സിനിമ കഴിഞ്ഞാല്‍ റഹ്മാന് ഏറ്റവും പ്രിയപ്പെട്ട വിനോദമാണ് സ്പോര്‍ട്ട്സ്. ബാറ്റ്മിന്റനും ടേബിള്‍ ടെന്നീസുമാണ് അദ്ദേഹത്തിന്റെ ഇഷ്ട ഇനങ്ങള്‍. മികച്ച പ്ലെയററുമാണ. ബാക്ക് പെയിനിനെത്തുടര്ന്നാണ് ബാറ്റ്മിന്റനില്നിന്നും ടേബിള്‍ ടെന്നീസില്‍നിന്നും പതിയെ പിന്മാറി തുടങ്ങിയത്. തുടര്‍ന്ന് സ്നൂക്കറില്‍ ശ്രദ്ധ വയ്ക്കാന്‍ തുടങ്ങി. ചെന്നൈയിലെ പ്രശസ്തമായ എം.ആര്.സി. ക്ലബ്ബിലെ മികച്ച സ്നൂക്കര്‍ താരങ്ങളില്‍ ഒരാള്‍കൂടിയാണ് റഹ്മാന് ഇന്ന്. 15 വര്‍ഷം മുമ്പാണ് അദ്ദേഹം സ്നൂക്കറില്‍ പരിശീലനം നേടുന്നത്.
കഴിഞ്ഞ ബക്രീദ് ദിനത്തില്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന സ്നൂക്കര്‍ ടൂര്‍ണമെന്റില്‍ റഹ്മാനും പങ്കെടുത്തു. ഏറെ ശ്രദ്ധയും അത്രയേറെ മനസ്സാന്നിദ്ധ്യവും വേണ്ട ഗെയിമുകളില്‍ ഒന്നുകൂടിയാണ് സ്നൂക്കര്‍. പൊന്നിയിന്‍ സെല്‍വനടക്കം മൂന്ന് സിനിമകളുടെ ഡബ്ബിംഗിനിടയില്നിന്ന് സമയം കണ്ടെത്തിയാണ് അദ്ദേഹം ടൂര്‍ണമെന്റില്‍ പങ്കെടുക്കാനെത്തിയത്. എന്നിട്ടും സിംഗിള്‍സില്‍ മൂന്നാംസ്ഥാനം ഡബിള്‍സില്‍ ചാമ്പ്യന്‍ഷിപ്പും സ്വന്തമാക്കി. മലയാളികൂടിയായ ദിലീപ്കുമാറായിരുന്നു ഡബിള്‍സില്‍ അദ്ദേഹത്തിന്റെ പങ്കാളി. എം.ആര്.സി. ക്ലബ്ബിന്റെ ചെയര്മാന് എം.എ.എം.ആര്. മുത്തയ്യയാണ് അദ്ദേഹത്തിന് സമ്മാനം നല്‍കിയത്. സമ്മാനദാന ചടങ്ങില്‍വച്ച് തനിക്കുവേണ്ടി സ്വന്തം സ്ലോട്ട് ഒഴിഞ്ഞുതന്ന മുത്തയ്യയുടെ സ്പോര്‍ട്ട്സ് മാന്‍ സ്പിരിറ്റിന്റെ ഓര്‍മ്മകളും റഹ്മാന് പങ്കുവച്ചു.
‘ഞാന്‍ അന്ന് എം.ആര്.സി. ക്ലബ്ബില്‍ ചേര്‍ന്ന സമയം. അന്ന് മുത്തയ്യ സാറിന്റെ അച്ഛനായിരുന്നു ചെയര്മാന്. ആയിടെ ഒരു ടൂര്‍ണമെന്റും നടന്നു. ഷൂട്ടിംഗ് തിരക്കിലായതിനാല്‍ എനിക്ക് പേര് കൊടുക്കാന്‍ കഴിഞ്ഞിരുന്നില്ല. അന്ന് മുത്തയ്യ സാറ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നുണ്ടായിരുന്നു. ഞാന്‍ പങ്കെടുക്കാത്തതിന്റെ കാരണം അദ്ദേഹം തിരക്കി. പേര് കൊടുക്കാന്‍ വിട്ടുപോയതാണെന്നറിഞ്ഞപ്പോള് സ്വന്തം സ്ലോട്ട് അദ്ദേഹം എനിക്കുവേണ്ടി ഒഴിഞ്ഞുതന്നു. അന്ന് ആദ്യ ഗെയിമില്‍തന്നെ പരാജയം സംഭവിച്ചുവെങ്കിലും ഇപ്പോള്‍ അദ്ദേഹത്തിന്റെ കയ്യില്‍നിന്ന് സമ്മാനം ഏറ്റുവാങ്ങാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു.’ റഹ്മാന് കാന്‍ ചാനലിനോട് പറഞ്ഞു.
Recent Comments