വയനാട്ടിലെ ഒരു ലൊക്കേഷനില്‍നിന്നുള്ള മടക്കയാത്രയിലാണ് അപ്പുണ്ണി ശശിയെ ആദ്യമായി പരിചയപ്പെടുന്നത്. ഞങ്ങളുടെ കാറില്‍ ഒരു സഹയാത്രികനായി ഒപ്പം കൂടുകയായിരുന്നു. വഴിക്ക് കോഴിക്കോട് ഇറങ്ങാനായിരുന്നു അദ്ദേഹത്തിന്റെ പദ്ധതി.
രഞ്ജിത്തിന്റെ പാലേരി മാണിക്യത്തിന് പിന്നാലെ ശശി ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയ നാളുകളായിരുന്നു അത്. അത്യാവശ്യം വേഷങ്ങള്‍ മലയാളസിനിമയില്‍ നിന്ന് അദ്ദേഹത്തെ തേടിയെത്താനും തുടങ്ങിയിരുന്നു.
ആ യാത്രയിലാണ് ശശി എന്ന നാടക നടനെ അടുത്തറിയുന്നത്. പെട്ടെന്ന് ശശിയെ ഓര്‍മ്മിക്കാന്‍ ഒരു കാരണമുണ്ട്. കഴിഞ്ഞ ദിവസമാണ് റത്തീന സംവിധാനം ചെയ്ത പുഴു കണ്ടത്. അതിലെ കുട്ടപ്പന് എന്ന കഥാപാത്രത്തെ അദ്ദേഹം അതിഗംഭീരമാക്കിയിരിക്കുന്നു. ഒരു നാടകനടനായിട്ടാണ് ശശി അതില്‍ അഭിനയിക്കുന്നത്. നാടകത്തിനുവേണ്ടി സ്വന്തം ജീവിതംതന്നെ ഉഴിഞ്ഞുവെച്ച ഒരാള്‍ക്ക് ഇതിനെക്കാളും മികച്ചൊരു കഥാപാത്രം ലഭിക്കാനിടയില്ല. സിനിമയുടെ വ്യാകരണങ്ങളില്‍ നിന്നുകൊണ്ട് ആ കഥാപാത്രത്തെ മികവുറ്റതാക്കിയതില്‍ ശശി അഭിനന്ദനം അര്‍ഹിക്കുന്നു.
കോഴിക്കോട് ഇരഞ്ഞിക്കല്‍ കേന്ദ്രമാക്കി യങ് ബഡ് ഇരഞ്ഞിക്കല്‍ കള്‍ച്ചറല്‍ സൊസൈറ്റി എന്നൊരു സംഘടന ഉണ്ടായിരുന്നു. ആ സംഘടനയുടെ ആഭിമുഖ്യത്തില്‍ കേരളത്തിലങ്ങോളമിങ്ങോളമുള്ള വേദികളില്‍ എണ്ണമറ്റ നാടകങ്ങള്‍ കളിച്ച് നടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു ശശിക്ക്. നാടകം തന്റെ ജീവശ്വാസമാണെന്ന് തിരിച്ചറിഞ്ഞ നാളുകളിലായിരുന്നു ജയപ്രകാശ് കുളൂരിന്റെ ശിഷ്യത്വം സ്വീകരിക്കാന്‍ അദ്ദേഹം ഇറങ്ങി പുറപ്പെട്ടത്. രണ്ട് വര്‍ഷം ഒപ്പം നടന്നിട്ടും കുളൂര്‍ മാഷ് ശശിയെ തിരിഞ്ഞു നോക്കിയില്ലെന്ന് മാത്രമല്ല, അവഗണനയും അവമതിപ്പുമാണ് ലഭിച്ചതത്രയും. അത് കുളൂര്‍ മാഷിന്റെ പരീക്ഷണഘട്ടമായിരുന്നു. അതില്‍ ശശി വിജയിച്ചെന്ന് കണ്ടപ്പോഴാണ് കുളൂര്‍ ഒരു കഥ പറഞ്ഞുകൊടുത്തത്. സഹപ്രവര്‍ത്തകനായ ഹരീഷ് പേരടിക്കൊപ്പം (സംശയിക്കേണ്ട, ഇന്നത്തെ നടന് ഹരീഷ് പേരടി തന്നെ) ചേര്‍ന്ന് ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു നാടകമാക്കി അത് മാറ്റി. രചന, സാക്ഷാത്കാരം ജയപ്രകാശ് കുളൂര്‍ എന്ന മുദ്രണത്തോടെ ആ നാടകം പുറത്തിറങ്ങി. ‘അപ്പുണ്ണികളുടെ റേഡിയോ’ എന്നായിരുന്നു ആ നാടകത്തിന്റെ പേര്. വേദിയില്‍ ഒരു കസേരയും മേശയും പിന്നെ തെര്‍മോകോളില്‍ തീര്‍ത്ത ഒരു റേഡിയോയും മാത്രം. ലൈറ്റിന്റെയോ മേക്കപ്പിന്റെയോ അകമ്പടിയൊന്നുമില്ലാതെ ശശിയും ഹരീഷും നിന്ന് ആ ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള നാടകം രംഗത്തവതരിപ്പിച്ചു. നാടകം സൂപ്പര്‍ഹിറ്റായി. ഒരു ദിവസം നാലും അഞ്ചും വേദികളില്‍വരെ നാടകം അവതരിക്കപ്പെട്ടു. ആ നാടകത്തിന് ലഭിച്ച സ്വീകാര്യതതന്നെയാണ് അതിനൊരു തുടര്‍ച്ച ഉണ്ടാക്കിയത്. ‘അപ്പുണ്ണികളുടെ നാളെ’ എന്നായിരുന്നു രണ്ടാമത്തെ നാടകത്തിന്റെ പേര്. കേരളത്തിനകത്തും പുറത്തും വിദേശരാജ്യങ്ങളിലും ആ നാടകം അവതരിക്കപ്പെട്ടു. മാധ്യമങ്ങളും നിരൂപകരും നാടകത്തെ പാടി പുകഴ്ത്തി. അതോടെ ശശി അപ്പുണ്ണി ശശിയായി.
