തമിഴ് സൂപ്പർതാരം രജനികാന്ത് തന്റെ പുതിയ സിനിമയായ ജയിലർ 2-ന്റെ ചിത്രീകരണത്തിനായി കേരളത്തിലെത്തി. പാലക്കാട് അട്ടപ്പാടിയിലാണ് ചിത്രത്തിന്റെ ആദ്യഘട്ട ഷൂട്ടിംഗ് ആരംഭിച്ചത്. ഷോളയൂരിലെ ഗോഞ്ചിയൂർ പ്രദേശങ്ങളിലാണ് പ്രധാന ഭൂരിഭാഗം ഷൂട്ട്.
2023-ൽ റിലീസായി ആഗോള ബോക്സ് ഓഫീസിൽ 600 കോടിയിലധികം കളക്ട് ചെയ്ത് വലിയ വിജയമായ നെൽസൻ ദിലീപ്കുമാറിന്റെ സംവിധാന ചിത്രം ജയിലറിന്റെ രണ്ടാം ഭാഗമായാണ് ജയിലർ 2 എത്തുന്നത്. ആദ്യചിത്രത്തിൽ ഏറെ പ്രശംസ നേടിയ മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രത്തെയാണ് രജനികാന്ത് വീണ്ടും അവതരിപ്പിക്കുന്നത്.
ജനുവരി 14-ന് ഒരു പ്രൊമോ വീഡിയോയിലൂടെ ജയിലർ 2-ന്റെ ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നിരുന്നു. അതിനുശേഷം മാർച്ചിൽ ചിത്രീകരണം ആരംഭിക്കുകയായിരുന്നു. കേരളത്തിലാണ് സിനിമയുടെ ആദ്യഘട്ടം നടക്കുന്നത് എന്നതാണ് ആരാധകരെ ആകർഷിക്കുന്ന മറ്റൊരു പ്രത്യേകത.
ചിത്രത്തിന് സംഗീതസംവിധാനം നിർവഹിക്കുന്നത് അനിരുദ്ധാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗവും ആദ്യഭാഗംപോലെ ആക്ഷൻ രംഗങ്ങൾ കൂടുതൽ ഉണ്ടാകുമെന്ന് അണിയറപ്രവർത്തകർ പറയുന്നു.
മോഹൻലാൽ അവതരിപ്പിച്ച ‘മാത്യു’ എന്ന കഥാപാത്രം രണ്ടാം ഭാഗത്തിലും ഉണ്ടാകുമോ എന്ന അറിയിപ്പിന് വേണ്ടി കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ. ചിത്രീകരണം ആരംഭിച്ചതോടെ ജയിലർ -2 ന്റെ ഔദ്യോഗിക വിവരങ്ങൾക്കായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.
Recent Comments