2020 സെപ്തംബര്‍ 23 (1196 കന്നി 7 ബുധനാഴ്ച) പകല്‍ 1 മണി 30 മിനിട്ടിന് രാഹു ഇടവത്തിലേക്കും
പകല്‍ 1 മണി 30 മിനിട്ടിന് കേതു വൃശ്ചികത്തിലേക്കും പകരുന്നു.
തൃക്കേട്ട നക്ഷത്രത്തിലാണ് പകര്‍ച്ച സംഭവിക്കുന്നത്.
പൊതുസ്വഭാവം
രാഹു കേതുക്കള്‍ ഒന്നര വര്‍ഷം ഒരു രാശിയില്‍ നില്ക്കും. മറ്റ് ഗ്രഹങ്ങളെപ്പോലെ രാശിചക്രത്തില്‍ ഇവര്‍ക്ക് പ്രത്യേക ക്ഷേത്രങ്ങള്‍ ഇല്ല. എങ്കിലും രാഹുവിന് ഇടവത്തിലും, കേതുവിന് വൃശ്ചികം രാശിയിലും കൂടുതല്‍ ബലം ലഭിക്കുന്നു. രാഹു കേതുക്കള്‍ ഏതേത് രാശികളില് ഏതേത് ഗ്രഹങ്ങളോട് ചേര്‍ന്ന് നില്ക്കുന്നുവോ അതത് ഗ്രഹങ്ങള്ക്കനുസരിച്ചുള്ള ഗുണദോഷങ്ങള്‍ അനുഭവപ്പെടും. ഇക്കാലയളവില്‍ ഓരോരുത്തര്‍ക്കും അനുഭവപ്പെടാവുന്ന സാമാന്യ ഫലങ്ങളും ലഘു പരിഹാരങ്ങളും.
മേടക്കൂറുകാര്‍ ധനപരമായ കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തണം
അശ്വതി, ഭരണി, കാര്‍ത്തിക 1-ാം പാദത്തില്‍ ജനിച്ചവരാണ് മേടക്കൂറുകാര്‍. ഈ കൂറുകാരെ സംബന്ധിച്ചിടത്തോളം രാഹു രണ്ടിലും കേതു എട്ടിലും സഞ്ചരിക്കുന്നു.
ധനപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ വളരെയധികം ശ്രദ്ധ ചെലുത്തണം. സഹപ്രവര്‍ത്തകരോ, കൂട്ടുകാരോ മറ്റും വായ്പയെടുക്കുമ്പോള്‍ ജാമ്യം നില്ക്കുവാന് പാടില്ല. ബന്ധുജനങ്ങളില്‍നിന്നും കുടുംബകാര്യങ്ങളില്നിന്നും അകന്നുനില്ക്കും. കൂട്ടുപങ്കാളിത്ത രീതിയില്‍ സംരംഭം തുടങ്ങുവാന്‍ നല്ല സമയമല്ല. മറ്റുള്ളവരുമായി സംസാരിക്കുമ്പോള്‍ വാക്കുകള്‍ പ്രയോഗിക്കുന്നതില്‍ ശ്രദ്ധിക്കണം. ചെവി സംബന്ധമായ രോഗങ്ങള്‍ക്ക് സാധ്യതയുണ്ട്.
പരിഹാരം: സര്‍പ്പാരാധന, സര്പ്പക്കാവില് മഞ്ഞള്‍പ്പൊടി സമര്‍പ്പണം.
ഇടവക്കൂറുകാര്‍ ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തണം
കാര്‍ത്തിക 2, 3, 4 പാദങ്ങളിലും, രോഹിണി, മകയിരം 1, 2 പാദങ്ങലും ജനിച്ചവരാണ് ഇടവക്കൂറുകാര്‍. ലഗ്നത്തില്‍ രാഹുവും ഏഴില്‍ കേതുവും ഈ കൂറുകാരില്‍ സഞ്ചരിക്കുന്നു.
