രജനികാന്തിന്റെ അടുത്ത ചിത്രം ലോകേഷ് കനകരാജ് സംവിധാനം ചെയ്യും. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് സണ്‍ പിക്ച്ചേഴ്സ് നടത്തി. ജയിലറിന്റെ നിര്‍മ്മാതാക്കളും സണ്‍ പിക്ച്ചേഴ്സായിരുന്നു.
രജനികാന്തും ലോകേഷും ആദ്യമായിട്ടാണ് ഒന്നിക്കുന്നത്. നിലവില്‍ റിലീസിനൊരുങ്ങുന്ന വിജയ് ചിത്രം ലിയോയ്ക്ക് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയായിരിക്കും ഇത്. തലൈവരുടെ 171-ാമത്തെ ചിത്രമാണിത്. ഇതിന് പിന്നാലെ അഭിനയരംഗത്തുനിന്ന് രജനികാന്ത് പിന്മാറുമെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. പക്ഷേ അതിനെ അനുകൂലിച്ചോ പ്രതികൂലിച്ചോ രജനിയില്‍നിന്ന് ഒരു വാക്കുപോലും ഉണ്ടായില്ല. എന്ന് മാത്രമല്ല, അദ്ദേഹം അഭിനയരംഗത്ത് സജീവമായി ഉണ്ടാകുമെന്നുള്ള സൂചനയും നല്‍കിക്കഴിഞ്ഞു. ജയിലറിന്റെ ബ്രഹ്മാണ്ഡ വിജയം അതിന് പ്രചോദനമായി എന്നുവേണം കരുതാന്‍.
2017 ല്‍ മാനഗരം എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് അരങ്ങേറ്റം നടത്തിയ പ്രതിഭാധനനാണ് ലോകേഷ് കനകരാജ്. പൂര്‍ണ്ണമായും പുതുമുഖങ്ങളെ അണിനിരത്തി അദ്ദേഹം ഒരുക്കിയ മാനഗരം പ്രേക്ഷകര്‍ രണ്ടുകൈയും നീട്ടി സ്വീകരിച്ചു. ഏറെ നിരൂപക പ്രശംസയും ചിത്രം നേടിയിരുന്നു. അതിന് പിന്നാലെയാണ് കൈദി സംഭവിക്കുന്നത്. കൈദിയും സൂപ്പര്‍ഹിറ്റ് വിജയം നേടി. കാര്‍ത്തിയുടെ കരിയറില്‍ വന്‍ വഴിതിരിവ് സൃഷ്ടിച്ച ഒരു ചിത്രം കൂടിയാണ് കൈദി. തുടര്‍ന്ന് വിജയ്യെ നായകനാക്കി മാസ്റ്റര്‍ സംവിധാനം ചെയ്തു. അതില്‍ ഒരു അതിഥിവേഷവും ലോകേഷ് ചെയ്തിരുന്നു. 2022 ല്‍ ഉലകനായകന് കമല്‍ഹാസനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ വിക്രം കളക്ഷനില്‍ സര്‍വ്വകാല റെക്കോര്‍ഡുകളാണ് തിരുത്തിയത്. തൊട്ടതെല്ലാം പൊന്നാക്കിയ ലോകേഷിന്റെ ‘ലിയോ’യെ പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്നതിനിടയിലാണ് തലൈവര്‍ ചിത്രത്തിന്റെ പ്രഖ്യാപനവും ഉണ്ടാകുന്നത്. തമിഴകം ഈ വാര്‍ത്തയെ ആവശത്തോടെ ഏറ്റെടുത്തുകഴിഞ്ഞു.
ഏറ്റവും കൗതുകമുള്ള ഒരു കാര്യം, ഈ ചിത്രവുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ പോസ്റ്ററില്‍ സ്റ്റണ്ട് മാസ്റ്റേഴ്സായ അന്‍പറിവിന്റെ പേര് ഉണ്ടെന്നുള്ളതാണ്. ഇത് ചിത്രത്തെ സംബന്ധിച്ച് കൃത്യമായൊരു സൂചനയും നല്‍കുന്നുണ്ട്. ഒരു ഫുള്‍ പാക്ക്ഡ് ആക്ഷന്‍ ചിത്രമായിരിക്കും തലൈവരുടെ 171-ാമത്തെ ചിത്രം. അനിരുദ്ധാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. വിവിധ ഭാഷാ ചിത്രങ്ങളില്‍നിന്നുള്ള താരനിരക്കാര്‍ ഈ ചിത്രത്തിന്റെ ഭാഗമാകുമെന്ന് അറിയുന്നു.
Recent Comments