സാഹിത്യകാരനും അദ്ധ്യാപകനും സംവിധായകന് അമല്‍ നീരദിന്റെ പിതാവുമായ ഫ്രൊഫ. സി ആര് ഓമനക്കുട്ടന് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഉച്ചയ്ക്കു കൊച്ചി ലിസി ആശുപത്രിയിലായിരുന്നു അന്ത്യം. 80 വയസ്സായിരുന്നു.
23 വര്‍ഷത്തോളം എറണാകുളം മഹാരാജാസ് കോളേജില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചു. ഇരുപത്തഞ്ചിലേറെ പുസ്തകങ്ങളും 150-ലേറെ കഥകളും എഴുതിയിട്ടുണ്ട്. നാടകം, സിനിമ, ഹാസ്യസാഹിത്യം തുടങ്ങി ഓമനക്കുട്ടന് കൈവയ്ക്കാത്ത മേഖലകള്‍ ചുരുക്കമാണ്. ശ്രീഭൂതനാഥവിലാസം നായര്‍ ഹോട്ടല്‍ എന്ന ഹാസ്യ സാഹിത്യകൃതിക്കാണ് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്.
അടിയന്തരാവസ്ഥക്കാലത്ത് ദേശാഭിമാനി പത്രത്തില്‍ പ്രസിദ്ധീകരിച്ച ‘ശവം തീനികള്‍’ എന്ന പരമ്പര വലിയ ചര്‍ച്ചയായിരുന്നു. ഇരുപതു വര്‍ഷമായി ‘ദേശാഭിമാനി’യില്‍ നടുക്കോളം എന്ന പംക്തി എഴുതിയിരുന്നു.
നാലുവര്‍ഷം പബ്ലിക് റിലേഷന്‍സില്‍ ഇന്‍ഫര്‍മേഷന്‍ ഓഫിസറായും സേവനമനുഷ്ഠിച്ചിരുന്നു. സിനിമ മാസിക, ഗ്രന്ഥലോകം, പ്രഭാതം എന്നീ പത്രമാസികകളില്‍ സബ് എഡിറ്ററായിരുന്നു. 1973 മുതല്‍ മലയാളം അധ്യാപകനായി. 1998ല്‍ വിരമിച്ചു.
ഈ അടുത്ത് അദ്ദേഹത്തിന്റെയായി രണ്ട് പുസ്തകങ്ങള്‍ പുറത്തിറങ്ങിയിരുന്നു. ‘ശവംതീനികള്‍’ എന്ന പുസ്തകം ഡിസി ബുക്സിന്റെ മാനേജിംഗ് പാര്‍ട്ണര്‍ രവി ഡീസിക്ക് നല്കി മമ്മൂട്ടിയും ‘തിരഞ്ഞെടുത്ത കഥകള്‍’ എഴുത്തുകാരന് ഉണ്ണി ആറിന് നല്കി സലിംകുമാറുമാണ് പ്രകാശനം ചെയ്തത്.
രാവിലെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഞായറാഴ്ച്ച രാവിലെ 9.30 വരെ വീട്ടിലും തുടർന്ന് 10 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിനു വെക്കും.
തുടർന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് രവിപുരം ശ്മശാനത്തിൽ സംസ്കാരം. ഭാര്യ എസ്. ഹേമലത. മകള്‍ അനൂപ എറണാകുളം മഹാരാജാസ് കോളേജില്‍ ഇംഗ്ലീഷ് വിഭാഗം അധ്യാപികയാണ്. നടി ജ്യോതിര്‍മയി മരുമകളാണ്
പ്രധാന കൃതികള്‍: കാല്‍പ്പാട്, ഓമനക്കഥകള്‍, പകര്‍ന്നാട്ടം, ഈഴശ്ശിവനും വാരിക്കുന്തവും, അഭിനവ ശാകുന്തളം, ശവംതീനികള്‍, ഫാദര്‍ സെര്‍ജിയസ്, ഭ്രാന്തന്റെ ഡയറി, കാര്‍മില, തണ്ണീര്‍തണ്ണീര്‍, ദേവദാസ്, നാണു, കുമാരു.
Recent Comments