ത്വക് സംബന്ധമായ രോഗങ്ങളോ, ശാരീരികമായ പ്രയാസങ്ങളോ ഉണ്ടാകാം. മനക്കരുത്തോടെ മാനസിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണം. ആരോഗ്യപരമായ കാര്യങ്ങളില്‍ വളരെ ശ്രദ്ധ കൊടുക്കേണ്ട കാലമാണ്. ജീവിതത്തില്‍ പാലിച്ചുപോരുന്ന പല ആശയങ്ങളില്‍നിന്നും വ്യതിചലിച്ചു തീരുമാനങ്ങള്‍ എടുക്കേണ്ടിവരും. ബന്ധുമിത്രാദികളുടെ അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുക്കേണ്ടതായിവരും. ദാമ്പത്യജീവിതം സുഖകരമായിരിക്കും
പരിഹാരം: നാഗരാജക്ഷേത്രദര്ശനം, നൂറുംപാലും കഴിക്കുക, ശിവഭജനം തുടങ്ങിയവ ചെയ്യുക.
മിഥുനക്കൂറുകാര്‍ ആരോഗ്യകാര്യങ്ങള്‍ക്ക് ധനം ചെലവഴിക്കേണ്ടിവരും
മകയിരം 3, 4 പാദങ്ങളിലും തിരുവാതിര, പുണര്‍തം 1, 2, 3 പാദങ്ങളിലും ജനിച്ചവരാണ് മിഥുനക്കൂറുകാര്‍. ഈ കൂറില്‍ ജനിച്ചവര്‍ക്ക് പന്ത്രണ്ടില്‍ രാഹുവും ആറില്‍ കേതുവും സഞ്ചരിക്കുന്നു.
രോഗചികിത്സയ്ക്കായി ധനം ചെലവഴിക്കേണ്ടി വരും. വൈദ്യവിദ്യാ പഠനത്തില്‍ ഉള്ളവര്‍ക്ക് തടസ്സങ്ങളോ പ്രയാസങ്ങളോ ഉണ്ടാകും. വായുസംബന്ധമായ രോഗത്തിന് സാധ്യതയുണ്ട്. മദ്യത്തിനോടും ലഹരിപദാര്‍ത്ഥങ്ങളോടും ആസക്തി വര്‍ദ്ധിക്കും. മനോസുഖം നേടാന്‍ പുതിയ മാര്‍ഗ്ഗങ്ങള്‍ തേടും. മുന്‍കാലങ്ങളേക്കാളും ചെലവ് വര്‍ദ്ധിക്കുവാന്‍ ഇടയുണ്ട്. സഹോദരസഹായങ്ങള് നിര്‍ലോപം ലഭിക്കും. അധികമുള്ള ധനം പ്രലോഭനങ്ങള്‍ക്ക് വഴങ്ങാതെ സ്ഥായിയായിട്ടുള്ള സ്ഥാപനങ്ങളില്‍ നിക്ഷേപിക്കുക. സമ്പത്ത് ഉണ്ടാക്കുവാനുള്ള വ്യഗ്രത വിജയിക്കണമെന്നില്ല.
പരിഹാരം: സര്പ്പസങ്കേതങ്ങളില് ദര്‍ശനം, പാട്ടു പാടിക്കുക.
കര്‍ക്കിടകക്കൂറുകാര്‍ക്ക് സാമ്പത്തിക പുരോഗതി കൈവരും
പുണര്‍തം 4-ാം പാദത്തിലും പൂയം, ആയില്യം നാളുകളില്‍ ജനിച്ചവരാണ് കര്ക്കിടകകൂറുകാര്. ഈ കൂറുകാര്‍ക്ക് രാഹു പതിനൊന്നിലും കേതു അഞ്ചിലും സഞ്ചരിക്കുന്നു.