അതിനുശേഷം കുളൂരിന്റെ തന്നെ ‘തെരഞ്ഞെടുപ്പ്’ എന്ന നാടകം വേദിയില്‍ ഒറ്റയ്ക്ക് അവതരിപ്പിച്ചതും ശശിയായിരുന്നു. ‘തെരഞ്ഞെടുപ്പ്’ ഇന്റര്‍നാഷണല്‍ ഡ്രാമാ ഫെസ്റ്റിവലില്‍ ഒരിക്കലല്ല, രണ്ട് തവണ അവതരിപ്പിക്കാനുള്ള ഭാഗ്യവും ശശിക്ക് ലഭിച്ചു. കോഴിക്കോട് ഠൗണ്‍ ഹാളില്‍ ആ നാടകം അരങ്ങേറിയതിന് പിന്നാലെ ശശിയെത്തേടി ഒരു ചെറുപ്പക്കാരന് ഗ്രീന്‍ റൂമിലെത്തി. ശശിയുടെ പ്രകടനത്തെ വാനോളം പുകഴ്ത്തി. എന്നെങ്കിലും നാടകനടനെ കേന്ദ്രീകരിച്ച് ഒരു സിനിമ ഉണ്ടാവുകയാണെങ്കില്‍ അതിലൊരു വേഷം തരുമെന്ന് ആയാള്‍ പറഞ്ഞു. അയാള്‍ വാക്ക് തെറ്റിച്ചില്ല. പതിനൊന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം അയാളൊരു സിനിമകയ്ക്ക് തിരക്കഥ എഴുതിയപ്പോള്‍ അതില്‍ ശശിക്കായി ഒരു കഥാപാത്രത്തെ നീക്കിവച്ചു. അതാണ് പുഴു എന്ന സിനിമയിലെ കെ.പി. എന്ന് ചുരുക്കപ്പേരിലറിയപ്പെടുന്ന കുട്ടപ്പന്. അന്ന് ശശിയെത്തേടി എത്തിയ ആ ചെറുപ്പക്കാരന്റെ പേര് ഹര്‍ഷാദ് എന്നായിരുന്നു.
‘തെരഞ്ഞെടുപ്പി’ന് ശേഷവും ശശി നാടകങ്ങള്‍ ചെയ്തു. ചക്കരപ്പന്തല്‍ എന്ന നാടകത്തില്‍ നാല് കഥാപാത്രങ്ങളെ ഒറ്റയ്ക്കവതരിപ്പിച്ചതും ശശിയായിരുന്നു. അതിപ്പോഴും അരങ്ങില്‍ അവതരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
നാടകത്തില്‍ കൂളൂര് ജയപ്രകാശും സിനിമയില്‍ രഞ്ജിത്തുമാണ് അപ്പുണ്ണി ശശിയുടെ ഗുരുക്കന്മാര്. പാലേരിമാണിക്യത്തിന് ശേഷം ചെറുതും വലുതുമായ എണ്‍പതോളം കഥാപാത്രങ്ങളെ ശശി അവതരിപ്പിച്ചുവെങ്കിലും കരിയറില്‍ വഴിത്തിരിവുണ്ടാക്കുന്ന ഒരു വേഷത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു അദ്ദേഹം. പുഴുവിലെ കുട്ടപ്പനിലൂടെ അത് യാഥാര്‍ത്ഥ്യമായിരിക്കുന്നു. ഭാഗ്യംകൂടി കടാക്ഷിച്ചാല് മലയാളസിനിമയില്‍നിന്ന് ഒരുപിടി മികച്ച കഥാപാത്രങ്ങള്‍ ശശിയെ തേടിയെത്തുമെന്നുറപ്പ്.
കോഴിക്കോട് ഇരഞ്ഞിക്കല്‍ എളാമ്പത്ത് വീട്ടില്‍ അഭിനന്ദനങ്ങള്‍ക്ക് നടുവില്‍ ഇരിക്കുമ്പോഴും ശശി വിനയാന്വിതനാണ്. ആ കൊച്ചുവീട്ടില്‍ ശശിക്കൊപ്പം മധുരം പങ്കുവയ്ക്കാന്‍ ഭാര്യ സിന്ധുവും ഏകമകന് നാലര വയസ്സുകാരന് കാര്‍ത്തിക്കുമുണ്ട്.
Recent Comments