തല്‍ക്കാലത്തേക്ക് രജനി രാഷ്ട്രീയത്തില്‍നിന്ന് പിന്മാറുന്നു. തന്റെ ശരീരിക അവശതകള്‍ കാരണം ഇപ്പോള്‍ രാഷ്ട്രീയത്തിലേക്കില്ലെന്ന് തമിഴിന്റെ തലൈവര്‍ ട്വിറ്ററില്‍ കുറിച്ചു. ഹൈദരാബാദില്‍വച്ചാണ് രജനിക്ക് ശാരീരികാസ്വസ്ഥതകള്‍ ഉണ്ടാകുന്നത്. രക്തസമ്മര്‍ദ്ദത്തിലെ വ്യതിയാനം അദ്ദേഹത്തെ വല്ലാതെ തളര്‍ത്തിയിരുന്നു. ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട രജനി ഏകദേശം ഒരാഴ്ചയെടുത്തു ചെന്നൈയിലെ വീട്ടിലെത്താന്‍. നിര്‍ബ്ബന്ധിത വിശ്രമം വേണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം രജനിയുടെ കുടുംബാംഗങ്ങള്‍ക്ക് തള്ളിക്കളയാനാകുന്നില്ല. അതുകൊണ്ടുതന്നെ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു, രാഷ്ട്രീയത്തിലേക്ക് ഇല്ല എന്ന്.
രജനിയുടെ കത്തിന്റെ പൂര്‍ണ്ണരൂപം:
ഞാന്‍ ദൈവത്തെപ്പോലെ കരുതുന്ന എന്റെ തമിഴ് മക്കള്‍ക്ക് സ്നേഹനമസ്ക്കാരം. ജനുവരിയില്‍ പാര്‍ട്ടി ആരംഭിക്കണം എന്നുള്ള ഉദ്ദേശത്തോടുകൂടിയാണ് ഡോക്ടറുടെ നിര്‍ദ്ദേശം അവഗണിച്ച് പെട്ടെന്ന് തന്നെ ഷൂട്ടിംഗ് തീരാന്‍ ഹൈദരാബാദില്‍ എത്തുകയും അണ്ണാത്തെയുടെ ലൊക്കേഷനില്‍ അഭിനയിക്കുകയും ചെയ്തത്. കോവിഡ് കാലമായതിനാല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ പാലിച്ചായിരുന്നു ഷൂട്ടിംഗ്. എന്നാല്‍ എങ്ങനെയോ ഞങ്ങളുടെ കൂട്ടത്തില്‍ നാല് പേര്‍ക്ക് കോവിഡ് ബാധിച്ചു. സംവിധായകനായ ശിവ ഷൂട്ടിംഗ് ഉടന്‍ നിര്‍ത്തിവയ്ക്കുകയും ഞാനുള്‍പ്പെടെയുള്ള ടീം അംഗങ്ങള്‍ എല്ലാവരുംതന്നെ കോവിഡ്ടെസ്റ്റിന് വിധേയരാവുകയും ചെയ്തു.
എന്റേത് നെഗറ്റീവ് ആയിരുന്നെങ്കിലും രക്തസമ്മര്‍ദ്ദത്തില്‍ ഏറ്റക്കുറച്ചിലുണ്ടായി. അതുകൊണ്ടുതന്നെ ആശുപത്രിയില്‍ അഡ്മിറ്റ് ആകുകയും ചെയ്തു. മൂന്നു ദിവസത്തില്‍കൂടുതല്‍ അവിടുത്തെ മികച്ച ഡോക്ടര്‍മാരുടെ ചികിത്സയിലുമായിരുന്നു. എന്റെ ആരോഗ്യസ്ഥിതി മോശമായതിനാല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് മാറ്റിവയ്ക്കപ്പെട്ടു. ഇത് നിര്‍മ്മാതാവിന് കോടികളുടെ നഷ്ടമുണ്ടാക്കും. തൊഴിലാളികള്‍ക്ക് വേറെയും. ഈശ്വരന് എനിക്ക് തന്ന ഒരു മുന്നറിയിപ്പാണിത് എന്ന് കരുതുന്നു. എത്രതന്നെ സോഷ്യല്‍മീഡിയ വഴി തമിഴ് മക്കളുമായി ഞാന്‍ ആശയവിനിമയം നടത്തിയാലും രാഷ്ട്രീയത്തില്‍ ഒരു മാറ്റം കൊണ്ടുവരാന്‍ എനിക്ക് കഴിയുമെന്ന് തോന്നുന്നില്ല. രാഷ്ട്രീയപ്രചരണത്തിന് പോകുമ്പോള്‍ എന്നെ ഇഷ്ടപ്പെടുന്ന തമിഴ് ജനത മുഴുവന്‍ അവിടെ ഒന്നിക്കും. ഓരോ സമ്മേളനവും മണിക്കൂറുകള്‍ നീണ്ടുപോയേക്കും. യഥാര്‍ത്ഥ രാഷ്ട്രീയമറിയാവുന്നവര്ക്ക് ഞാന്‍ പറയുന്നത് മനസ്സിലാകും. ഇപ്പോഴത്തെ കോവിഡ്കാലവും എന്റെ ആരോഗ്യസ്ഥിതിയും ഇങ്ങനെയൊരു പ്രചാരണത്തിന് പ്രയാസമാണ് എന്ന് വേദനയോടുകൂടി മാത്രമേ പറയാന്‍ കഴിയൂ. എനിക്കറിയാം എന്റെ ആരാധകരും തമിഴ് ജനതയും എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നവരാണ്. അവരെന്നിലൂടെ ഒരു മാറ്റം പ്രതീക്ഷിച്ചിരുന്നു. അത് നല്കാന് എനിക്ക് കഴിയാത്തതില്‍ അതീവദുഃഖമുണ്ട്. ഇത് ഞാന്‍ ട്വിറ്ററില്‍ കുറിക്കുമ്പോള്‍ എന്റെ മനസ്സിന്റെ വേദന എനിക്ക് മാത്രമേ അറിയൂ. രജനി പൂര്‍ത്തിയാക്കി.
രജനിയുടെ പിന്മാറ്റം വീണ്ടും തമിഴകത്ത് രാഷ്ട്രീയത്തില്‍ വേറെരു മാനം കൈവരിച്ചിരിക്കുകയാണ്.
Recent Comments