നീണ്ട നാളുകള്‍ക്കുശേഷം, ഇന്നാണ് രാജീവ് കളമശ്ശേരിയെ കാണുന്നത്. വെണ്ണലയിലുള്ള ക്യാപ്റ്റന്‍ ഇവന്‍സിന്റെ ഗസ്റ്റ് ഹൗസില്‍ എത്തിയതായിരുന്നു അദ്ദേഹം. സുഹൃത്തുകൂടിയായ പുന്നപ്ര ബൈജു (അയ്യപ്പ ബൈജു) വിളിച്ചിട്ടാണ് വന്നിരിക്കുന്നത്.
രാജീവ് കളമശ്ശേരിയെ എല്ലാവര്ക്കും പരിചയം എ.കെ. ആന്റണിയുടെ അപരനെന്ന നിലയിലാണ്. മിമിക്രി വേദികളില്‍ രാജീവ് കെട്ടിയാടിയിട്ടുള്ള ആന്റണി വേഷങ്ങള്‍ക്ക് പകരക്കാരില്ല.
രാജീവിനെ സംബന്ധിച്ച് കഠിനകാലമാണ് കഴിഞ്ഞുപൊയ്ക്കൊണ്ടിരിക്കുന്നത്. ഒരു നെഞ്ചുവേദനയിലൂടെയായിരുന്നു തുടക്കം. ആന്‍ജിയോഗ്രാം ചെയ്തപ്പോള്‍ മൂന്ന് ബ്ലോക്ക് ഉണ്ടെന്ന് കണ്ടെത്തി. ഉടനെ ആന്‍ജിയോപ്ലാസ്റ്റി ചെയ്തു. വീട്ടിലേയ്ക്ക് മടങ്ങിയെത്തി ആഴ്ചകള്‍ പിന്നിടുംമുമ്പേ വീണ്ടും ആശുപത്രിയിലേയ്ക്ക്. ഇത്തവണ മറവിയായിരുന്നു പ്രശ്നം. സംസാരിക്കാന്‍ നന്നേ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. എം.ആര്.ഐ എടുത്തപ്പോള്‍ തലച്ചോറിനുള്ളില്‍ രക്തം കട്ട പിടിച്ചു കിടക്കുന്നതായി കണ്ടെത്തി. വീണ്ടും നീണ്ട ആശുപത്രി വാസം. ആ നാളുകളെ രാജീവ് ഓര്‍ത്തെടുക്കുന്നത് ഇങ്ങനെയാണ്.
‘നാലഞ്ച് വാക്കുകള്‍ മാത്രമേ എന്റെ ഓര്‍മ്മയിലുണ്ടായിരുന്നുള്ളൂ. എന്തൊക്കെയോ പറയണമെന്ന് ആഗ്രഹമുണ്ട്. തലയ്ക്ക് അകത്ത് അത് നിറഞ്ഞുനില്‍ക്കുന്നതായും തോന്നും. പക്ഷേ ഒന്നും വരില്ല. ഇപ്പോള്‍ ഒരു വിധം ഭേദമായിട്ടുണ്ട്. എന്നാലും ഓര്‍മ്മക്കുറവ് ഉണ്ട്. ആളുകളെ തിരിച്ചറിയാന്‍ പാടുപെടുന്നുണ്ട്. ആരുടെ പേരും ഓര്‍മ്മ നില്ക്കുന്നില്ല. മറവിയെ പതുക്കെപ്പതുക്കെ മായിച്ച് കളഞ്ഞുകൊണ്ടിരിക്കുകയാണ് ഞാന്‍.’
അവിടംകൊണ്ട് രാജീവിന്റെ ദുരിതങ്ങള്‍ അവസാനിക്കുമെന്ന് കരുതിയതാണ്. അപ്പോഴാണ് വീണ്ടും നെഞ്ചുവേദന ഉണ്ടാകുന്നത്. നേരത്തെ ഉണ്ടായിരുന്ന ബ്ലോക്കുകളില്‍ ഒന്ന് കുസൃതിക്കാട്ടി തുടങ്ങിയപ്പോള്‍ ആന്‍ജിയോപ്ലാസ്റ്റി അല്ലാതെ മറ്റു വഴികളൊന്നുമുണ്ടായിരുന്നില്ല. ഇപ്പോള്‍ ഏതാണ്ട് വീട്ടില്‍ വിശ്രമത്തില്‍ തന്നെയാണ് രാജീവ്.
നീണ്ട നാളത്തെ ആശുപത്രിവാസം രാജീവിനെ മാനസികമായും ശാരീരികമായും സാമ്പത്തികമായും തളര്‍ത്തിയിരിക്കുന്നു. ഭീമമായ ആശുപത്രി ചെലവുകള്‍ രാജീവിന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് പകുത്ത് എടുത്തതാണ് ആകെയൊരാശ്വാസം. എന്നാലും വേണം മരുന്നുകള്ക്കായ് മാസം നല്ലൊരു തുക. രാജീവിന് നാല് പെണ്മക്കളാണ്. അവരുടെ വിദ്യാഭ്യാസ ചെലവുകള്‍, വേറെ. ആകെക്കൂടി പ്രാരാബ്ധങ്ങള്‍ക്ക് നടുവിലാണ് രാജീവ് കളമശ്ശേരി.
പക്ഷേ അതൊന്നും ആ മുഖത്ത് പ്രകടമല്ല. ചിരി തെളിഞ്ഞുതന്നെ കാണാം. മിമിക്രി വേദികളില്‍നിന്ന് എത്രയോപ്പോരെ ചിരിപ്പിച്ച ആളല്ലേ. സ്വയം ദുഃഖകനലില് എരിഞ്ഞു തീരുമ്പോഴും രാജീവ്, ആശ്വാസം കൊള്ളുന്നത് തന്നെ സഹായിക്കാന്‍ ഈ ലോകത്ത് ആരെങ്കിലുമൊക്കെ ഉണ്ടാകുമെന്നുതന്നെയാണ്.
Recent Comments