നടന് മോഹന്‍ലാലിന്റെ പിറന്നാള്‍ ആഘോഷമാക്കി എല്‍ 360 സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. സംവിധായകന് തരുണ്‍ മൂര്‍ത്തി, നിര്‍മ്മാതാവ് എം. രഞ്ജിത്ത്, ശോഭന, മണിയന്‍പിള്ള രാജു, നന്ദു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പിറന്നാള്‍ ആഘോഷം സംഘടിപ്പിച്ചത്. കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിക്കുന്നതിനിടെ മോഹന്‍ലാല്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്.
പുറത്ത് കോരിച്ചൊരിയുന്ന മഴയത്തും ഒരു സിനിമാ യൂണിറ്റ് ഒത്തുചേര്‍ന്നത് മലയാളത്തിന്റെ പ്രിയനടന് മോഹന്‍ലാലിന് ജന്മദിനാശംസകള് നേര്‍ന്നു.
തൊടുപുഴയില്‍ ചിത്രീകരണം നടന്നു വരുന്ന രജപുത്രാ വിഷ്വല്‍ മീഡിയായുടെ ബാനറില്‍ എം. രഞ്ജിത്ത് നിര്‍മ്മിച്ച്, തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലായിരുന്നു ഈ ഒത്തുകൂടല്‍ ചടങ്ങ് നടന്നത്.
പേര് ഇട്ടിട്ടില്ലാത്ത ഈ ചിത്രം താല്‍ക്കാലികമായി എല്‍.360 എന്ന പേരിലാണ് അറിയപ്പെടുന്നത്. മോഹന്‍ലാലിന്റെ മുന്നൂറ്റി അറുപതാമത്തെ സിനിമയായതുകൊണ്ടാണ്
എല്‍360 എന്ന് താല്‍ക്കാലികമായി അനൗണ്‍സ് ചെയ്തിരിക്കുന്നത്.
മെയ് 21 ന് മോഹന്‍ലാലിന്റെ ജന്മദിനം. ഈ ദിനത്തില്‍ മോഹന്‍ലാല്‍ ബിഗ് ബോസ് പരമ്പരയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ചെന്നൈയിലായിരുന്നു. ഒപ്പം കുടുംബത്തോടൊപ്പം ജന്മദിനത്തില് പങ്കെടുക്കുവാനും കഴിഞ്ഞു. 22 ന് വീണ്ടും തൊടുപുഴയിലെ ലൊക്കേഷനില്‍ മടങ്ങിയെത്തിയപ്പോഴാണ് നിര്‍മ്മാതാവ് എം. രഞ്ജിത്ത് തങ്ങള്‍ ഒരു ചടങ്ങ് സംഘടിപ്പിച്ചിട്ടുണ്ടന്ന് അറിയിക്കുന്നത്. മോഹന്‍ലാല്‍ അത് സന്തോഷത്തോടെ സ്വീകരിക്കുകയായിരുന്നു. മൂണ്‍ലൈറ്റ് ഹോട്ടലിലിലായിരുന്നു ഈ ഒത്തുകൂടല്‍ നടന്നത്.
യൂണിറ്റ് ഒന്നടങ്കം മോഹന്‍ലാലിന് ആശംസകള്‍ നേരുവാന്‍ എത്തിച്ചേര്‍ന്നു. ചിത്രീകരണം അല്‍പ്പം നേരത്തേ നിര്‍ത്തിക്കൊണ്ടാണ് സന്തോഷകരമായ ഒരു സായാഹ്നത്തിനായി ഒത്തുചേര്‍ന്നത്. നിര്‍മ്മാതാവ് എം. രഞ്ജിത്ത് ചടങ്ങിന് നേതൃത്വം നല്കി. ആശംസകള്‍ നേര്‍ന്നു കൊണ്ട് രഞ്ജിത്ത് ആമുഖ പ്രസംഗം നടത്തിക്കൊണ്ടാണ് ചടങ്ങ് ആരംഭിച്ചത്.
L360 എന്ന കേക്ക് മുറിച്ചു മധുരം പകരുകയായിരുന്നു പിന്നീട്. തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ മണിയന്‍പിള്ള രാജുവും ശോഭനയും സന്തത സഹചാരിയായ ആന്റണി പെരുമ്പാവൂരും ഉള്‍പ്പടെ അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും ഈ ചടങ്ങില്‍ ഒപ്പമുണ്ടായിരുന്നു.
പിന്നിട് മൈക്ക് കൈയിലെടുത്ത് സംസാരിച്ചത് മണിയന്‍പിള്ള രാജുവായിരുന്നു. ഈ ചിത്രത്തില്‍ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന മണിയന് പിള്ള രാജു മോഹന്‍ലാലിനെ സ്കൂള്‍ നാടകത്തില്‍ അഭിനയിപ്പിച്ചു തുടങ്ങിയതുള്‍പ്പടെ തന്റെ സ്മരണകള്‍ പുതുക്കിയപ്പോള്‍ അത് സദസ്സിന് ഏറെ കൗതുകമായി.
