ഇക്കഴിഞ്ഞ ദിവസം ജയിലറിന്റെ സക്സസ് മീറ്റ് ചെന്നൈയില്‍വച്ച് നടത്തുകയുണ്ടായി. ചിത്രത്തിലെ പ്രമുഖ താരങ്ങളായ രജനികാന്ത്, തമന്ന, സംവിധായകനായ നെല്‍സണ്‍, സംഗീത സംവിധായകന് അനിരുദ്ധ്, നിര്‍മ്മാതാവ് കലാനിധി മാരന് എന്നിവര്‍ പങ്കെടുത്തിരുന്നു. മാത്രമല്ല ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ച എല്ലാവരും പങ്കെടുത്ത ചടങ്ങായിരുന്നു അത്.
വേദിയില്‍ രജനി പ്രസംഗിച്ചപ്പോള്‍ താനൊരു പണക്കാരനാണെന്ന് ഇന്നാണ് ഫീല്‍ ചെയ്തത്. കാരണം കലാനിധി മാരന് സമ്മാനിച്ച ആ കാറിലാണ് ഞാന്‍ ഇവിടേയ്ക്ക് വന്നത്. എന്താ സുഖമുള്ള യാത്ര. ശരിക്കും ഞാന്‍ പണക്കാരനായതുപോലെ തോന്നി. സംഗീതം നല്‍കുന്നതിന് മുമ്പ് ചിത്രത്തിന്റെ പ്രിന്റ് കണ്ട സണ്‍ ടിവി നെറ്റ്വര്‍ക്കിന്റെ ഡയറക്ടര്‍മാരിലൊരാളായ സെമ്പിയന്‍ ശിവകുമാര്‍ പറഞ്ഞത് ജയിലര്‍ ഒരു ആവറേജ് ചിത്രമാണ് എന്നാണ്. പക്ഷേ, ആ ആവറേജ് ചിത്രം ജനങ്ങളുടെ മനസ്സിലേയ്ക്ക് ഇടിച്ചു കയറാന്‍ പ്രധാനയായത് എന്റെ മകന് കൂടിയായ അനിയാണ് (അനിരുദ്ധ്). അനിരുദ്ധിന്റെ മനസ്സില്‍ എനിക്കൊരു വന്‍ ഹിറ്റ് തരണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പേട്ട സിനിമ പോലെ അല്ലേ വേണ്ടതെന്ന അനിരുദ്ധിനോട്, പേട്ടയല്ല എനിക്ക് വേണ്ടത് 2023 ലെ ബാഷയാണ് എന്നാണ് കലാനിധിസാര് പറഞ്ഞത്. അതാണ് അവനിപ്പോള്‍ ചെയ്തത്.
എല്ലാത്തിനുമുപരി ജയിലര്‍ എന്ന സിനിമയ്ക്ക് ഇത്രയും വലിയൊരു വിജയം ഉണ്ടാക്കാന്‍ കാരണം നിര്‍മ്മാതാവായ കലാനിധി മാരന് തന്നെയാണ്. കാരണം ചിത്രത്തിന്റെ പ്രൊമോഷന് ഏത് രീതിയില്‍ ഏത് സമയത്ത് എങ്ങനെയാവണമെന്ന് അദ്ദേഹത്തിന് നല്ല നിശ്ചയം ഉണ്ടായിരുന്നു. അതിലും പ്രധാനപ്പെട്ട ഒരു കാര്യം കോളിവുഡില്‍ മാത്രമല്ല, ഇന്ത്യന്‍ സിനിമയിലെ എല്ലാ നിര്‍മ്മാതാക്കളും കണ്ടുപഠിക്കേണ്ട മാതൃകയാണ് ശ്രീ കലാനിധി മാരന്. സിനിമയുടെ വിജയം അതില്‍ പങ്കെടുത്ത എല്ലാ കലാകാരന്മാര്ക്കും ടെക്നീഷ്യന്മാര്ക്കും പങ്കിട്ട് നല്കാന് അദ്ദേഹം കാണിച്ച മാതൃക പ്രശംസനീയമാണ്.’
വേദിയില്‍ പതിവുപോലെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും രജനി കാണികളെ ആകര്‍ഷിച്ചു.
Recent Comments