വാരിക്കുഴിയിലെ കൊലപാതകം, ഇന്ന് മുതല്‍, ലാല്‍ ബഹാദൂര്‍ ശാസ്ത്രി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ രജീഷ് മിഥില ആദ്യമായി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് യാനൈ മുഖത്താന്‍. യോഗി ബാബുവാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഉര്‍വ്വശി, രമേഷ് തിലക്, കരുണാകരന് എന്നിവരും താരനിരയിലുണ്ട്. ചിത്രം ഏപ്രില്‍ 14 ന് റിലീസ് ചെയ്യും.
കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിരുന്നു. വന്‍ സ്വീകരണമാണ് ട്രെയിലറിന് ലഭിച്ചത്. മണിക്കൂറുകള്‍കൊണ്ട് പത്ത് ലക്ഷത്തിലേറെ കാഴ്ചക്കാരെ നേടി ട്രെയിലര്‍ മുന്നേറ്റം തുടരുകയാണ്.
തമിഴില്‍ ഗണപതിയുടെ വിളിപ്പേരാണ് യാനൈ മുഖത്താന്‍. ജാതിമത വര്‍ഗ്ഗീയതയെ വിമര്‍ശിക്കുന്ന ആക്ഷേപഹാസ്യമാണ് ചിത്രം.
‘ഇതൊരു ഫാന്റസി ചിത്രമാണ്. തീവ്ര ഗണപതി ഭക്തനായ ഓട്ടോ ഡ്രൈവറായിട്ടാണ് രമേഷ് തിലക് അഭിനയിക്കുന്നത്. ഗണപതിയെ എവിടെ കണ്ടാലും കൈകൂപ്പി തൊഴുത് കാണിക്ക ഇടുന്നതാണ് ഇയാളുടെ ശീലം. അതേ സമയം ആളൊരു തരികിടയുമാണ്. അയാളുടെ അടുക്കലേ്ക്ക് വിനായകം എന്ന പേര് വെളിപ്പെടുത്തികൊണ്ട് യോഗി ബാബുവിന്റെ കടന്നുവരികയാണ്. അതിനുശേഷം രമേഷ് തിലകിന്റെ ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്.’ യാനൈ മുഖത്തിന്റെ സംവിധായകന് രജീഷ് മിഥില പറഞ്ഞു.
ഗ്രേറ്റ് ഇന്ത്യന്‍ സിനിമാസിന്റെ ബാനറില്‍ രജീഷ് മിഥിലയും ലിജോ ജയിംസും ചേര്‍ന്നാണ് ‘യാനൈ മുഖത്താന്‍’ നിര്‍മ്മിക്കുന്നത്. കാര്‍ത്തിക് നായര്‍ ഛായഗ്രഹണവും ഭരത് ശങ്കര്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. പി.ആര്.ഒ. സി.കെ. അജയ് കുമാര്‍.
Recent Comments