പിന്നീട് സംവിധായകന് തരുണ്‍ മൂര്‍ത്തിയുടെ ഊഴമായിരുന്നു. ലാലേട്ടനോടൊപ്പം ഒരു സിനിമ ചെയ്യാനുള്ള അവസരം ലഭിച്ചതിലെ തന്റെ സന്തോഷം പങ്കിട്ടുകൊണ്ടാണ് സംവിധായകന് തരുണ്‍മൂര്‍ത്തി തന്റെ ആശംസകള്‍ നേര്‍ന്നത്.
ഏറെ ഇടവേളക്കുശേഷം മലയാളസിനിമയില്‍ അഭിനയിക്കാനായി, അതും മോഹന്‍ലാലിന്റെ നായികയായിത്തന്നെ അഭിനയിക്കാനെത്തിയ ശോഭനയുടെ സാന്നിദ്ധ്യവും ഈ ചിത്രത്തേയും ഈ ചടങ്ങിനേയും ഏറെ നിറം പകരുന്നതായിരുന്നു. തനിക്കെന്നും ലാല്‍സാറിന്റെ ജന്‍മദിനമാണന്നും പ്രാര്‍ത്ഥനയോടെയാണ് ഒരു ദിവസത്തിനു തുടക്കമിടുന്നതെന്നും ചടങ്ങില്‍ പങ്കെടുത്ത ആന്റണി പെരുമ്പാവൂര്‍ ആശംസ നേര്ന്നുകൊണ്ടു പറഞ്ഞു. ശോഭനയുടെ ആശംസകള്‍ വലിയ സൗഹൃദത്തിന്റെ ഓര്‍മ്മ പുതുക്കല്‍ കൂടിയായിരുന്നു.
നിര്‍മ്മാതാവ് രഞ്ജിത്തിന്റെ ഭാര്യയും നടിയുമായ ചിപ്പിയും തന്റെ അനുഭവങ്ങള്‍ പങ്കിട്ട്, ആശംസകള്‍ നേര്‍ന്നു. ഞാന്‍ മെംബര്‍ ആകുന്നതിനു മുമ്പ് തന്റെ കുടുംബത്തില്‍ മെംബര്‍ ആയതാണ് ലാലേട്ടനെന്ന് സംവിധായകന് ഫാസിലിന്റെ മകനും നടനുമായ ഫര്ഹാന് ഫാസില്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് പറഞ്ഞു.
അനശ്വരനായ കുതിരവട്ടം പപ്പുവിന്റെ മകനും നടനും ഈ ചിത്രത്തിന്റെ കോ-ഡയറക്ടറുമായ ബിനു പപ്പുവും തന്റെ ഓര്‍മ്മകള്‍ പങ്കുവച്ച് ആശംസകള്‍ നേര്‍ന്നു.
പ്രമുഖഹാസ്യ കലാകാരന് സൈജു അടിമാലി മോഹന്‍ലാലിനോടൊപ്പം ഒരു ഷോയുമായി ബന്ധപ്പെട്ട് സിംഗപ്പൂരില്‍ പോയി മടങ്ങിവന്നപ്പോള്‍ കോതമംഗലം ബസ് സ്റ്റാന്‍ഡില്‍ ഉണ്ടായ അനുഭവം രസകരമായി അവതരിപ്പിച്ചത് സദസ്സിനെ ചിരിയിലേക്കു നയിച്ചു.
കൃഷ്ണപ്രദയുടെ ഉപഹാരമായ ഗാനങ്ങള്‍ സദസ്സിനേയും അവര്‍ക്കൊപ്പം കൂട്ടി.
ഇര്‍ഷാദ് അലി, നന്ദലാല്‍, ഡിക്സന് പൊടുത്താസ്, തിരക്കഥാകൃത്ത് കെ.ആര്. സുനില്‍, ഛായാഗ്രാഹകന്‍ ഷാജികുമാര്‍, പ്രകാശ് വര്‍മ്മ, എന്നിവരും യൂണിറ്റിലെ എല്ലാ വിഭാഗത്തിലുള്ളവരും ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
തന്നോട് ആത്മാര്‍ത്ഥമായി പ്രകടിപ്പിച്ച ഈ സന്തോഷ നിമിഷങ്ങള്‍ക്ക് മോഹന്‍ലാല്‍ നന്ദി പറഞ്ഞു കൊണ്ടാണ് ഈ സന്തോഷത്തിന്റെ രാവുകള്‍ക്ക് തിരശ്ശീല വീണത്.
എന്നും ഓര്‍മ്മയില്‍ ചേര്‍ത്തു വക്കാന്‍ പറ്റുന്ന ഒരു ചടങ്ങായി മാറിയിരുന്നു ഈ ജന്മദിനാഘോഷം. -വാഴൂര്‍ ജോസ്.
Recent Comments