ബിച്ചു തിരുമലയുടെ പാട്ടുകൾ കേട്ടു വളർന്ന തലമുറയുടെ പ്രതിനിധിയാണ് ഞാൻ. “നക്ഷത്ര ദീപങ്ങൾ തിളങ്ങി…” എന്ന പാട്ടാണ് ആദ്യം കേട്ടത് എന്നാണോർമ്മ. എത്ര അനായാസകരവും അതിസുന്ദരവുമാണ് ആ മഹാപ്രതിഭയുടെ രചനാശൈലി. അത് മറ്റാർക്കും അനുകരിക്കാനാവാത്ത വിധം അതുല്യമായിരുന്നു. നിറത്തിലെ മിഴിയറിയാതെ എന്ന പാട്ടെഴുതാൻ എറണാകുളത്ത് വന്നപ്പോഴാണ് ബിച്ചുവേട്ടനെ കൂടുതൽ അടുത്തു കണ്ടതും ആത്മബന്ധത്തിന് തുടക്കമിട്ടതും. ഞാനന്ന് കാസറ്റുകളിലെ പാട്ടെഴുത്തിൽ സജീവമായ കാലമായിരുന്നു. “മാമാങ്കം പലകുറി കൊണ്ടാടി” എന്ന പ്രശസ്ത ഗാനത്തിൻ്റെ പിറവിയെക്കുറിച്ചുള്ള ഓർമ്മകൾ അന്ന് അദ്ദേഹം പങ്കുവച്ചതായി ഓർക്കുന്നു. ആദ്യം എഴുതി തുടങ്ങിയ ആശയം പ്രണയമായിരുന്നുവെന്നും പിന്നീട് അത് മാറ്റി ഈ വിഷയത്തിലേയ്ക്ക് എത്തിയെന്നും അദ്ദേഹം ഓർമ്മിച്ചെടുത്തു.
വയലാർ രാമവർമ്മ അനുസ്മരണത്തിന് രാഘവപറമ്പിലേക്ക് ബിച്ചുവേട്ടനെ കൊണ്ടുവന്ന ഓർമ്മകളാണ് മനസ്സിൽ നിറഞ്ഞ് നിൽക്കുന്നത്. വയലാറിനോടുള്ള കടുത്ത ആരാധന വെളിപ്പെടുത്തി അവിടെ വച്ച് അദ്ദേഹം നടത്തിയ പ്രഭാഷണം ഹൃദ്യമായിരുന്നു. വയലാർ രാമവർമ്മയുമൊത്തുള്ള രസകരമായ നിമിഷങ്ങൾ പങ്കുവച്ചു. മദിരാശിയിൽ വച്ച് വയലാറിനെ കണ്ടപ്പോൾ അദ്ദേഹത്തിന്റെ പാദമുദ്രകൾ എന്ന ആദ്യ കവിതാ സമാഹാരത്തിലെ ചില കവിതകൾ പാടി കേൾപിച്ചതും അത്ഭുതത്തോടെ വയലാർ തോളിൽ തട്ടി അഭിനന്ദിച്ചതും ബിച്ചുവേട്ടൻ പറഞ്ഞു കേൾക്കുന്നത് നല്ല രസമായിരുന്നു.
