ബ്രിട്ടണിലെ ശതകോടീശ്വരനും പ്രമുഖ വ്യവസായിയുമായ രാജ് കുന്ദ്ര അറസ്റ്റിലായി എന്നതിനപ്പുറത്തേയ്ക്ക് അതിന് വാര്‍ത്താപ്രാധാന്യം കൈവന്നത് അദ്ദേഹം ബോളിവുഡ് ആക്ട്രസ് ശില്പാഷെട്ടിയുടെ ഭര്ത്താവായതുകൊണ്ടുകൂടിയാണ്. അതുകൊണ്ടാണ് തലയ്ക്കു മുകളില്‍ ഒരു തികഞ്ഞ വ്യവസായിയുടെ 24 കാരറ്റ് മഹിമയുണ്ടായിട്ടും മാധ്യമങ്ങള്‍ കുന്ദ്രയെ, ശില്പാഷെട്ടിയുടെ ഭര്‍ത്താവിന്റെ ലേബല്‍ നല്കി ഇപ്പോഴും വിശേഷിപ്പിച്ചുകൊണ്ടിരിക്കുന്നത്. പോരാത്തതിന് അത്രകണ്ട് ജനശ്രദ്ധ പിടിച്ചുപറ്റാവുന്ന ഒരു കുറ്റകൃത്യത്തിലുമാണ് അദ്ദേഹം ചെന്നുപെട്ടത്. അശ്ലീല വീഡിയോ നിര്‍മ്മാണം. അതിന് ഫണ്ടിംഗ് ചെയ്തുവെന്നതാണ് അദ്ദേഹത്തിനെതിരെയുള്ള ശക്തമായ കേസ്.
രാജ് കുന്ദ്രയെ വ്യക്തിപരമായി അറിയാവുന്നവരെല്ലാം ഈ വര്‍ത്ത കേട്ടപ്പോള്‍ ആദ്യമൊന്ന് ഞെട്ടി. പണത്തിനുവേണ്ടി അദ്ദേഹം ഈ കടുംകൈ ചെയ്യില്ലെന്ന് എല്ലാവരും വിശ്വസിച്ചു. പക്ഷേ കോടതിയില്‍ പോലീസ് നല്കിയ തെളിവുകള്‍ അതിശക്തമാണെന്ന് അറിഞ്ഞപ്പോള്‍ അദ്ദേഹത്തെ സപ്പോര്‍ട്ട് ചെയ്തവര്പോലും പിന്മാറുന്നതാണ് കണ്ടത്.
രാജ് കുന്ദ്രയുടെ കുടുംബവേരുകള്‍ മാത്രമേ ഇന്ത്യയിലുള്ളൂ. അദ്ദേഹം ജനിച്ചതും വളര്‍ന്നതും പഠിച്ചതുമെല്ലാം ലണ്ടനിലാണ്. അദ്ദേഹത്തിന് നിക്ഷേപങ്ങളില്ലാത്ത വ്യവസായസംരംഭങ്ങള്‍ (കണ്‍സ്ട്രക്ഷന്‍, ഖനനം, റെസ്റ്റോറന്റ്, സിനിമാനിര്‍മ്മാണം, സ്പോര്‍ട്ട്സ്, മെറ്റല്‍ ബിസിനസ്) ചുരുക്കമാണ്. അത്തരത്തില്‍ അദ്ദേഹം അതിസമ്പന്നനുമാണ്. അങ്ങനെയൊരാള്‍ അശ്ലീല വീഡിയോ നിര്‍മ്മാണത്തിന് ഫണ്ട് ചെയ്യുമോ എന്നാണ് എല്ലാവരെയും കുഴക്കിയത്.
പക്ഷേ, ഈ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞവര്‍ഷം ഗോവയില്‍വച്ച് ആദ്യമായി അറസ്റ്റിലായ നടി പൂനംപാണ്ഡെയുമായുള്ള രാജ് കുന്ദ്രയുടെ അതിരുകവിഞ്ഞ അടുപ്പം ഈ രംഗത്തേയ്ക്ക് കടന്നുവരുവാന്‍ അദ്ദേഹത്തെ നിര്ബ്ബന്ധിതനാക്കിയെന്ന് വിശ്വസിക്കുന്നവരുമുണ്ട്. ആ ചങ്ങലയിലെ മറ്റ് കണ്ണികളാണ് ഇപ്പോള്‍ അറസ്റ്റിലായ ഗെഹന വസിഷ്ഠയും റോയാ ഖാനും ഉള്‍പ്പെടെയുള്ളവര്‍. അവരെ ഈ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനിടയിലാണ് കുന്ദ്രയിലേയ്ക്കും പോലീസ് എത്തുന്നത്.
