പുതൂര്‍ ഉണ്ണികൃഷ്ണന്റെ പേരിലുള്ള പുരസ്കാരം ശ്രീകുമാരന്‍ തമ്പിക്ക് മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ്കുമാര്‍ സമ്മാനിച്ചു. ചടങ്ങില്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്മാന് കെ.ബി. മോഹന്‍ദാസ് അദ്ധ്യക്ഷനായിരുന്നു. ആലംകോട് ലീലാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി.
‘അച്ഛനെ എഴുത്തിലേയ്ക്ക് നയിച്ചത് പുതൂരായിരുന്നു. വൈകി എഴുതിയ എഴുത്തുകാരനാണ് അച്ഛന്. ഗുരുവായൂരുമായുള്ള എം.പി. വീരേന്ദ്രകുമാറിന്റെ സ്നേഹമതില് തീര്‍ത്തത് പുതൂരായിരുന്നു. പുതൂരിന്റെ പേരിലുള്ള പുരസ്കാരം മലയാളത്തിലെ കവിയും ഗാനരചയിതാവും സംവിധായകനും, തിരകഥാകൃത്തുമായ ശ്രീകുമാരന്‍ തമ്പിക്ക് നല്കാന് കഴിഞ്ഞതില്‍ സന്തോഷമുണ്ട്. അദ്ദേഹത്തിന്റെപാട്ടുകള് കേള്‍ക്കാത്ത ദിവസമില്ല. ഒന്നിനൊന്നു മഹത്തരമാണ് എല്ലാ രചനകളും.’ എം.വി. ശ്രേയാംസ് കുമാര്‍ പറഞ്ഞു.
‘ഇന്ന് ജീവിച്ചിരിക്കുന്ന കവികളില്‍ ഏറ്റവും ശ്രേഷ്ഠനാണ് ശ്രീകുമാരന്‍ തമ്പി. ബഹുമുഖ പ്രതിഭയായ അദ്ദേഹം അപ്രിയസത്യങ്ങള്‍ തുറന്നു പറയാന്‍ ഒരു മടിയും കാട്ടിയിട്ടില്ല. അതിന്റെ പേരില്‍ അദ്ദേഹത്തിന് നിരവധി എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. കേരളം വേണ്ടവിധത്തിലുള്ള ആദരവ് അദ്ദേഹത്തിന് നല്‍കിയിട്ടില്ല. എന്നാല്‍ ശ്രീകുമാരന്‍ തമ്പി സാറിന്റെ പേരില്‍ ഒരു സപ്താഹം നടത്തണമെന്നാണ് എന്റെ ആഗ്രഹം. അദ്ദേഹത്തിന്റെ കവിതകളെയും ഗാനങ്ങളെയും കുറിച്ച് ഏഴുദിവസം നീളുന്ന ഒരു പഠനക്ലാസ് നടത്തിയാല്‍ അത് പുതുതലമുറയ്ക്ക് സഹായകരമാകും.’ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ആലംകോട് ലീലാകൃഷ്ണന് പറഞ്ഞു.
അടുത്തിടെ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ട സംയുക്ത സേനാധിപന് ബിപിന്‍ റാവത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ മോശം കമന്റ് ഇട്ടതിനെ ശക്തമായി പ്രതികരിച്ച തമ്പിസാറിനെ ജയരാജ് വാര്യര്‍ അഭിനന്ദിച്ചു.
‘നെറ്റിയില്‍ കളഭംതൊട്ട വിപ്ലവകാരിയാണ് പുതൂര്‍. എന്റെ ജേഷ്ഠന് പി.വി. തമ്പി വലിയ സോഷ്യലിസ്റ്റായിരുന്നു. അതുകൊണ്ട് ഞാനും സോഷ്യലിസ്റ്റായ് തീര്‍ന്നു. പുതൂരിനെ എനിക്ക് വലിയ ഇഷ്ടമായിരുന്നു. അദ്ദേഹത്തിന്റെ പേരിലുള്ള പുരസ്കാരം എന്റെ അവകാശമാണ്.’ മറുപടി പ്രസംഗത്തില്‍ ശ്രീകുമാരന്‍ തമ്പി പറഞ്ഞു.
സാഹിത്യരചനയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ ആലങ്കോടിനേയും കാരിക്കേച്ചര്‍ രംഗത്ത് 30 വര്‍ഷം പിന്നിട്ട ജയരാജ് വാര്യരേയും ശ്രീകുമാരന്‍ തമ്പി പൊന്നാടയണിയിച്ച് ആദരിച്ചു. പുതൂരിന്റെ അപ്രകാശിത ലേഖനങ്ങളുടെ സമാഹാരമായ ‘ഓര്‍മ്മ ചിന്തുകള്‍’ ശ്രീകുമാരന്‍ തമ്പി കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം യൂജിന്‍ മോറേലിക്ക് നല്കി പ്രകാശനം ചെയ്തു.
ബാബു ഗുരുവായൂര്‍
Recent Comments