുതല്‍ അത്ഭുതങ്ങള്‍ പ്രതീക്ഷിച്ചു. പക്ഷേ രംഗബോധമില്ലാത്ത കോമാളി ആ സ്വപ്നങ്ങളെയെല്ലാം തട്ടിത്തെറിപ്പിച്ചു. അതോടെ അവശേഷിച്ചത്, സച്ചി പലരോടും, പലപ്പോഴായി പറഞ്ഞ, വലിയ വലിയ സ്വപ്നങ്ങളായിരുന്നു…
സച്ചിയെ ഹൃദയത്തിലേറ്റിയവര്‍, ആ സ്വപ്നങ്ങള്‍ക്ക് പിറകേയായിരുന്നു. അതിന്റെ സാക്ഷാത്ക്കാരമാണ് സച്ചി ക്രിയേഷന്‍സ്- സച്ചിയുടെ ഓര്‍മ്മയ്ക്കായി ഒരു നിര്‍മ്മാണക്കമ്പനി.
മൂന്നോളം പ്രോജക്ടുകള്‍, ഇപ്പോള്‍തന്നെ ആ ബാനറില്‍ പുരോഗമിക്കുന്നുണ്ട്. അതില്‍ ആദ്യമേതെന്ന് ഉടന്‍തന്നെ പ്രഖ്യാപിക്കപ്പെടും. അടുത്ത വര്‍ഷമാദ്യം ആ പ്രോജക്ട് യാഥാര്‍ത്ഥ്യമാകും.
സച്ചിക്ക് കൊടുക്കാവുന്ന ഏറ്റവും നല്ല സ്മരണാഞ്ജലിയാണത്. പക്ഷേ ഒന്ന് ഓര്‍ക്കണം. നല്ല സിനിമകള്‍മാത്രം സ്വപ്നം കണ്ടിരുന്ന ചലച്ചിത്രകാരനായിരുന്നു സച്ചി. താന്‍ ആഗ്രഹിക്കുന്നതുപോലുള്ള സിനിമകള്‍, മറ്റൊരു നിര്‍മ്മാതാവിന് വേണ്ടി ചെയ്യുമ്പോള്‍, നീക്കുപോക്കുകള്‍ക്ക് വഴങ്ങേണ്ടിവരും എന്നതുകൊണ്ടുമാത്രം സ്വന്തം നിര്മ്മാണകമ്പിനിയില് ആ സിനിമകള്‍ നിര്‍മ്മിക്കാമെന്നായിരുന്നു അദ്ദേഹം സ്വപ്നം കണ്ടത്. സച്ചി ക്രിയേഷന്‍സ് ആ സ്വപ്നങ്ങളെ തച്ചുടയ്ക്കരുതെന്നുമാത്രണാണ് അപേക്ഷ.
Recent Comments