പോലീസില്‍ പരാതിപ്പെട്ടത് പക്ഷേ, അശ്ലീല വീഡിയോയില്‍ അഭിനയിച്ചവര്‍ തന്നെയാണെന്ന് അറിയുന്നു. അവര്‍ക്ക് പ്രതിഫലം നല്‍കിയില്ലെന്ന് മാത്രമല്ല സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്തശേഷം പോണ് വീഡിയോയില്‍ അഭിനയിപ്പിച്ചുവെന്നും പരാതിയിലുണ്ട്. ഈ വിവരം പോലീസ് കുന്ദ്രയെ അറിയിച്ചുവെന്നാണ് രഹസ്യഭാഷ്യം. അതും ഒന്നല്ല, മൂന്ന് പ്രാവശ്യം. പക്ഷേ അദ്ദേഹം അത് നിസ്സാരവല്‍ക്കരിക്കുകയായിരുന്നു. അതിന്റെ ദുരന്തമാണ് ഇപ്പോള്‍ അറസ്റ്റില്‍ കലാശിച്ചിരിക്കുന്നത്.
മുംബയില്‍ മലാഡിനടുത്താണ് പ്രശസ്തമായ മഡ് ഐലന്റ്. കടലിനുള്ളിലേയ്ക്ക് വ്യാപിച്ചുകിടക്കുന്ന ചെറുദ്വീപാണ്. നിരവധി സമ്പന്നന്മാര്ക്ക് ഇവിടെ ബംഗ്ലാവുണ്ട്. പലര്‍ക്കും അവധികാലം ആഘോഷിക്കാന്‍ വന്നുചേരാവുന്ന ഒരിടം മാത്രമാണിത്. പല ബംഗ്ലാവുകളും ഇവിടെ ഒഴിഞ്ഞുകിടപ്പുണ്ട്. ചിലത് വാടകയ്ക്ക് കൊടുക്കാറുണ്ട്. ഇരുപതിനായിരം രൂപ വരെ പ്രതിദിന വാടക ഈടാക്കുന്നിടങ്ങളുമുണ്ട്. അവിടെ ഒരു ബംഗ്ലാവ് വാടകയ്ക്കെടുത്ത് പോണ്‍വീഡിയോ ഷൂട്ട് ചെയ്തുവരികയായിരുന്നു. പരാതിയെത്തുടര്‍ന്ന് പോലീസ് അവിടെ റെയ്ഡ് ചെയ്തപ്പോഴാണ് വാര്‍ത്ത പുറംലോകം അറിയുന്നത്.
അശ്ലീലവീഡിയോയില്‍ അഭിനയിക്കണമെന്ന് ആവശ്യപ്പെട്ട് രാജ് കുന്ദ്ര തന്നെ ചില നടിമാര്‍ക്ക് എസ്.എം.എസ്. അയച്ചിട്ടുണ്ടെന്നാണ് ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍. ഇതും കുന്ദ്രയ്ക്കെതിരെയുള്ള ശക്തമായ തെളിവായി പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
പണ്ട് ഐ.പി.എല്‍ വാതുവയ്പ്പ് കേസില്‍നിന്ന് തലയൂരി പോന്നതുപോലെ അത്ര നിസ്സാരമായ ഊരാകുടുക്കിലല്ല അദ്ദേഹം ഇപ്പോള്‍ വന്നുപെട്ടിരിക്കുന്നതും. കുന്ദ്രയ്ക്കെതിരെയുള്ള പൂട്ടുകള്‍ ശക്തമാണെന്നതിന്റെ മറ്റൊരു തെളിവാണ് അയാള്‍ അറസ്റ്റ് ചെയ്യപ്പെട്ട ദിവസം. തിങ്കളാഴ്ചയായിരുന്നു അറസ്റ്റ്. ചൊവ്വയും ബുധനും കോടതി അവധിയാണ്. 23 വരെ അദ്ദേഹത്തെ പോലീസ് കസ്റ്റഡിയില്‍ റിമാണ്ട് ചെയ്തിട്ടുമുണ്ട്. ഇനി തിങ്കളാഴ്ചയേ കോടതി തുറക്കൂ. അത്രയും ദിവസം അദ്ദേഹം അകത്ത് കിടക്കണമെന്ന് ആഗ്രഹിക്കുന്നവരാരോ ഈ കേസിന് പിന്നിലുണ്ടെന്നും സംശയിക്കേണ്ടിവരും.
കുന്ദ്രയുടെ അറസ്റ്റ് രേഖപ്പെടുത്തുമ്പോഴും പിന്നീട് റിമാണ്ട് ചെയ്തതിനുശേഷവും ഭാര്യ കൂടിയായ ശില്പാഷെട്ടിയുടെ പ്രതികരണങ്ങളൊന്നും പുറത്ത് വന്നിട്ടില്ലെന്നതും ശ്രദ്ധേയമാണ്. കേസില്‍ ശില്പയുടെ പങ്കിനെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രാഥമിക നിഗമനങ്ങളെല്ലാം ശില്‍പ്പയ്ക്ക് അനുകൂലമാണെന്നാണ് അറിയുന്നത്. എന്നാല്‍ ശില്പയുടെ മൗനാനുവാദമില്ലാതെ രാജ് കുന്ദ്ര ഇങ്ങനെ ചെയ്യില്ലെന്ന് വിശ്വസിക്കുന്നവരും ഏറെയാണ്.
Recent Comments