ഒരു പ്രദേശം മുഴുവന്‍ അടക്കി വാഴുന്ന കുറ്റവാളി. പോലീസിനു പോലും കടന്നു ചെല്ലാന്‍ കഴിയാത്ത സ്ഥലത്താണ് അയാള്‍ താമസിക്കുന്നത്. അവയവ മാഫിയയെ നിയന്ത്രിക്കുന്നത് അയാളാണ്. ‘ഹിഡുമ്പ’ എന്ന തെലുങ്ക് ചിത്രത്തിലെ രാജീവ് പിള്ളയുടെ ബോയ എന്ന കഥാപാത്രത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. തെലുങ്ക് മണ്ണില്‍ തരംഗമായി മാറിയ ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ കാന്‍ ചാനലിനോട് രാജീവ് പിള്ള മനസു തുറക്കുന്നു.
ഈ ചിത്രത്തിലേക്ക് എങ്ങനെയാണ് വരുന്നത്?
ഈ സിനിമയുടെ സംവിധായകന് അനീല്‍ കണ്ണേഗണ്ടിക്കും നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന അശ്വിന് ബാബുവിനും എന്നെ നേരത്തെ പരിചയം ഉണ്ടായിരുന്നു. അങ്ങനെയാണ് ഈ സിനിമയിലേക്ക് ഞാന്‍ വരുന്നത്.
‘ഹിഡുമ്പ’ കഥാപാത്രത്തിന്റെ സ്വഭാവം എങ്ങനെയാണ്?
ഒരു പ്രദേശം അടക്കി വാഴുന്ന ഒരു ഡോണ്‍ ആണ് എന്റെ കഥാപാത്രം. പോലീസിനു പോലും കടന്നു വരാന്‍ കഴിയാത്ത പ്രദേശത്താണ് അയാള്‍ താമസിക്കുന്നത്. അവയവ മാഫിയ പോലൊരു സംഘത്തെ നിയന്ത്രിക്കുന്ന ആളാണ് അയാള്‍. ചിത്രത്തില്‍ മുഴുനീള കഥാപാത്രമാണ് എന്റേത്.
തെലുങ്കില്‍ മികച്ച വേഷം ലഭിച്ചിട്ടുണ്ട്, തമിഴിലും വലിയ സിനിമകളുടെ ഭാഗമായിട്ടുണ്ട്. മലയാളത്തില്‍ ഇതുപോലുള്ള മികച്ച അവസരങ്ങള്‍ ലഭിച്ചിട്ടുണ്ടോ? എങ്ങനെയാണ് സ്വയം വിലയിരുത്തുന്നത്.
മലയാളത്തില്‍ സിറ്റി ഓഫ് ഗോഡ്, ഒരു മുത്തശ്ശിഗഥ എന്നീ രണ്ട് സിനിമകളില്‍ മാത്രമേ എനിക്ക് അവസരം കിട്ടിയിട്ടുള്ളൂ. വേറെ ഒന്നിലും എന്നെ പ്രൂവ് ചെയ്യാനുള്ള അവസരം കിട്ടിയിട്ടില്ല.
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ഭാഗമാണല്ലോ? അതിലൂടെ മലയാള സിനിമയില്‍ സൗഹൃദങ്ങള്‍ ഉണ്ടായിട്ടുണ്ടല്ലോ. അത് സിനിമയില്‍ ഗുണം ചെയ്തിട്ടുണ്ടോ?
ആദ്യത്തെ സീസണില്‍ മാത്രമാണ് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗുകൊണ്ട് ഗുണമുണ്ടായത്. അതുകൊണ്ട് പ്രിയദര്ശന് സാറിന്റെ ഒരു ഹിന്ദി പടം കിട്ടി. മലയാളത്തില്‍ എനിക്ക് അത് ദോഷം മാത്രമേ ചെയ്തിട്ടുള്ളൂ. 90 ശതമാനം സംവിധായകരുടെയും വിചാരം ഞാന്‍ ക്രിക്കറ്റ് കളിച്ച് സിനിമയില്‍ വന്നതാണെന്നാണ്. ഇന്ത്യയിലെ ഏറ്റവും നല്ല സംവിധായകരിലൊരാളായ ലിജോ ജോസ് പെല്ലിശേരിയുടെ സിനിമയില്‍ പ്രിഥ്വിരാജിനെക്കാള്
എനിക്ക് കൂടുതല്‍ സ്ക്രീന്‍ സ്പേസ് ഉള്ള സിനിമയാണ് സിറ്റി ഓഫ് ഗോഡ്. അത് ആളുകള്‍ മനപ്പൂര്‍വം മറക്കും. ക്രിക്കറ്റ് കളിച്ചതുകൊണ്ട് മാത്രം.
