കാത്തിരിപ്പിനൊടുവിൽ രജനീകാന്ത് ചിത്രം കൂലി തിയറ്ററിൽ എത്തുന്നു. ചിത്രം തിയറ്ററിൽ എത്തുന്ന വിവരം സംവിധായകൻ ലോകേഷ് കനകരാജ് തന്നെയാണ് അറിയിച്ചത്. രജനികാന്തിന്റെ കഥാപാത്രത്തിന്റെ പുതിയ പോസ്റ്റർ കൂലിയുടെ നിർമാതാക്കൾ സമൂഹമാധ്യമത്തിൽ പങ്കുവെച്ചു. വൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ ആമിർ ഖാനും അതിഥി വേഷത്തിൽ എത്തുന്നുണ്ടെന്നാണ് വിവരം.
സൂപ്പർതാര സിനിമകളുടെ ക്ലാഷുകൾ ഇന്ത്യൻ സിനിമയിൽ സ്ഥിരം കാഴ്ചയാണ്. പല ഇൻഡസ്ട്രിയിലുള്ള താരങ്ങൾ ബോക്സ് ഓഫീസിൽ പരസ്പരം ഏറ്റുമുട്ടുന്നതും കളക്ഷനിൽ ആരാണ് മുന്നിട്ട് നിൽക്കുന്നതെന്ന് അറിയാനുള്ള ആരാധകരുടെ ആവേശവും ഒക്കെ സിനിമയിൽ പതിവാണ്. ഇപ്പോഴിതാ അത്തരമൊരു ക്ലാഷിന് തയാറെടുക്കുകയാണ് തമിഴകത്തിന്റെ രജനികാന്തും ബോളിവുഡിൽ നിന്ന് ഹൃത്വിക് റോഷനും ജൂനിയർ എൻടിആറും. രജനികാന്ത് – ലോകേഷ് കനകരാജ് കൂട്ടുകെട്ടിലൊരുങ്ങുന്ന കൂലിയും ഹൃത്വിക് റോഷൻ – ജൂനിയർ എൻടിആർ കോംബോ ആദ്യമായി ഒന്നുക്കുന്ന ബിഗ് ബജറ്റ് സ്പൈ ചിത്രമായ വാർ 2 വുമാണ് ക്ലാഷിനെത്തുന്നത്. ഇരു ചിത്രങ്ങളും ആഗസ്റ്റ് 14 നാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളാണ് ഉയരുന്നത്. ക്ലാഷ് റിലീസിൽ ആരായിരിക്കും ജയിക്കുന്നതെന്ന് കാണാൻ കാത്തിരിക്കുകയാണെന്നും രണ്ടു സിനിമകൾക്ക് മേലെയും പ്രതീക്ഷയുണ്ടെന്നും പ്രേക്ഷകർ കമന്റ് ചെയ്യുന്നു. സൗത്തിൽ കൂലിയും നോർത്തിൽ വാർ 2 വും വലിയ കളക്ഷൻ നേടുമെന്നും അതേസമയം ഓവർസീസ് ഉൾപ്പെടെയുള്ള മറ്റു മാർക്കറ്റുകളിൽ ഇരു സിനിമകൾക്കും തുല്യ ഡിമാൻഡ് ഉണ്ടെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. ഈ ഇരുസിനിമകളും ഒരേ ദിവസം റിലീസിനെത്തുമ്പോൾ പാൻ ഇന്ത്യൻ തലത്തിൽ ഒരു വലിയ ബോക്സ് ഓഫീസ് ക്ലാഷ് തന്നെ പ്രതീക്ഷിക്കാം.
നാഗാർജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ, റീബ മോണിക്ക ജോൺ എന്നിവരാണ് കൂലിയിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സൺ പിക്ചേഴ്സ്സിൻ്റെ ബാനറിൽ കലാനിധി മാരനാണ് നിർമാണം. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത് അനിരുദ്ധ് രവിചന്ദർ ആണ്. അയൻ മുഖർജി ഒരുക്കുന്ന സ്പൈ ത്രില്ലർ ചിത്രമാണ് ‘വാർ 2’. ‘വാർ’, ‘പത്താൻ’, ‘ടൈഗർ 3’ എന്നീ സിനിമകൾക്ക് ശേഷം സ്പൈ യൂനിവേഴ്സിന്റെ ഭാഗമായി പുറത്തിറങ്ങുന്ന ചിത്രമാണിത്.2019ൽ പുറത്തിറങ്ങിയ വാറിൻന്റെ രണ്ടാം ഭാഗമാണ് വാർ 2. ടൈഗർ ഷ്രോഫും ചിത്രത്തിൽ അഭിനയിക്കുന്നു. ചിത്രീകരണം ഈ മാസം പൂർത്തിയാക്കുമെന്നാണ് വിവരം. റിലീസ് തീയതി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ആക്ഷൻ ത്രില്ലർ ചിത്രം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് എത്തുമെന്നാണ് പ്രേക്ഷക പ്രതീക്ഷ.
Recent Comments