മലയാളത്തില്‍ ‘വാരിക്കുഴിയിലെ കൊലപാതകം’, ‘ഇന്നു മുതല്‍’, ‘ലാല്‍ ബഹദൂര്‍ ശാസ്ത്രി’ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ രജീഷ് മിഥില സംവിധാനം ചെയ്യുന്ന പ്രഥമ തമിഴ് സിനിമാണ് ‘യാനൈ മുഖത്താന്‍.’ ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തും. ഇതിന്റെ മുന്നോടിയായി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. യോഗി ബാബുവാണ് ഫാന്റസി-ഹ്യൂമര്‍ ചിത്രത്തിലെ നായകന്.
‘യാനൈ മുഖത്താന്‍’ എന്നാല്‍ ആദ്യന്ത ദൈവമായ ഗണപതിയുടെ വിളിപ്പേരാണ്. സിനിമയെ കുറിച്ച് ആരായവെ രജീഷ് വിശദീകരിച്ചത് ഇങ്ങനെ:
‘എന്റെ സുഹൃത്തായ നടന് രമേഷ് തിലകിനോട് ഞാന്‍ യാനൈ മുഖത്താന്റെ കഥ പറയുകയുണ്ടായി. കഥ കേട്ടപ്പോള്‍ രമേഷ് തിലക് യോഗി ബാബുവാണ് ഇതിന് അനുയോജ്യനായ നടനെന്ന് പറഞ്ഞ് യോഗി ബാബുവിനെയും പരിചയപ്പെടുത്തി തന്നു. അങ്ങനെയാണ് ഈ പ്രോജക്ടിന്റെ തുടക്കം. ഫാന്റസി ചിത്രമായ ഇതില്‍ തീവ്ര ഗണപതിഭക്തനായ ഓട്ടോ ഡ്രൈവറായിട്ടാണ് രമേഷ് തിലക് അഭിനയിക്കുന്നത്. ഗണപതിയെ എവിടെ കണ്ടാലും കൈ കൂപ്പി തൊഴുത് കാണിക്കവഞ്ചിയില്‍ കാശ് ഇട്ടിട്ടേ പോകൂ. അതേ സമയം ആളൊരു ലോക തരികിടയുമാണ്. ആ രമേശ് തിലകിന്റെയടുത്ത് വിനായകം എന്ന് പേരു വെളിപ്പെടുത്തി കൊണ്ട് യോഗി ബാബു പരിചയപ്പെടുന്നു. ഒരു ദൈവത്തോട് പ്രാര്‍ത്ഥിക്കുമ്പോള്‍, നമ്മുടെ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം ഉണ്ടാക്കിതരണം എന്ന് പറഞ്ഞ് കേണപേക്ഷിച്ചു കൊണ്ടിരിക്കുമ്പോള്‍ ദൈവം തന്നെ നേരില്‍ വരും എന്ന് ആരും പ്രതീക്ഷിക്കുകയില്ല. അങ്ങനെ വന്നാല്‍ തന്നെ താനാണ് ദൈവം എന്ന് അയാള്‍ക്ക് തെളിയിക്കാന്‍ പോരാടേണ്ടി വരും. രമേഷ് തിലകിന്റെ ജീവിതത്തില്‍ യോഗി ബാബുവിന്റെ കടന്നുവരവോടെ വിനോദവും വിപരീതവുമായ സംഭവങ്ങളാണ് അരങ്ങേറുന്നത്. അതുകൊണ്ട് അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്ന വഴിത്തിരിവുകള്‍ എന്തൊക്കെയാണ് എന്നതാണ് ഈ സിനിമയുടെ ഇതിവൃത്തം.
രാജസ്ഥാന് മുതല്‍ ചെന്നൈ വരെയാണ് സിനിമ ചിത്രീകരിച്ചത്. കഥ കേട്ട മാത്രയില്‍ തന്നെ അത് ഇഷ്ടപ്പെട്ട യോഗി ബാബു അഭിനയിക്കാന്‍ തയ്യാറായി എന്നു മാത്രമല്ല, അദ്ദേഹം തന്നെ ഉര്‍വശി, കരുണാകരന് എന്നിവരെ വിളിച്ച് ഇതില്‍ അഭിനയിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
നാട്ടില്‍ നടക്കുന്ന അതിക്രമങ്ങള്‍, മനുഷ്യര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ എന്നിവയെ നല്ല രീതിയില്‍ ഫാന്റസി കഥയായി പറയാന്‍ കഴിയും. കുട്ടികളുടെ മനസ്സിനെവരെ അത് ആകര്‍ഷിക്കണം. വൈകാരികമായ മുഹൂര്‍ത്തങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഒരു രംഗത്തില്‍ അഭിനയിക്കുമ്പോള്‍ ഒരാള്‍ മാത്രം ഡോമിനേറ്റ് ചെയ്യാന്‍ ശ്രമിച്ചാല്‍ അയാള്‍ മാത്രമേ റീച്ച് ആവുകയുള്ളൂ. മറ്റൊരാളിലേക്ക് ശ്രദ്ധ തിരിയില്ല. അങ്ങനെയല്ലാതെ എല്ലാവരെയും ഫോളോ ചെയ്ത് യോഗി ബാബു അഭിനയിച്ച ശൈലി അഭിനന്ദനീയമാണ്. നല്ല സിനിമാബോധം ഇപ്പോള്‍ പ്രേക്ഷകര്‍ക്കുണ്ട്. ആ പ്രേക്ഷകരെ വിശ്വസിച്ചാണ് ഞാന്‍ യാനൈ മുഖത്താന്‍ ഒരുക്കിയിരിക്കുന്നത്. തീര്‍ച്ചയായും അവര്‍ക്ക് ഇഷ്ടപ്പെടും എന്നാണ് എന്റെ വിശ്വാസം.’ രജീഷ് മിഥില പറഞ്ഞു.
ഗ്രേറ്റ് ഇന്ത്യന്‍ സിനിമാസിന്റെ ബാനറില്‍ രജീഷ് മിഥിലയും ലിജോ ജയിംസും ചേര്‍ന്നാണ് ‘യാനൈ മുഖത്താന്‍’ നിര്‍മ്മിക്കുന്നത്. കാര്‍ത്തിക് നായര്‍ ഛായഗ്രഹണവും ഭരത് ശങ്കര്‍ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.
Recent Comments