കവിയും, ഗാനരചയിതാവുമായ രാജീവ് ആലുങ്കലിന് യൂണിവേഴ്സല്‍ റെക്കോര്‍ഡ് ഫോറത്തിന്റെ ദേശീയ പുരസ്ക്കാരം. നാടകം, ആല്‍ബം, സിനിമ എന്നീ രംഗങ്ങളിലായി 4200 ഗാനങ്ങളുടെ രചനയ്ക്കാണ് ഈ അപൂര്‍വ്വ ബഹുമതി. ഈ മൂന്നു രംഗങ്ങളിലും ഒരേ പോലെ പുലര്‍ത്തിയ മികവിനുള്ള ദേശീയ റെക്കോര്‍ഡാണിത്.
1993 ല്‍ ഗാനരചനയ്ക്ക് തുടക്കം കുറിച്ച രാജീവ് ആലുങ്കല്‍ 250 പ്രൊഫഷണല്‍ നാടകങ്ങളിലായി 1000 ഗാനങ്ങളും, 280 ഓഡിയോ ആല്‍ബങ്ങളിലായി 2800 ഗാനങ്ങളും, 130 സിനിമകളിലായി 400 ഗാനങ്ങളും രചിച്ചിട്ടുണ്ട്. നാടകരംഗത്ത് അനശ്വര സംഗീത പ്രതിഭകളായ എം.കെ അര്ജുനന്, കുമരകം രാജപ്പന്, വൈപ്പിന്‍ സുരേന്ദ്രന്, ഫ്രാന്‍സിസ് വലപ്പാട്, കലവൂര്‍ ബാലന് തുടങ്ങി എല്ലാ പ്രമുഖരോടൊപ്പവും, ആല്‍ബം രംഗത്ത് ടി.സീരീസ്, സോണി മൂസിക്, തരംഗിണി, മാഗ്നാ സൗണ്ട്, ജോണി സാഗരിഗ, ഈസ്റ്റ് കോസ്റ്റ് തുടങ്ങിയ നിര്‍മ്മാണ കമ്പനികള്‍ക്കായി ദക്ഷിണാമൂര്‍ത്തി, ജയ വിജയ, എം.ജി. രാധാകൃഷ്ണന്, രവീന്ദ്രന്, പെരുമ്പാവൂര്‍ ജി.രവീന്ദ്രനാഥ്, ജെറി അമല്‍ദേവ്, ടി.എസ്സ് രാധാകൃഷ്ണന്, തുടങ്ങിയവരോടൊപ്പവും, സിനിമാരംഗത്ത് ഔസേപ്പച്ചന്, വിദ്യാസാഗര്‍, മോഹന്‍ സിത്താര, എം.ജയചന്ദ്രന്, ബേണി ഇഗ്നേഷ്യസ്, ഗോപി സുന്ദര്‍ തുടങ്ങിയവരോടൊപ്പവും രാജീവ് ആലുങ്കല്‍ പാട്ടുകളൊരുക്കി. ഭാരതത്തിലെ ഒട്ടുമിക്ക ഗായകരും ആ ഗാനങ്ങള്‍ പാടി. എ.ആര്. റഹ്മാന്റെ ‘വണ്‍ ലൗ’ എന്ന ബഹുഭാഷാ ആല്‍ബത്തിലെ ഏക മലയാളഗാനം രചിച്ചു. ഗാനരചനാ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് 2012 ലും, നാടകഗാനരചനയ്ക്കുള്ള കേരളസംസ്ഥാന അവാര്‍ഡ്, 2004 ലും 2005, 2012, 2018, വര്‍ഷങ്ങളില്‍ ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് ഉള്‍പ്പടെ ഒട്ടേറെ അംഗീകാരങ്ങള്‍ മികച്ച പ്രഭാഷകന്‍ കൂടിയായ രാജീവ് ആലുങ്കലിന് ലഭിച്ചിട്ടുണ്ട്.
ചേര്‍ത്തല സ്വദേശിയായ രാജീവ് ഇപ്പോള്‍ കേരള സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പല്ലന കുമാരനാശാന് സ്മാരകത്തിന്റെ ചെയര്‍മാനാണ്.
ഗാന രചനയുടെ മൂന്നു രംഗങ്ങളിലും വ്യക്തമായി അടയാളപ്പെടാനായ എല്ലാ അനുകൂല സാഹചര്യങ്ങളേയും നന്ദിപൂര്‍വ്വം സ്മരിയ്ക്കുന്നുവെന്നും മൂന്ന് പതിറ്റാണ്ടോട് അടുക്കുന്ന എഴുത്തു ജീവിതത്തിലെ അനുഗ്രഹങ്ങള്‍ക്കു മുന്നില്‍ നമസ്ക്കരിയ്ക്കുന്നുവെന്നും രാജീവ് ആലുങ്കല്‍ പറഞ്ഞു.
ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന് പിള്ള URF നാഷണല്‍ റെക്കോര്‍ഡ് രാജീവ് ആലുങ്കലിന് സമ്മാനിച്ചു.
Recent Comments