നിയമസഭാ സമ്മേളനം ഇന്ന് (ഒക്ടോബർ 7 ) പുനരാരംഭിക്കാനിരിക്കെ എഡിജിപി എം.ആര്. അജിത്കുമാറിനെ ക്രമസമാധാനചുമതലയില്‍ നിന്ന് നീക്കി. അതേസമയം സായുധ പൊലീസ് ബറ്റാലിയന്റെ ചുമതലയിൽ അദ്ദേഹം തുടരും. ആര്‍എസ്എസ് ദേശീയ നേതാക്കളുമായുള്ള കൂടിക്കാഴ്ച ഉൾപ്പെടെ ഗുരുതരമായ ആരോപണങ്ങള്‍ ഉള്‍പ്പെടുന്ന അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചത് .
പരാതിക്ക് പിന്നാലെ നടന്ന അന്വേഷണങ്ങളിൽ എഡിജിപി കുറ്റക്കാരനാണെന്നാണ് വിലയിരുത്തൽ. ആരോപണങ്ങൾ കണക്കിലെടുത്ത് അന്വേഷണം തുടരാനും തീരുമാനിച്ചു. എഡിജിപി മനോജ് എബ്രഹാമിനാണ് ക്രമസമാധാന ചുമതല. മനോജ് എബ്രഹാം ചുമതല വഹിച്ചിരുന്ന ഇന്റലിജൻസ് മേധാവിയുടെ സ്ഥാനം ഒഴിച്ചിട്ടിരിക്കുകയാണ്.
റിപ്പോര്‍ട്ട് സര്‍ക്കാറിന് കൈമാറിയ ശേഷം കാര്യങ്ങള്‍ വിശദീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവി ഷേയ്ഖ് ദര്‍വേസ് സാഹെബും ആഭ്യന്തര സെക്രട്ടറിയും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയെയെയും അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയെയും മുഖ്യമന്ത്രി ക്ലിഫ് ഹൗസിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ഡിജിപി മുഖ്യമന്ത്രിയെ കാണാന്‍ സമയം തേടിയതിന് പിന്നാലെയാണ് ശശിയും അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനും ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
എം ആർ അജിത് കുമാറിനെ ഒഴിവാക്കണമെന്ന് ആദ്യം പി വി അൻവർ എംഎൽഎയും പിന്നീട് ഇടതുമുന്നണിയിലെ സിപിഐയും ശക്തമായി സമ്മർദ്ദം ചെലുത്തിയിരുന്നു .അജിത്കുമാറിനെ മാറ്റാത്തതുകൊണ്ടാണ് അൻവർ ഇടതുമുന്നണി വിട്ടത്
Recent Comments