‘ആമിര്‍ഖാനും കിരണ്‍ റാവുവിനും മുമ്പത്തേക്കാള്‍ വര്‍ണ്ണാഭമായ ഒരു ജീവിതം ഞാന്‍ ആശംസിക്കുന്നു. വിവാഹത്തേക്കാള്‍ വിവാഹമോചനം ആഘോഷിക്കപ്പെടേണ്ടതാണെന്ന് ഞാന്‍ കരുതുന്നു. കാരണം വിവാഹം സംഭവിക്കുന്നത് അജ്ഞതയില്‍നിന്നും വിവരക്കേടില്നിന്നുമാണ്. വിവാഹമോചനമാകട്ടെ അറിവില്‍നിന്നും വിവേകത്തില്നിന്നുമാകുന്നു.’ ഈ മഹത് വചനം സംവിധായകന് രാംഗോപാല്‍ വര്‍മ്മയുടേതാണ്.
ആമിര്‍-കിരണ്‍ വിവാഹമോചന വാര്‍ത്ത ഔദ്യോഗികമായി പ്രഖ്യാപിച്ചതിനുപിന്നാലെ അവര്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് രാംഗോപാല്‍വര്‍മ്മ ട്വീറ്റ് ചെയ്ത വരികളാണ്.
ഏതൊരാള്‍ക്കും അയാളുടെ അഭിപ്രായം തുറന്നുപറയാനും രേഖപ്പെടുത്തുവാനുമുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട്. ഇന്ത്യയെപ്പോലെ ഒരു ജനാധിപത്യരാജ്യത്തില്‍ അത് ഭരണഘടന അനുവദിച്ച് നല്‍കുന്നുമുണ്ട്. ആ അര്‍ത്ഥത്തില്‍ രാംഗോപാല്‍വര്‍മ്മയുടെ വരികളെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ അതിനുമേലുള്ള വിയോജനകുറിപ്പും രേഖപ്പെടുത്താന്‍ ആഗ്രഹിക്കുന്നു.
വിവാഹം സംഭവിക്കുന്നത് അജ്ഞതയില്‍നിന്നും വിവരക്കേടില്നിന്നുമാണെന്ന് രാംഗോപാല്‍ വര്‍മ്മ വാദിക്കുന്നു. അദ്ദേഹം ഇങ്ങനെ സാമാന്യവല്ക്കരിക്കുന്നതില് ചില ദുഃസൂചനകളുണ്ട്. ഇവിടെ നടക്കുന്ന ഏത് വിവാഹങ്ങളും വിവരക്കേടിന്റെയും അജ്ഞതയുടെയും സൃഷ്ടികളെന്നാണ് അദ്ദേഹം പറഞ്ഞുവയ്ക്കുന്നത്.
എന്നാല്‍ അങ്ങനെയാണോ? ഇന്ത്യയിലെ ഓരോ പൗരനും നിയമപരിരക്ഷ ഉറപ്പിക്കുന്നതാണ് ഓരോ വിവാഹങ്ങളും. (വിവാഹമോചനങ്ങളുമതെ.) അത് ഏത് മതത്തിലോ ജാതിയിലോ പെട്ട വിവാഹങ്ങളും ആയിക്കൊള്ളട്ടെ. അതിനെയാണ് വിവരക്കേടെന്നും അജ്ഞതയെന്നും പറഞ്ഞ് രാംഗോപാല്‍വര്‍മ്മ പുച്ഛിച്ചു തള്ളുന്നത്. അത് ഒരുതരത്തില്‍ നിയമനിഷേധം തന്നെയാണ്.
ഏറ്റക്കുറച്ചിലുകളുണ്ടാകുമെങ്കിലും മനുഷ്യരാശി പൊതുവിലും അംഗീകരിച്ചിട്ടുള്ള വ്യവസ്ഥാപിത സമ്പ്രദായമാണ് വിവാഹം. അതിന് അങ്ങേയറ്റം പവിത്രത കല്പ്പിക്കുന്നവരുമുണ്ട്. വിവാഹം സ്വര്‍ഗ്ഗത്തില്‍വച്ച് നടക്കുന്നു എന്നൊരു പ്രയോഗം പോലുമുണ്ട്. എന്നിട്ടും അതിനുള്ളിലും നല്ലതും ചീത്തയും സംഭവിക്കുന്നു. നല്ലതിനെ വാഴ്ത്തുന്നു. ചീത്തയെ ഇകഴ്ത്തുന്നു. ചീത്ത പാപത്തിന്റെ സൃഷ്ടിയല്ല. അത് തെറ്റുകളില്‍നിന്നും പിശകുകളില്നിന്നും സംഭവിക്കുന്നതാണ്. അതൊട്ടുമേ അപലപിക്കപ്പെടേണ്ടതല്ല. പിഴവുകളും തെറ്റുകളും തിരുത്താവുന്നത്ര ലളിതമാണ്.
വിവാഹമോചനവും ആഘോഷിക്കപ്പെടേണ്ടതാണെന്നുള്ള അദ്ദേഹത്തിന്റെ അഭിപ്രായത്തോട് വിയോജിപ്പൊന്നുമില്ല. എല്ലാകാലത്തും സര്വ്വസ്വാതന്ത്ര്യങ്ങള്ക്കുമേല് ചങ്ങലയില്‍ ബന്ധിതനായി ജീവിതം ഹോമിച്ച് കളയണമെന്നുള്ള മൂഢവിശ്വാസവുമില്ല. അത്തരം ചങ്ങലകള്‍ പൊട്ടിച്ചെറിയുകതന്നെ വേണം. അത് ആണായാലും പെണ്ണായാലും. അതിന്റെ പേരില്‍ വിവാഹസമ്പ്രദായത്തെ മൊത്തത്തില്‍ അടച്ചാക്ഷേപിക്കുന്നത് ആ ധര്‍മ്മയുദ്ധത്തില്‍ സ്വയം പരാജിതനായതുകൊണ്ടാവാം. (രാംഗോപാല്വര്മ്മയും വിവാഹമോചിതനാണ്.) എല്ലാവരുടെയും ജീവിതം അങ്ങനെയാണെന്ന് രാംഗോപാല്‍ വര്‍മ്മയെപ്പോലെ സെലിബ്രിറ്റി സ്റ്റാറ്റസ് ഉള്ളൊരാള് പ്രഖ്യാപിക്കുന്നത് സമൂഹത്തില്‍ തെറ്റായ സന്ദേശം പരത്താന്‍ ഇടയായേക്കും.
പിന്നില്‍ പരാജയപ്പെടാന്‍ ഒരുപാട് പേരുള്ളതുകൊണ്ടാണ് ഒരാള്‍ വിജയിയാകുന്നത്. അതിനര്‍ത്ഥം പിന്നാലെ ഓടുന്നവര്‍ പരാജിതനാണെന്നല്ല. അങ്ങനെ സ്വയം വിലയിരുത്തിയാല്‍ സ്വന്തം കഴിവില്ലായ്മയിലുള്ള പരസ്യമായ അംഗീകരിക്കലാവും.
Recent Comments