രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ആര്‍ആര്‍ആറി’ന്റെ റിലീസ് അനിശ്ചിതമായി നീട്ടിവച്ചു.
2021 ഒക്ടോബര്‍ 13 നാണ് മന്‍പ് റിലീസ് തീയതിയായി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കോവിഡ് പശ്ചാത്തലത്തില്‍ തിയേറ്ററുകളുടെ പ്രവര്‍ത്തനം സാധാരണ നിലിയിലേക്ക് എത്താന്‍ ഇനിയും സമയമെടുക്കും എന്നതിനാലാണ് പുതിയ തീരുമാനം. പുതിയ തീയതി പ്രഖ്യാപിച്ചിട്ടുമില്ല.
ഒക്ടോബറിലേക്ക് തിയേറ്ററുകളില്‍ എത്തിക്കാനാവുന്ന തരത്തില്‍ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ഭൂരിഭാഗവും പൂര്‍ത്തിയായിട്ടുണ്ട്.
‘പക്ഷേ തിയറ്ററുകള്‍ അനിശ്ചിതമായി അടച്ചിട്ടിരിക്കുന്ന സാഹചര്യത്തില്‍ ഞങ്ങള്‍ റിലീസ് നീട്ടിവെക്കുകയാണ്. പുതിയ ഒരു തീയതി പ്രഖ്യാപിക്കാനും സാധിക്കുന്നില്ല. ലോകസിനിമാ വിപണികള്‍ പ്രവര്‍ത്തിച്ചുതുടങ്ങുമ്പോള്‍, ഒട്ടും താമസിയാതെ ഞങ്ങള്‍ ചിത്രം റിലീസ് ചെയ്യും’, നിര്‍മ്മാതാക്കള്‍ അറിയിച്ചു.
2018 നവംബര്‍ 19നാണ് രാജമൗലി ‘ആര്‍ആര്‍ആറി’ന്റെ ചിത്രീകരണം ആരംഭിച്ചത്. എന്നാല്‍ കോവിഡ് കാരണം ഷൂട്ടിംഗ് മാസങ്ങളോളം നിര്‍ത്തിവെക്കേണ്ടിവന്നു. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് വീണ്ടും ഷൂട്ടിംഗ് പുനരാരംഭിച്ചത്. ‘രൗദ്രം രണം രുധിരം’ എന്നതിന്റെ ചുരുക്കെഴുത്താണ് ‘ആര്‍ആര്‍ആര്‍’. ജൂനിയര്‍ എന്‍.ടി.ആര്, രാംചരണ്‍ എന്നിവരെ കേന്ദ്രകഥാപാത്രമായി ഒരുക്കുന്ന ചിത്രത്തില്‍ അജയ് ദേവ്ഗണ്, ആലിയ ഭട്ട്, ഒലിവിയ മോറിസ്, റേ സ്റ്റീവെന്‍സണ്‍, അലിസണ് ഡൂഡി തുടങ്ങി വന്‍താരനിരയെയാണ് രാജമൗലി അണിനിരത്തുന്നത്.
സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരായ അല്ലൂരി സീതാരാമ രാജു, കൊമരം ഭീം എന്നീ സ്വാതന്ത്ര്യസമര സേനാനികളുടെ സൗഹൃദത്തിന്റെ കഥയാണ് പറയുന്നത്. ഇവര്‍ യഥാര്‍ഥ ജീവിതത്തില്‍ നേരിട്ട് കണ്ടിട്ടില്ല. ഇരുവരും പരസ്പരം കണ്ടിരുന്നെങ്കിലോ എന്ന ഭാവനയിലാണ് ചിത്രത്തിന്റെ കഥ സംവിധായകന് രാജമൗലി ഒരുക്കിയിരിക്കുന്നത്.
സീ5, നെറ്റ്ഫ്ളിക്സ് എന്നീ പ്ലാറ്റ്ഫോമുകളിലായിരിക്കും ചിത്രത്തിന്റെ ഒടിടി റിലീസ്. എന്നാല്‍ ഇത് പ്രീമിയര്‍ ഒടിടി റിലീസ് ആയിരിക്കില്ല, മറിച്ച് തിയേറ്റര്‍ റിലീസിനു ശേഷമുള്ള ഒടിടി സ്ട്രീമിംഗ് ആയിരിക്കും. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളിലെ സ്ട്രീമിംഗ് സീ 5ല്‍ ആയിരിക്കും. ഹിന്ദി പതിപ്പ് നെറ്റ്ഫ്ളിക്സിലും. അതേസമയം വിദേശരാജ്യങ്ങളിലെ സ്ട്രീമിംഗ് അവകാശവും നെറ്റ്ഫ്ളിക്സിനാണ്. ഇംഗ്ലീഷിനു പുറമെ പോര്‍ച്ചുഗീസ്, കൊറിയന്‍, ടര്‍ക്കിഷ്, സ്പാനിഷ് ഭാഷകളിലും ചിത്രം നെറ്റ്ഫ്ളിക്സില്‍ എത്തും. ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം ഹിന്ദിയില്‍ സീ സിനിമയ്ക്കാണ്. ഹിന്ദി ഒഴികെയുള്ള പതിപ്പുകളുടെ സാറ്റലൈറ്റ് റൈറ്റ് സ്റ്റാര്‍ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ചാനലുകളിലാണ്. തെലുങ്ക് പതിപ്പ് സ്റ്റാര്‍ മായിലും തമിഴ് പതിപ്പ് സ്റ്റാര്‍ വിജയിലും മലയാളം പതിപ്പ് ഏഷ്യാനെറ്റിലും കന്നഡ പതിപ്പ് സ്റ്റാര്‍ സുവര്‍ണ്ണയിലും പ്രദര്‍ശിപ്പിക്കും.
Recent Comments