ഗിരീഷ് കര്‍ണാടുമായി താങ്കള്‍ക്ക് ബന്ധം ഉണ്ടായിരുന്നല്ലോ? ഗിരീഷ് കര്ണാടുമായിട്ടുള്ള വ്യക്തിബന്ധം എങ്ങനെയുള്ളതായിരുന്നു? നാടകം എങ്ങനെയാണ് സിനിമാ ജീവിതത്തിന് ഗുണം ചെയ്തിട്ടുള്ളത്?
നാടകത്തില്‍ അഭിനയിച്ചതുകൊണ്ട് രണ്ട് രീതിയിലുള്ള ഗുണങ്ങള്‍ ചെയ്തിട്ടുണ്ട്. ഇന്‍ഹിബിഷന്‍സ് എടുത്തു കളയും ഇംപ്രൊവൈസ് ചെയ്യാന്‍ സഹായിക്കും കൂടാതെ പ്രസന്‍സ് ഓഫ് മൈന്‍ഡ് കിട്ടുകയും ചെയ്യും. ഗിരീഷ് കര്‍ണാട് എന്നോട് വാത്സല്യപൂര്‍വമാണ് പെരുമാറിയിട്ടുള്ളത്. എന്നെ ആദ്യത്തെ നായകനായിട്ടുള്ള ഹിന്ദി സിനിമക്ക് റഫര്‍ ചെയ്തതുപോലും അദ്ദേഹമാണ്. എപ്പോള്‍ കാണുമ്പോഴും സ്നേഹവും വാത്സല്യവും തരുന്ന വ്യക്തിയായിരുന്നു അദ്ദേഹം.
മലയാളത്തില്‍ കൂടുതല്‍ ചെയ്തതും വില്ലന്‍ വേഷങ്ങളാണല്ലോ? ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടതായി തോന്നുന്നുണ്ടോ? എങ്ങനെയുള്ള കഥാപാത്രങ്ങള്‍ ചെയ്യാനാണ് താല്പര്യം?
മലയാളത്തില്‍ കഴിഞ്ഞ മൂന്ന് കൊല്ലമായി ഞാന്‍ സിനിമകള്‍ ചെയ്തിട്ടില്ല. മലയാളത്തില്‍ ഒരു നായക വേഷം നല്കുകയാണെങ്കില് ഞാന്‍ 76-ാമത്തെ ഓപ്ഷനാണ്. വില്ലന്‍ വേഷമാണെങ്കില്‍ ഞാന്‍ 55-ാമത്തെ ഓപ്ഷനാണ്. ക്യാരക്ടര്‍ വേഷത്തിനാണെങ്കില് ഞാന്‍ 35-ാമത്തെ ഓപ്ഷനാണ്. രണ്ട് മിനിറ്റ് വന്നു പോകുന്ന ആളാണെങ്കില്‍ ഞാന്‍ അഞ്ച് ഓപ്ഷനില്‍ അവസാനത്തെ ആളാണ്. അതുകൊണ്ടാണ് ഞാന്‍ മലയാളത്തില്‍ അഭിനയിക്കാത്തത്.
സിനിമയിലെ കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്നത് എങ്ങനെയാണ്? അതിന് എന്തെങ്കിലും മാനദണ്ഡങ്ങളുണ്ടോ?