അപ്രതീക്ഷിതമായി പല ഗുണങ്ങളും വന്നുചേരുന്ന സമയമാണ്. സാമ്പത്തിക പുരോഗതി കൈവരും. പുതിയ ജോലിയില്‍ ചേരുവാനോ നിലവില്‍ ഉള്ളതില്‍ ഉയര്‍ച്ച ഉണ്ടാകുവാനോ ഉള്ള അവസരം ലഭിക്കും. കളത്രസുഖം വര്‍ദ്ധിക്കും. എന്നാല്‍ ഭൂമിയിടപാടുകളില്‍ വളരെയധികം ശ്രദ്ധ വേണം. ബന്ധുമിത്രാദികളുടെ സഹായസഹകരണം ലഭിക്കും.
പരിഹാരം: ശിവഭജനം, ശിവക്ഷേത്രദര്‍ശനം.
ചിങ്ങക്കൂറുകാര്‍ക്ക് കര്‍മ്മ മേഖലകളില്‍ അഭിവൃദ്ധിയുണ്ടാകും.
മകം, പൂരം, ഉത്രം 1-ാം പാദത്തില്‍ ജനിച്ച നക്ഷത്രക്കാരാണ് ചിങ്ങക്കൂറുകാര്‍. ഈ കൂറുകാര്‍ക്ക് രാഹു പത്തിലും കേതു നാലിലും സഞ്ചരിക്കുന്നു.
ഔഷധം കൈകാര്യം ചെയ്യുന്ന മേഖലകളില്‍ അഭിവൃദ്ധിയും ലാഭവും ലഭിക്കും. ത്വക് രോഗങ്ങള്‍ക്ക് ശമനം ലഭിക്കും. ഉപരിപഠനത്തിനുള്ള സാഹചര്യം ഉളവാകും. ഗൃഹവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍കൂടി ദുഃഖം ഉണ്ടാകും. ഗൃഹത്തില്നിന്നും അകന്നു നില്‍ക്കേണ്ട സാഹചര്യം ഉണ്ടാകും. ക്ഷൂദ്രജീവികളില്നിന്നും ഭയം ഉണ്ടാകും.
പരിഹാരം: ശിവഭജനം, ശിവക്ഷേത്രദര്‍ശനം.
കന്നിക്കൂറുകാര്‍ക്ക് അകാരണമായ മനോവിഷമമുണ്ടാവും
ഉത്രം 2, 3, 4 പാദങ്ങളിലും, അത്തം, ചിത്തിര 1, 2 പാദങ്ങളിലും ജനിച്ചവരാണ് കന്നിക്കൂറുകാര്‍. ഇവരില്‍ രാഹു ഒന്‍പതിലും കേതു മൂന്നിലും സഞ്ചരിക്കുന്നു.
ഉദ്ദേശകാര്യങ്ങള്‍ പലതും നേടിയെടുക്കുവാന്‍ സാധിക്കുമെങ്കിലും ചിലയിടങ്ങളില്‍ പരാജയം സംഭവിക്കാം. മനോവിഷമം ഉണ്ടാകുന്ന സന്ദര്‍ഭങ്ങള്‍ ധാരാളമായി ഉണ്ടാകും. ഗാര്‍ഹികമായി സ്വസ്ഥത ലഭിക്കുന്ന കാലമാണ്. കടം കൊടുത്ത തുക കിട്ടാത്തതുമൂലം കടുത്ത നിരാശയുണ്ടാകും.
പരിഹാരം: സര്പ്പസങ്കേതത്തില് വിളക്ക് തെളിയിക്കുക. സര്‍പ്പ ആരാധന നടത്തുക
തുലാക്കൂറുകാര്‍ക്ക് രോഗാദിദുരിതങ്ങള്‍ ഉണ്ടാകും
ചിത്തിര 3, 4 പാദങ്ങളിലും ചോതി, വിശാഖം 1, 2, 3 പാദങ്ങളിലും ജനിച്ചവരാണ് തുലാക്കൂറുകാര്‍. ഇക്കൂട്ടര്‍ രോഗാദിദുരിതങ്ങള്ക്കെതിരെ ജാഗ്രത വേണം. കുടുംബകാര്യങ്ങള്‍ക്കായി അനാവശ്യ ചെലവുകള്‍ വന്നുചേരും. അന്യഭാഷാ പഠനം മുടങ്ങുവാന്‍ ഇടയുണ്ട്. വിതരണമേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ശുഭകരമായ കാര്യമല്ല. ഗൃഹസ്വസ്ഥത കുറയും.
