അടുത്തിടെ അന്തരിച്ച കന്നട സൂപ്പര്‍ സ്റ്റാര്‍ പുനീത് രാജ് കുമാറിന്റെ കണ്ണുകള്‍ നാലുപേര്‍ക്ക് ദാനം ചെയ്തു. ഒരാളുടെ കണ്ണുകള്‍ നാലുപേര്‍ക്ക് ദാനം ചെയ്യുന്നത് കര്‍ണാടകയില്‍ ആദ്യമായാണെന്നും അതിനൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ശസ്ത്രക്രിയ നടത്തിയതെന്നും നാരായണ നേത്രാലയ ചെയര്മാന് ഡോ. ഭുജന്‍ ഷെട്ടി പറഞ്ഞു. കണ്ണുകളുടെ കോര്‍ണിയ നെടുകെ മുറിച്ച് മുന്നിലെ ഭാഗം ഒരാള്‍ക്കും പുറകിലേത് മറ്റൊരാള്‍ക്കും നല്‍കുകയായിരുന്നു. അഞ്ച് പേരടങ്ങുന്ന ഡോക്ടര്‍മാരുടെ സംഘമാണ് ശസ്ത്രക്രിയകള്‍ നടത്തിയത്. പുനീതിന്റെ അച്ഛന് രാജ് കുമാറും അമ്മ പാര്‍വതമ്മയും മരണ ശേഷം കണ്ണുകള്‍ ദാനം ചെയ്തിരുന്നു.
45 സൗജന്യ സ്കൂളുകള്‍, 26 അനാഥാലയങ്ങള്‍, 19 ഗോശാലകള്‍, 16 വൃദ്ധസദനങ്ങള്‍ അങ്ങനെ നീളുന്നതായിരുന്നു പുനീത് രാജ് കുമാറിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍. പുനീത് പഠനച്ചെലവ് വഹിച്ചിരുന്ന 1800 കുട്ടികളുടെ തുടര്‍വിദ്യാഭ്യാസം തമിഴ് നടന് വിശാല്‍ ഏറ്റെടുത്തു. തന്റെ പുതിയ ചിത്രമായ എനിമിയുടെ പ്രീ റിലീസ് പരിപാടിയില്‍വച്ച് പുനീതിന് ആദരമര്‍പ്പിച്ച് സംസാരിക്കവേയാണ് വിശാല്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്നലെ ഹൈദരാബാദില്‍വച്ചായിരുന്നു പ്രസ്മീറ്റ്.
‘പുനീത് നല്ലൊരു നടന് മാത്രമല്ല, നല്ലൊരു സുഹൃത്ത് കൂടിയായിരുന്നു. സൂപ്പര്‍സ്റ്റാറുകളില്‍ ഇത്രയും വിനീതനായ മറ്റൊരു നടനെ ഞാന്‍ കണ്ടിട്ടില്ല. സാമൂഹിക പ്രതിബദ്ധതയുള്ള ഒരുപാട് കാര്യങ്ങള്‍ അദ്ദേഹം ചെയ്തിരുന്നു. അതിലെനിക്ക് അഭിമാനം തോന്നുന്നു. പുനീത് പഠനച്ചെലവ് നിര്‍വഹിച്ചിരുന്ന 1800 കുട്ടികളുടെ തുടര്‍ വിദ്യാഭ്യാസം അടുത്ത വര്‍ഷം മുതല്‍ ഞാന്‍ അദ്ദേഹത്തിന് വേണ്ടി ഏറ്റെടുത്ത് നടത്തുമെന്ന് പ്രതിഞ്ജ ചെയ്യുകയാണ്’. വിശാല്‍ പറഞ്ഞു.
Recent Comments