പി വി അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചു . വാർത്താസമ്മേളനത്തിൽ നിലമ്പൂരില്‍ നിന്ന്ഇ നി ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് നിര്‍ത്തുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് നിരുപാധിക പിന്തുണ നല്‍കും. നിലമ്പൂരിൽ വി എസ് ജോയിയെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കണമെന്നും അൻവർകൂട്ടിച്ചേർത്തു .
രാജി വാർത്ത പങ്കുവെക്കാൻ തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് പി വി അന്‍വര്‍ നിലമ്പൂരില്‍ നിന്നും മത്സരിക്കാനില്ലെന്ന വിവരം അറിയിച്ചത്.വാർത്താസമ്മേളനം നടത്തുമെന്ന് ഫേസ്ബുക്ക് വഴി ഇന്നലെ അൻവർ അറിയിച്ചപ്പോൾ തന്നെ രാജിവെക്കുമെന്ന് അഭ്യൂഹം ഉയർന്നിരുന്നു.
നിലമ്പൂരില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് മലയോര മേഖലയുമായി ബന്ധമുണ്ടായിരിക്കണം. മലയോര മേഖലയിലെ പ്രശ്നങ്ങള്‍ അറിയുന്ന ആളാണ് ജോയി. നിലമ്പൂരില്‍ ക്രൈസ്തവ സ്ഥാനാര്‍ത്ഥി വേണമെന്നും പി വി അന്‍വര്‍ പറഞ്ഞു.
‘നിലമ്പൂരില്‍ മത്സരിക്കില്ല. എന്നാൽ യുഡിഎഫ് നിര്‍ത്തുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് നിരുപാധിക പിന്തുണ നല്‍കും. സര്‍ക്കാരിന്റെ അവസാനത്തില്‍ നടത്തുന്ന തിരഞ്ഞെടുപ്പ് പിണറായിസത്തിനെതിരായ ആണിയായി മാറേണ്ടതുണ്ട്. തൃണമൂലിന്റെ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകും. മലയോര കര്‍ഷകരുടെ പൂര്‍ണ പിന്തുണ കൂടി ആര്‍ജിച്ച് പിണറായിസത്തിന്റെ അവസാനം നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലായിരിക്കും. പരിപൂര്‍ണ്ണ പിന്തുണ യുഡിഎഫിന് നല്‍കും. കൗണ്ട്ഡൗണ്‍ ആരംഭിക്കുകയാണ്, പി വി അന്‍വര്‍ വ്യക്തമാക്കി.
തൃണമൂൽ കോൺഗ്രസിൽ ചേർന്നതിന് പിന്നാലെയാണ് പി വി അൻവർ ഇന്ന് എംഎൽഎ സ്ഥാനം രാജിവെച്ചത്. രാജിക്കത്ത് സ്പീക്കറെ നേരിട്ട് കണ്ട് നൽകി. തൃണമൂൽ കോൺഗ്രസിൽ ചേർന്നുകൊണ്ട് എംഎൽഎ സ്ഥാനം രാജിവെച്ചില്ലെങ്കിൽ അയോഗ്യനാക്കപ്പെടുമായിരുന്നു.അതുകൊണ്ടാണ് അദ്ദേഹം തിടുക്കപ്പെട്ട് രാജിവെച്ചത് .അതോടെ എൽ ഡി എഫി നു നിയമസഭയിൽ ഒരു സീറ്റ് കുറഞ്ഞു.
പാർട്ടി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയിൽ നിന്ന് അൻവർ അംഗത്വം സ്വീകരിച്ചതായി തൃണമൂൽ കോൺഗ്രസ് അറിയിച്ചിരുന്നു. പാർട്ടി പ്രവേശനത്തിന് മുന്നോടിയായി തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയുമായി അൻവർ ഫോണിൽ സംസാരിച്ചിരുന്നു.
തൃണമൂലിൻ്റെ കേരള കോ-ഓർഡിനേറ്റർ സ്ഥാനം അൻവറിന് നൽകുമെന്നാണ് വിവരം. മമത ബാനർജിയെ കേരളത്തിൽ എത്തിച്ച് റാലിക്കും അൻവറിന് പദ്ധതിയുണ്ടെന്നാണ് വിവരം.
നേരത്തെ കോൺഗ്രസിൽ ചേരാനുള്ള ശ്രമങ്ങൾ അൻവർ നടത്തിയെങ്കിലും ഇത് വിജയം കണ്ടിരുന്നില്ല. യുഡിഎഫിലേക്ക് എത്താനുള്ള നീക്കവും അൻവർ നടത്തി. ലീഗിന്റെ പിന്തുണ അൻവറിന് ലഭിച്ചിരുന്നെങ്കിലും യുഡിഎഫ് പ്രവേശനത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിലാണ് തൃണമൂലിലേക്ക് അൻവർ നീങ്ങിയത്.
Recent Comments