പരിഹാരം: സര്‍പ്പക്ഷേത്രത്തില്‍ സര്‍പ്പരൂപം നടയ്ക്ക് വയ്ക്കുക. നൂറുംപാലും കഴിക്കുക.
വൃശ്ചികക്കൂറുകാര്‍ക്ക് കര്‍മ്മമേഖലയില്‍ മാനസികാഘാതം ഉണ്ടാകും
വിശാഖം 4-ാം പാദത്തിലും അനിഴം, തൃക്കേട്ട എന്നീ നാളുകളില്‍ ജനിച്ചവരാണ് വൃശ്ചികക്കൂറുകാര്‍. ഈ കൂറുകാരില്‍ രാഹു ഏഴിലും കേതു ലഗ്നത്തിലും ചാരവശാല്‍ സഞ്ചരിക്കുന്നു.
കളത്രസുഖഹാനി ഉണ്ടാകും. ഉദ്ദേശകാര്യങ്ങള്ക്ക് തടസ്സം നേരിടാം. ദുഷ്പ്രവൃത്തികള്‍ മൂലം കര്‍മ്മമേഖലകളിലെ പ്രശ്നങ്ങള്‍ക്ക് മാനസിക ആഘാതം സൃഷ്ടിക്കും. ശാരിരിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നുള്ള തോന്നല്‍ ക്രിയാത്മകമായ പ്രവര്‍ത്തികളെ ബാധിക്കും. സ്വയം എടുക്കുന്ന തീരുമാനങ്ങള്‍ ആപത്തിനെ വിളിച്ചുവരുത്തും. ഭാര്യവീടുമായിട്ടുള്ള ബന്ധത്തിന് വിള്ളല്‍ ഉണ്ടാകാം. മറ്റുള്ളവരുടെ ദുഷ്പ്രവര്ത്തിമൂലം മനോസുഖം കുറയും.
പരിഹാരം: നാഗരാജ ക്ഷേത്രദര്‍ശനം, നെയ്വിളക്ക് സമര്‍പ്പണം.
ധനുകൂറുകാര്‍ക്ക് തൊഴില്‍നേട്ടം ഉണ്ടാകും
മൂലം, പൂരാടം, ഉത്രാടം 1-ാം പാദത്തില്‍ ജനിച്ചവരാണ് ധനുക്കൂറുകാര്‍. ഇവരില്‍ രാഹു ആറിലും കേതു പന്ത്രണ്ടിലും സഞ്ചരിക്കുന്നു. തൊഴിലില്‍ പൂര്‍ണ്ണ നേട്ടങ്ങള്‍ ഉണ്ടാകും. മനോസുഖം വര്‍ദ്ധിക്കുവാനുള്ള അവസരങ്ങള്‍ വന്നുചേരും. ശാരിരകമായും മാനസികമായും ഉന്മേഷം ലഭിക്കും. വരുമാനംപോലെ തന്നെ അപ്രതീക്ഷിത ചെലവുകള്‍ വന്നുചേരും. ശത്രുക്കള്‍ കൂടുതലായി അടുപ്പം കാണിക്കും. ബന്ധുഗുണം പൂര്‍വ്വാധികം വര്‍ദ്ധിക്കും.
പരിഹാരം: ശിവക്ഷേത്രദര്‍ശനം, പഞ്ചാക്ഷരജപം, നവഗ്രഹപൂജ.