മറ്റൊരിക്കൽ ചേർത്തല NSS കോളേജിലും ബിച്ചുവേട്ടൻ എന്റെ ശ്രമഫലമായി എത്തി. പാട്ട് പിറവികളെ കുറിച്ചുള്ള അപൂർവ്വവിശേഷങ്ങൾ അന്ന് അദ്ദേഹം സദസ്സുമായി പങ്കുവച്ചു. പപ്പയുടെ സ്വന്തം അപ്പൂസ് എന്ന ഫാസില്‍ ചിത്രത്തിലെ ‘ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപ്പൈങ്കിളീ… എന്റെ ബാലഗോപാലനെ എണ്ണ തേപ്പിക്കുമ്പം പാടടീ…’ എന്ന ഹിറ്റ് ഗാനത്തിലെ ബാലഗോപാലന് എന്ന പ്രയോഗം അദ്ദേഹം വിവരിച്ചു. ചെറുപ്പത്തിലെ മരിച്ചു പോയ തന്റെ സ്വന്തം അനുജന്റെ പേരായിരുന്നു ബാലഗോപാലനെന്ന് നൊമ്പരത്തോടെ അദ്ദേഹം പറയുന്നുണ്ടായിരുന്നു. യോദ്ധയിലെ പടകാളി എന്ന ഗാനത്തിലെ പോര്‍ക്കലി, മാര്‍ക്കലി എന്നീ മഹാദേവിയുടെ പര്യായപദപ്രയോഗങ്ങള് പലരും, പോക്കിരി മാക്കിരി എന്ന് തെറ്റിപ്പാടിയാണ് നടക്കുന്നതെന്ന് ബിച്ചുവേട്ടന് പലവട്ടം പരിഭവപ്പെട്ടു കേട്ടിട്ടുണ്ട്. ഒറ്റക്കമ്പി നാദം എന്ന പ്രയോഗം രാത്രി കൊതുകിന്റെ മൂളല്‍ ഓര്ത്തെഴുതിയതാണെന്ന് പറഞ്ഞതും കൗതുകകരമായ അറിവായിരുന്നു. അംഗീകാരം എന്ന ചിത്രത്തിലെ ‘നീലജലാശയത്തില്‍..’ എന്ന ഗാനം ‘കൊല്ലം ട്യൂണ ‘എന്ന നാടക സമിതിക്കു വേണ്ടി എഴുതിക്കൊടുത്തതാണെന്നും പിന്നീടത് സന്ദര്‍ഭോചിതമായി സിനിമയില്‍ ചേര്‍ക്കുകയായിരുന്നുവെന്നും പറഞ്ഞ് അദ്ദേഹം പാടിയതും വേറിട്ട ഒരു അനുഭവമായി. കിലുക്കത്തിലെ ‘പനിനീര് ചന്ദ്രികേ ‘ എന്ന ഗാനം എസ്.പി. വെങ്കിടേഷ് ഈണം മൂളിയപ്പോഴേ എഴുതാതെ പറഞ്ഞു കൊടുത്തു എന്നതും സദസ്സിന് പുത്തന്‍ അറിവായിരുന്നു. ഗോഡ്ഫാദറിലെ ‘മന്ത്രിക്കൊച്ചമ്മ’ എന്ന പദ പ്രയോഗം സിദ്ധിക്ക് ലാലിന് ഒത്തിരി ഇഷ്ടപ്പെട്ട് ത്രില്ലടിച്ച കാര്യം പറയുമ്പോള്‍ ബിച്ചുവേട്ടന് ഉത്സാഹം കൂടി. ഞങ്ങളൊന്നിച്ച് പ്രിയദര്ശന് സംവിധാനം ചെയ്ത ‘അറബിയും ഒട്ടകവും പി. മാധവന്‍നായരും’ എന്ന ചിത്രത്തിനുവേണ്ടി പാട്ടുകളെഴുതിയിരുന്നു.
എന്നോട് വാത്സല്യപൂർവമേ അദ്ദേഹം സംസാരിച്ചിട്ടുള്ളു. തിരുവനന്തപുരത്ത് ചെന്നപ്പോൾ ഒത്തിരി വട്ടം അദ്ദേഹത്തെ വീട്ടിൽ പോയ് കണ്ടു.
ഈണത്തിനൊപ്പിച്ച് പാട്ട് എഴുതുമ്പോൾ ബിച്ചുവേട്ടന് മാത്രം വശമുള്ള അത്ഭുതസിദ്ധി അപാരമായിരുന്നു. ഈണത്തിനൊപ്പിച്ച് വാക്കുകളെ മെരുക്കി എടുക്കാനുള്ള അദ്ദേഹത്തിന്റെ ഭാഷ വഴക്കവും ഏറെ വ്യത്യസ്തമായിരുന്നു. അനശ്വരങ്ങളായ അനേകം ഗാനങ്ങൾ സമ്മാനിച്ച ബിച്ചു തിരുമല എന്ന അതുല്യ പ്രതിഭയ്ക്ക് നമ്മൾ ഉചിതമായ അംഗീകാരം കൊടുത്തോ എന്ന് ആലോചിക്കേണ്ടതുണ്ട്.
Recent Comments