ലൗവര്‍ ബോയ് ഇമേജുള്ള കഥാപാത്രങ്ങളാണ് കുഞ്ചാക്കോ ബോബനെ തേടി എത്തിയവയിലധികവും. ഇടയ്ക്ക് തെന്നിയും തെറിച്ചും ചില വേഷങ്ങള്‍ ചാക്കോച്ചനോടുപോലും ചോദിക്കാതെ കടന്നുവരാറുണ്ട്. അത് അദ്ദേഹത്തെ കീഴ്പ്പെടുത്തിക്കളയും അത്തരം കഥാപാത്രങ്ങളില്‍ ഒന്നാണ് ‘ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമയിലെ രാജീവന്.
കാഴ്ചയില്‍പോലും പെട്ടെന്ന് തിരിച്ചറിയാനാവാത്തവിധമാണ് ചാക്കോച്ചന്റെ മേക്കോവര്‍. കറുത്ത് കരുവാളിച്ച രൂപം. എണ്ണ തേച്ച് ഒരുവശത്തേയ്ക്ക് കോതിയൊതുക്കിയ മുടി. കൈലിയും ബനിയനുമാണ് വേഷം. കാസര്‍ഗോഡ് ഭാഷയാണ് സംസാരിക്കുന്നത്. ഏറ്റവും ബുദ്ധിമുട്ടുള്ളതാണ് അതിന്റെ ഉച്ഛാരണരീതി. ചാക്കോച്ചനാകട്ടെ കാസര്ഗോഡുകാരെപ്പോലും അമ്പരിപ്പിക്കും വിധത്തിലാണ് ഭാഷ കൈകാര്യം ചെയ്യുന്നത്.
ചാക്കോച്ചന്റെ കൂടെ അഭിനയിക്കുന്നവരില്‍ ഏറെയും, അത് ചിത്രത്തിലെ സഹതാരങ്ങളായാലും ജൂനിയര്‍ ആര്ട്ടിസ്റ്റുകളായാലും എല്ലാവരും കാസര്‍ഗോഡുകാരാണ്. ഇതിനായി പ്രത്യേകം ഓഡിഷന് നടത്തി തെരഞ്ഞെടുക്കപ്പെട്ടവരാണ്. അവരില്‍ യഥാര്‍ത്ഥ ഡോക്ടര്‍മാര്‍ മുതല്‍ പോലീസുകാര്‍ വരെയുണ്ട്. കാസര്‍ഗോഡുള്ള കയ്യൂര്‍ എന്ന സ്ഥലത്തുവച്ചാണ് ഷൂട്ടിംഗ്. തീക്കനല്‍ വാരിയെറിയുന്നതുപോലെ ചൂടുസമയത്തായിരുന്നു ചിത്രീകരണം. ആദ്യ സിനിമാനുഭവം ആയതുകൊണ്ടുതന്നെ കൂടെ നില്ക്കുന്ന താരങ്ങള്‍ക്ക് പലതവണ റീടേക്കുകള്‍ എടുക്കേണ്ടിവന്നു. വെന്തുരുകുന്ന ചൂടത്തും അതെല്ലാം ക്ഷമിച്ചും സഹിച്ചും ചാക്കോച്ചന് അവര്‍ക്കൊപ്പം നിന്നു. അവര്‍ക്കുവേണ്ടി റീടേക്കുകളുടെ ഭാഗമായി.
തനിക്ക് അത്രമേല്‍ പ്രിയപ്പെട്ട കഥാപാത്രമായതുകൊണ്ടുതന്നെ രാജീവന് ചാക്കോച്ചന്റെ ഹൃദയത്തിലേയ്ക്കാണ് കയറിയൊളിച്ചത്. അതുകൊണ്ടാവണം ചിത്രത്തിന്റെ നിര്‍മ്മാണ പങ്കാളിയാകാനും ചാക്കോച്ചന് മുന്നിട്ടിറങ്ങിയത്.
ആഗസ്റ്റ് 12 ന് ‘ന്നാ താന്‍ കേസ് കൊട്’ തീയേറ്ററുകളിലെത്താന്‍ ഒരുങ്ങുകയാണ്. അതിന് മുന്നോടിയായി ടീസര്‍ തിങ്കളാഴ്ച പുറത്തിറങ്ങും. ചാക്കോച്ചന് മാത്രമല്ല, സംവിധായകന് രതീഷ് ബാലകൃഷ്ണ പൊതുവാളിനും നിര്‍മ്മാതാവ് സന്തോഷ് ടി. കുരുവിളയ്ക്കുമെല്ലാം ഈ ചിത്രം നിര്‍ണ്ണായകമാണ്.
ഗായത്രി ശങ്കറാണ് ചാക്കോച്ചന്റെ നായികയായി എത്തുന്നത്. സൂപ്പര്‍ ഡീലക്സ്, വിക്രം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ ഗായത്രി ശങ്കറിന്റെ ആദ്യ മലയാള ചലച്ചിത്രം കൂടിയാണിത്. രാകേഷ് ഹരിദാസ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ അരുണ്‍ സി. തമ്പിയാണ്.
Recent Comments