മകരക്കൂറുകാര്‍ പുതിയ സംരംഭങ്ങള്‍ തുടങ്ങരുത്
ഉത്രാടം 2, 3, 4 പാദങ്ങളിലും തിരുവോണം, അവിട്ടം 1, 2 പാദങ്ങളിലും ജനിച്ചവരാണ് മകരക്കൂറുകാര്‍. ഇവരില്‍ രാഹു അഞ്ചിലും കേതു പതിനൊന്നിലും സഞ്ചരിക്കുന്നു.
പുതിയ പ്രവര്‍ത്തനങ്ങളോ, സംരംഭങ്ങളോ തുടങ്ങുവാന്‍ അനുകൂലകാലമല്ല. എന്നാല്‍ മനസ്സറിയാതെ ചില ഗുണങ്ങള്‍ വന്നുചേരും. ധനപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ശ്രദ്ധിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിനുള്ള അവസരം ലഭിക്കും. ചികിത്സാരംഗത്ത് പ്രതീക്ഷിക്കുന്ന രീതിയില്‍ വളര്‍ച്ച ഉണ്ടാവുകയില്ല. വായുസംബന്ധമായ രോഗങ്ങളുടെ കടന്നാക്രമണം ഉണ്ടാകാം.
പരിഹാരം: നവഗ്രഹപൂജ.
കുംഭക്കൂറുകാര്‍ക്ക് മനഃക്ലേശമുണ്ടാകും
അവിട്ടം 3, 4 പാദങ്ങളിലും, ചതയം, പൂരുരുട്ടാതി 1, 2, 3 പാദങ്ങളിലും ജനിച്ചവരാണ് കുംഭക്കൂറുകാര്‍. ഈ കൂറുകാരില്‍ രാഹു നാലിലും കേതു പത്തിലും സഞ്ചരിക്കുന്നു.
മനഃക്ലേശം ഉണ്ടാകാം. നേട്ടങ്ങള്‍ ഉണ്ടാവുന്നതുപോലെതന്നെ കോട്ടങ്ങളും പിന്നാലെ പ്രതീക്ഷിക്കാം. വാണിജ്യ മേഖലകളില്‍ നിന്നുള്ള ആദായം കുറയാം. വിദ്യാരംഗം അത്ര ശോഭനമാകുകയില്ല. ധനപരമായ വിഷയങ്ങളില്‍ തീരുമാനമുണ്ടാകും.
പരിഹാരം: കുടുംബ സര്പ്പസങ്കേതത്തില് വഴിപാട് കഴിക്കുക.
മീനക്കൂറുകാര്‍ക്ക് സഹോദരസഹായം ലഭിക്കും
പൂരുട്ടാതി 4-ാം പാദത്തിലും, ഉത്തൃട്ടാതി, രേവതി എന്നീ നക്ഷത്രങ്ങളില്‍ ജനിച്ചവരാണ് മീനക്കൂറുക്കാര്. ഇവരില്‍ രാഹു മൂന്നിലും കേതു ഒന്‍പതിലും സഞ്ചരിക്കുന്നു.
ധനപരവും വിദ്യാഭ്യാസപരവുമായ നേട്ടങ്ങള്‍ കൈവരിക്കും. ബന്ധുമിത്രാതികളുമായി ചങ്ങാത്തത്തില്‍ കഴിയും. സഹോദരസഹായം ലഭിക്കും. കാര്യനിര്‍വ്വഹണത്തില്‍ കൂടുതല്‍ ഉത്സാഹം പ്രകടിപ്പിക്കും. ഇറങ്ങിത്തിരിക്കുന്ന പ്രവര്‍ത്തനമേഖലകളില്‍ വിജയം വരിക്കാന്‍ സാധിക്കും. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ കിട്ടേണ്ടത് കൈവിട്ടുപോകും.
പരിഹാരം: ശിവക്ഷേത്രദര്‍ശനം, പഞ്ചാക്ഷരിജപം.
Recent Comments