ഒരു അഭിനേതാവ് എന്ന നിലയില്‍ എന്നെ പ്രൂവ് ചെയ്യുന്ന ഒരു കഥാപാത്രത്തെ മലയാളത്തില്‍ അവതരിപ്പിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. ഞാനുമായി സൗ?ഹൃദമുള്ള ഒന്നു രണ്ട് സംവിധായകരുടെ സിനിമകളില്‍ ഗസ്റ്റ് ആയി വന്നു പോകുന്ന കഥാപാത്രത്തെയാണ് മൂന്ന് കൊല്ലം മുന്‍പ് ഞാന്‍ ചെയ്തിരിക്കുന്നത്. അന്യഭാഷകളിലാണ് എനിക്ക് നല്ല വേഷങ്ങള്‍ കിട്ടുന്നത്. അവര്‍ എനിക്ക് നല്ല വേഷങ്ങള്‍ തരുന്നുമുണ്ട് നല്ല പ്രതിഫലം തരുന്നുമുണ്ട്.
സിനിമാ തിരക്കുകള്‍ക്കിടയിലും ശരീര സൗന്ദര്യം നിലനിര്‍ത്താന്‍ സമയം കണ്ടെത്തുന്നത് എങ്ങനെയാണ്?
ഡെഡിക്കേഷന് ഉണ്ടെങ്കില്‍ മാത്രമേ ശരീര സൗന്ദര്യം നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂ. അത് വര്‍ഷത്തില്‍ ഒന്നോ രണ്ടോ മാസമല്ല. എല്ലാ ദിവസവും പരിശ്രമിച്ചാല്‍ മാത്രമേ അതിന് സാധിക്കൂ. ഏത് മനുഷ്യനും അതിന് സാധിക്കും. ഡെഡിക്കേഷന് ഉണ്ടായാല്‍ മതി. ദൗര്‍ഭാഗ്യവശാല്‍ ഇന്ത്യന്‍ സിനിമയില്‍ അത്തരം ആളുകള്‍ കുറവാണ്. ശരീരം ഫിറ്റാക്കിയ ശേഷം വീഡിയോ താരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കാറുണ്ട്. എന്നാല്‍ വര്‍ഷത്തില്‍ എല്ലാ ദിവസവും അതേ ശരീര ഭംഗി തങ്ങള്‍ക്കുണ്ടെന്ന് അവര്‍ക്ക് പറയാന്‍ കഴിയുമോ? ഇന്നത്തെ ടെക്നോളജിയും മരുന്നുകളും ഉപയോഗിച്ച് ഒരാൾ മനസിരുത്തി വ്യായാമം ചെയ്തു കഴിഞ്ഞാൽ രണ്ട് മാസംകൊണ്ട് അയാൾക്ക് ശരീരം ഉണ്ടാക്കാം. പക്ഷേ അത് നിലനിർത്താൻ ആ മരുന്നുകൾ അവരെ സഹായിക്കില്ല. നിലനിർത്താനുള്ള മരുന്നുകൾ ഉപയോഗിച്ചാൽ അയാൾ മരണപ്പെടും. മരണകാരണം പലതാകാം. ശരീരം ഉണ്ടാക്കുകയെന്നത് എളുപ്പമുള്ള പ്രൊസസായി മാറിയിരിക്കുകയാണ് ഇന്നത്തെക്കാലത്ത്.
സാല്‍മണ്‍ 3ഡി സിനിമ ആണല്ലോ? സാധാരണ സിനിമയില്‍ നിന്നും അഭിനേതാവ് എന്ന നിലയില്‍ എന്തെങ്കിലും പുതുമ അനുഭവപ്പെട്ടിട്ടുണ്ടോ?
ത്രി ഡി സിനിമകളില്‍ അധികം ഒന്നു രണ്ട് ഷോട്ടുകള്‍ വരുന്നൂ എന്നല്ലാതെ മറ്റ് മാറ്റങ്ങളൊന്നുമില്ല. ത്രി ഡി സിനിമയുടെ സംവിധായകന് ഞാൻ നന്ദി പറഞ്ഞിരുന്നു. വളരെ കുറച്ച് സംവിധായകർ മാത്രമേ എന്നെ ഇവിടെ കാസ്റ്റ് ചെയ്യാറുള്ളൂ.
Recent Comments