കോഴ ആരോപണത്തെ തുടര്‍ന്ന് സിപിഎമ്മില്‍ നിന്നും പുറത്താക്കി. പി എസ് സി അംഗത്വം വാഗ്ദാനം ചെയ്ത് കോഴവാങ്ങിയെന്ന പരാതിയില്‍ കോഴിക്കോട് ടൗണ്‍ ഏരിയാ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിയെയാണ് സിപിഎം പുറത്താക്കിയത്. പ്രമോദ് കോട്ടൂളിയെ സിപിഎം പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കുകയും തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കം ചെയ്യാനും തീരുമാനിച്ചു… അതേസമയം റിയല്‍ എസ്റ്റേറ്റ് ബിനാമി ബന്ധങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടിയെന്നും പിഎസ്സി കോഴ ഇടപാടല്ലെന്നുമാണ് പാര്‍ട്ടി വൃത്തങ്ങളുടെ വാദം… ഇന്നുചേര്‍ന്ന കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ജില്ലാ കമ്മറ്റി ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ടിപി രാമകൃഷ്ണന്, മുഹമ്മദ് റിയാസ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തിരുന്നു.
പ്രമോദ് കോട്ടൂളിക്കെതിരെയുള്ള നടപടി വൈകിപ്പിച്ചതില്‍ സംസ്ഥാന കമ്മിറ്റിയുടെ അതൃപ്തി ഇന്നുനടന്ന യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാന കമ്മിറ്റിയില്‍ നിന്നും ജില്ലാ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത നേതാക്കളാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശം ഉള്‍പ്പെടെ പരിഗണിച്ചുകൊണ്ടാണ് ജില്ലാ കമ്മിറ്റിയുടെ നടപടി. നടപടി പ്രമോദ് കോട്ടൂളിയില്‍ മാത്രം ഒതുങ്ങിയേക്കില്ലെന്നാണ് ലഭിക്കുന്ന വിവരം. ഇതോടെ പി എസ് സി കോഴ വിവാദം മാദ്ധ്യമസൃഷ്ടി അല്ലെന്ന് വ്യക്തമായി.
താന്‍ നിരപരാധിയാണെന്നും പരാതി കെട്ടിച്ചമച്ചതാണെന്നുമാണ് പ്രമോദ് ജില്ലാ സെക്രട്ടറിയേറ്റിന് നല്കിയ വിശദീകരണം. എന്നാല്‍ മന്ത്രി റിയാസ് അടക്കമുള്ളവര്‍ കര്‍ശന നടപടി വേണമെന്ന നിലപാട് സ്വീകരിച്ചതോടെയാണ് പുറത്താക്കാന്‍ തീരുമാനിച്ചത്. അതേസമയം, കോഴിക്കോട് ജില്ലയിലെ വിഭാഗീയതയാണ് വിവാദത്തിന് പിന്നിലെന്നാണ് വാദം ഒരു വിഭാഗം നേതാക്കള്‍ കരുതുന്നത്.
Recent Comments