തിരുവനന്തപുരം കാര്യവട്ടം ഗവ. കോളേജില്‍ റാഗിങ്ങിന് ഇരയായി എന്ന ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയുടെ പരാതിയില്‍ ഏഴു വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തു. വിദ്യാര്‍ഥിയെ പിടിച്ചുകൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ റാഗിങ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് വിദ്യാര്‍ഥികളെ അന്വേഷണ വിധേയയമായി സസ്പെന്‍ഡ് ചെയ്തത്. ബയോടെക്നോളജി ഒന്നാം വര്‍ഷ വിദ്യാര്‍ഥി ബിന്‍സ് ജോസിന്റെ പരാതിയില്‍ കഴക്കൂട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് കോളജിന്റെ നടപടി. വേലു, പ്രിന്‍സ്, അനന്തന്, പാര്ഥന്, അലന്, ശ്രാവണ്‍, സല്മാന് എന്നിവരാണ് സസ്പെന്‍ഷനിലായ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍.
വിദ്യാര്‍ഥിയുടെ പരാതിയില്‍ അന്വേഷണം നടത്തിയ കോളജിലെ ആന്റി -റാഗിങ് കമ്മിറ്റിയാണ് റാഗിങ് നടന്നതായി സ്ഥിരീകരിച്ചത്. മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളായ ഏഴുപേര്‍ക്കെതിരെയാണ് വിദ്യാര്‍ഥി പരാതി നല്‍കിയത്. സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും പരിശോധിച്ചാണ് സമിതി റാഗിങ് നടന്നതായി കണ്ടെത്തിയത്. കഴിഞ്ഞ 11-ാം തീയതി സീനിയര്‍ ജൂനിയര്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ അടിപിടി നടന്നിരുന്നു. ബിന്‍സ് ജോസിന്റെ സുഹൃത്തായ അഭിഷേകിന് സീനിയര്‍ വിദ്യാര്‍ഥികളുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റു. ഇരുകൂട്ടരുടെയും പരാതിയില്‍ അന്ന് കഴക്കൂട്ടം പൊലീസ് കേസെടുക്കുകയും ചെയ്തു.
അഭിഷേകിനെ അന്വേഷിച്ചെത്തിയ സീനിയര്‍ വിദ്യാര്‍ഥികള്‍ ബിന്‍സിനെ പിടിച്ചു കൊണ്ടു യൂണിറ്റ് റൂമില്‍ കൊണ്ടുപോയി സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നാണ് പരാതി. ഷര്‍ട്ട് വലിച്ചു കീറി മുട്ടുകാലില്‍ നിര്‍ത്തി മുതുകിലും ചെകിടത്തും അടിച്ചു. തറയില്‍ വീണ ബിന്‍സിനെ വീണ്ടും മര്‍ദ്ദിച്ചു. വെള്ളം ചോദിച്ചപ്പോള്‍ തുപ്പിയ ശേഷം കുപ്പിവെള്ളം നല്‍കിയതായും ബിന്‍സ് പറയുന്നു. പിന്നാലെയാണ് ബിന്‍സ് കഴക്കൂട്ടം പൊലീസിലും പ്രിന്‍സിപ്പലിനും പരാതി നല്‍കിയത്.
Recent Comments