ഇപ്പോള്‍ യുട്യൂബില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തെരയുന്ന പാട്ടുകളിലൊന്നാണ് ആറാട്ടിലെ ‘ഒന്നാം കണ്ടം കേറി. ഒന്നര കണ്ടം മൂടി…’ എന്ന് തുടങ്ങുന്ന ഗാനം. ട്രെന്റിംഗ് ചാര്‍ട്ടില്‍ മൂന്നാം സ്ഥാനത്താണ് ആ പാട്ട് ഉള്ളത്. പാട്ടിന്റെ ജനകീയതയെ കുറിക്കാന്‍ ഇതിനേക്കാള്‍ നല്ലൊരു അളവുകോല്‍ ആവശ്യമില്ല.
ആ പാട്ടിന് ഈണം പകര്‍ന്നിരിക്കുന്നത് രാഹുല്‍രാജാണ്. വരികള്‍ എഴുതിയിരിക്കുന്നത് രാജീവ് ഗോവിന്ദനും. ആ പാട്ട് പിറവി കൊള്ളാനുണ്ടായ സാഹചര്യം കാന്‍ ചാനലുമായി പങ്കുവയ്ക്കുകയാണ് രാജീവ് ഗോവിന്ദന്.
‘രാഹുല്‍രാജിനെ എനിക്ക് നേരത്തെ അറിയാം. എസ്.പി.ബിയ്ക്ക് വേണ്ടി ഒരു ട്രിബ്യൂട്ട് ഒരുക്കാന്‍ ഞങ്ങള്‍ ഒരുമിച്ചിരുന്നു. കുറച്ച് നാളുകള്‍ക്ക് മുമ്പ്, രാഹുല്‍ എന്നെ വിളിച്ചിരുന്നു. ആറാട്ടിലെ ഒരു ഫാസ്റ്റ് നമ്പര്‍ സോങ്ങിനുവേണ്ടി എഴുതാമോ എന്നായിരുന്നു ചോദ്യം. ദീര്‍ഘമായ പല്ലവിയും ചരണവുമുള്ള ഒരു പാട്ടാണെന്നുമാത്രം പറഞ്ഞു. അതിന്റെ സന്ദര്‍ഭവും. അദ്ദേഹം പാട്ടിന്റെ ഈണം എനിക്ക് അയച്ചുതന്നു. ഞാനന്ന് ഓഫീസില്‍ പോയി തിരിച്ചുവന്നതിന് പിന്നാലെ എഴുതാനിരുന്നു. ഒരു മണിക്കൂര്‍കൊണ്ട് എഴുതിത്തീര്‍ത്തു. ഒരു ഡപ്പാന്കൂത്ത് പാട്ടാണെങ്കിലും ഞാന്‍ അതിന് ഫോക്ക്ലോറിന്റെ ചേരുവകളാണ് നല്‍കിയത്. സംവിധാകന് ബി. ഉണ്ണികൃഷ്ണനും അതിഷ്ടമായി. വളരെ വ്യത്യസ്തമായിരിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞ്. അതുകൊണ്ടുതന്നെ വരികളില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എനിക്കും രാഹുലിനുമിടയിലാണ് എന്തെങ്കിലുമൊക്കെ തിരുത്തലുകള്‍ വേണ്ടിവന്നത്. പാട്ട് ലാലേട്ടനും ഇഷ്ടമായെന്ന് രാഹുല്‍ പറഞ്ഞ് ഞാനറിഞ്ഞു. അതൊരു ട്രെന്‍ഡിംഗ് സോങ്ങായതില് എനിക്കും വലിയ സന്തോഷമുണ്ട്.’ രാജീവ് പറഞ്ഞുനിര്‍ത്തി.
സിവില്‍ എഞ്ചിനീയറായ രാജീവ് ഗോവിന്ദന്റെ പ്രണയം എന്നും കവിതകളോടായിരുന്നു. വളരെ ചെറുപ്പത്തില്‍തന്നെ കവിതകള്‍ എഴുതിത്തുടങ്ങി. മൂന്ന് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തിമിരകാന്തിയും ഇലക്കനവും നീലമഷിയും. ഭക്തിഗാനങ്ങള്‍ക്കും ആല്ബങ്ങള്ക്കുംവേണ്ടി എഴുതിക്കൊണ്ടായിരുന്നു പാട്ടെഴുത്തിലേയ്ക്കുള്ള പ്രവേശം. സിനിമയില്‍ പാട്ടെഴുതാന്വേണ്ടിയാണ് അദ്ദേഹം നിര്മ്മാതാവായതുപോലും. മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ ഓര്ഡിനറിയുടെയും അനാര്‍ക്കലിയുടെയും നിര്‍മ്മാതാവാണ് രാജീവ്. (ഓര്‍ഡിനറിയിലൂടെ സുഗീതിനെയും അനാര്‍ക്കലിയിലൂടെ സച്ചിയെയും സംവിധാനരംഗത്തേയ്ക്ക് കൈപിടിച്ചുകൊണ്ടുവന്നത് രാജീവാണ്.) അതിലെ മുഴുവന്‍ ഗാനങ്ങള്‍ എഴുതിയിരിക്കുന്നതും അദ്ദേഹമാണ്. പക്ഷേ അതിനുമുമ്പേ രാജീവ് സിനിമയില്‍ എഴുതിതുടങ്ങിയിരുന്നു. റെയ്സ് ആയിരുന്നു ആദ്യ ചിത്രം. അതിലെ ടൈറ്റില്‍ഗാനം എഴുതിയിരിക്കുന്നത് രാജീവാണ്. തുടര്‍ന്ന് വാദ്ധ്യാര്, ട്രിവാന്‍ഡ്രം ലോഡ്ജ്, ചേട്ടായീസ്, വെള്ളിമൂങ്ങ, ത്രീടോട്ട്സ്, പെരുച്ചാഴി, പിക്കറ്റ് 43, മധുരനാരങ്ങ, ലോഹം, ഹരം തുടങ്ങി നിരവധി ചിത്രങ്ങള്‍ക്കുവേണ്ടിയും അദ്ദേഹം ഗാനങ്ങള്‍ എഴുതി.
പൃഥ്വിരാജ് നായകനാകുന്ന കാളിയനാണ് രാജീവ് ഗോവിന്ദന്റെ അടുത്ത നിര്‍മ്മാണ സംരംഭം. ഹൈഡ്രോടെക് സിസ്റ്റം പ്രൈവറ്റ് ലിമിറ്റഡിന്റെ സാരഥിയായ രാജീവ് മുംബയിലാണ് സ്ഥിരതാമസം. ഭാര്യ പ്രിയാരാജീവ്. ഏകമകന് ആര്യന് രാജീവ്.
Recent Comments