ദുബായിലും അബുദാബിയിലുമായി നടന്ന വിജയാഘോഷ ചടങ്ങുകളിലായിരുന്നു കഴിഞ്ഞ രണ്ട് ദിവസമായി 2018 ന്റെ അണിയറപ്രവര്‍ത്തകര്‍. ടൊവിനോ തോമസും കുഞ്ചാക്കോ ബോബനും ആസിഫ് അലിയും നരേനും വിനീത് ശ്രീനിവാസനും ജൂഡ് ആന്തണിയും അപര്‍ണ്ണ ബാലമുരളിയും നിര്‍മ്മാതാവ് വേണു കുന്നപ്പള്ളിയുമടക്കം ചടങ്ങില്‍ പങ്കെടുത്തിരുന്നു. യു.എ.ഇയില്‍ മാത്രം നാല് ലക്ഷത്തിലധികം ആളുകളാണ് 2018 കണ്ടത്. ഇതും റെക്കോര്‍ഡ് നേട്ടമാണ്.
ഇതിനിടെ കഴിഞ്ഞ ദിവസം 2018 ന്റെ ഗ്രോസ്സ് കളക്ഷന്‍ റിപ്പോര്‍ട്ട് നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടു. റിലീസ് ചെയ്ത നാല് ഞായറാഴ്ചകള്‍ പിന്നിടുമ്പോള്‍ 2018 ന്റെ ഗ്രോസ്സ് 170 കോടിയാണ്. 137.75 കോടി കളക്ട് ചെയ്ത പുലിമുരുകന്റെ റെക്കോര്‍ഡാണ് 2018 തകര്‍ത്തത്. പുലിമുരുകന് തൊട്ടു പിറകിലായി ലൂസിഫര്‍ (125.1 കോടി), മാളികപ്പുറം (102.3 കോടി), ഭീഷ്മപര്‍വ്വം (85.4 കോടി) എന്നീ ചിത്രങ്ങളാണ് ഉള്ളത്. നിലവില്‍ 400 ലേറെ തീയേറ്ററുകളില്‍ 2018 ഇപ്പോഴും വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. കഴിഞ്ഞ ദിവസത്തെ (ജൂണ്‍ 4) കേരള കളക്ഷന്‍ മാത്രം ഒന്നര കോടിക്ക് മുകളിലാണ്. ഈ നിലയ്ക്കാണ് മുന്നോട്ട് പോകുന്നതെങ്കില്‍ മലയാളത്തിലെ സര്‍വ്വകാല റെക്കോര്‍ഡുകളിലേയ്ക്ക് 2018 കുതിക്കും.
ജൂണ്‍ 7 ന് സോണി ലൈവില്‍ 2018 പ്രദര്‍ശനത്തിനെത്തുകയാണ്. ഇതിന്റെ ഭാഗമായി തീയേറ്ററുകളുടെ കാര്യത്തില്‍ ഗണ്യമായ കുറവുണ്ടാകും. അത് കളക്ഷനെ ബാധിച്ചേക്കാം. വളരെ നേരത്തേതന്നെ ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്സ് വിറ്റുപോയിരുന്നു. പതിമൂന്ന് കോടിക്ക് ഡിജിറ്റല്‍ റൈറ്റ്സ് വിറ്റുപോയതെന്നാണ് അറിയുന്നത്. നിലവില്‍ ചിത്രത്തിന്റെ സാറ്റ്ലൈറ്റ് റൈറ്റ് നിര്‍മ്മാതാക്കള്‍ ഹോള്‍ഡ് ചെയ്തിരിക്കുകയാണ്. 2018 ന്റെ ഐതിഹാസിക വിജയം സാറ്റ്ലൈറ്റ് റൈറ്റ്സിനും മോഹവില കിട്ടുമെന്ന് ഉറപ്പിക്കാം.
Recent Comments