രജനികാന്തിനെ കേന്ദ്രകഥാപാത്രമാക്കി നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ജെയിലറില്‍ അതിഥിവേഷത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നു. കഥാപാത്രത്തെ സംബന്ധിച്ച് വ്യക്തമായ സൂചനകള്‍ അണിയറക്കാര്‍ പുറത്ത് വിട്ടിട്ടില്ല. പക്ഷേ രണ്ട് ദിവസത്തെ ഷൂട്ടിംഗ് മാത്രമാണ് മോഹന്‍ലാലിന് ഈ ചിത്രത്തില്‍ ഉള്ളത്. ഇന്നലെ കേരളത്തിലെത്തിയ മോഹന്‍ലാല്‍ ഇന്ന് ചെന്നൈയിലേയ്ക്ക് തിരിച്ചിട്ടുണ്ട്. അവിടെ ഒരു കല്യാണഫങ്ഷനില് പങ്കെടുത്തശേഷം അദ്ദേഹം ജെയിലറില്‍ ജോയിന്‍ ചെയ്യും. രജനിയും മോഹന്‍ലാലും ഒന്നിക്കുന്നത് ഇതാദ്യമായിട്ടാണ്.
രജനിയെ നായകനാക്കി നെല്‍സണ്‍ ചെയ്യുന്ന ആദ്യത്തെ ചിത്രവുമാണ് ജെയിലര്‍. നെല്‍സണ്‍ മുമ്പ് സംവിധാനം ചെയ്തിട്ടുള്ള മൂന്ന് ചിത്രങ്ങളും സൂപ്പര്‍ ഹിറ്റായിരുന്നു. രജനികാന്തിനോടൊപ്പം നീണ്ട ഇടവേളയ്ക്കുശേഷം രമ്യാകൃഷ്ണനും ജയിലറില്‍ അഭിനയിക്കുന്നുണ്ട്. കന്നഡ നടന് ശിവ രാജ്കുമാര്, വസന്ത് രവി, യോഗി ബാബു, വിനായകന് എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നു.
ഇന്ത്യയിലെ ഒട്ടുമിക്ക മഹാനടന്മാര്ക്കുമൊപ്പം അഭിനയിക്കാന്‍ ഭാഗ്യം സിദ്ധിച്ച നടന്മാരില് ഒരാള്‍ കൂടിയാണ് മോഹന്‍ലാല്‍. ശിവാജഗണേശന്, എന്‍.ടി.ആര്., അമിതാഭ് ബച്ചന്, കമല്ഹാസന് ആ പട്ടികയിലേയ്ക്കാണ് ഇപ്പോള്‍ രജനികാന്ത് കൂടി കടന്നുവന്നിരിക്കുന്നത്.
Recent Comments