ഇന്ത്യന്‍ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്കാരം രജനികാന്തിന്. മോഹന്‍ലാല്‍, ശങ്കര്‍ മഹാദേവന്, ആശാ ബോസ്ലേ, സുഭാഷ് ഘായ്, വിശ്വജിത്ത് ചാറ്റര്‍ജി എന്നിവരടങ്ങിയ ജൂറിയാണ് ഈ പുരസ്കാരത്തിനായി രജനിയെ തിരഞ്ഞെടുത്തത്. 51-ാമത് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്കാരത്തിനാണ് രജനികാന്ത് അര്‍ഹനായിരിക്കുന്നത്.
1975 ല്‍ കെ ബാലചന്ദര്‍ സംവിധാനം ചെയ്ത അപൂര്‍വ്വരാഗങ്ങള്‍ എന്ന സിനിമയിലൂടെ ആയിരുന്നു രജനിയുടെ സിനിമ ജീവിതത്തിന്റെ തുടക്കം. അന്നുവരെ തമിഴ് ജനത കണ്ടിട്ടില്ലാത്ത വില്ലനിസമായിരുന്നു പാണ്ഡ്യന് എന്ന കഥാപാത്രത്തിലൂടെ രജനി അഭിനയിച്ച് ഫലിപ്പിച്ചത്. വ്യത്യസ്തമായ അഭിനയശൈലി രജനിയെ തമിഴകത്തിന്റെ പ്രിയപ്പെട്ട താരമായി മാറ്റുകയായിരുന്നു. സ്റ്റൈലിഷ് ആക്ടിംഗിന്റെ വ്യക്താവാണ് അദ്ദേഹം. സ്റ്റൈല്‍ മന്നന് എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.
1995 ല്‍ സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത ബാഷ രജനിയുടെ ആക്ടിംഗ് കരിയറിലെ മറ്റൊരു നാഴികക്കല്ലായിരുന്നു. ആ ചിത്രത്തോടുകൂടി തമിഴ് സിനിമയിലെ ഏറ്റവും മൂല്യമുള്ള താരമായി രജനി മാറി. പിന്നീടങ്ങോട്ട് നിരവധി ഹിറ്റ് സിനിമകള്‍ രജനി സമ്മാനിച്ചു. വിജയ്, അജിത്, സൂര്യ തുടങ്ങിയ താരങ്ങള്‍ക്ക് ആരാധകര്‍ ഏറെ ഉണ്ടെങ്കിലും മാസ് ഹീറോ എന്ന ഇമേജ് നാല് പതിറ്റാണ്ടുകള്‍ക്കിപ്പുറവും രജനിക്ക് സ്വന്തം.
2000 ല്‍ പത്മഭൂഷനും 2016 ല്‍ പത്മവിഭൂഷനും നല്കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
Recent Comments