സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനായി പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്ത് നിയമിതനായേക്കുമെന്നറിയുന്നു. നിലവില്‍ കമലാണ് അക്കാദമി ചെയര്മാന്.
രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയശേഷവും വിവിധ അക്കാദമികളില്‍ നിലവിലുള്ള ഭരണസമിതികളാണ് തുടരുന്നത്. കാലാവധി പൂര്‍ത്തിയായ ഭരണസമിതികളും ഏറെയാണ്. ഈ പശ്ചാത്തലത്തില്‍ നേതൃസ്ഥാനത്തേയ്ക്ക് കൊണ്ടുവരാനുള്ളവരുടെ കൊണ്ടുപിടിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടന്നുവരുന്നത്.
സാംസ്കാരിക വകുപ്പിന് കീഴിലുള്ള ചലച്ചിത്ര അക്കാദമിയുടെ ചെയര്മാന് സ്ഥാനത്തേയ്ക്ക് ഇപ്പോള്‍ മൂന്നു പേരുകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. സംവിധായകനും തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ രഞ്ജിത്ത്, സംവിധായകനും തിരക്കഥാകൃത്തും നടനുമായ മധുപാല്‍, സംവിധായകന് കെ. മധു.
എറണാകുളത്ത് നിന്നുള്ള സംവിധായകനും തിരക്കഥാകൃത്തും നടനുമായ ഒരാളാണ് രഞ്ജിത്തിന്റെ പേര് നിര്‍ദ്ദേശിച്ചതെന്നറിയുന്നു. തിരുവനന്തപുരത്തെ സിനിമാ ബെല്‍റ്റാണ് മധുപാലിനുവേണ്ടി നിലകൊള്ളുന്നത്. കെ. മധുവാകട്ടെ ഇവര്‍ക്കിടയില്‍ ശക്തമായ സാന്നിദ്ധ്യമാകാനും ശ്രമിക്കുന്നു.
ഇവരില്‍ രഞ്ജിത്തിന് തന്നെയാണ് മുന്‍ഗണന കല്‍പ്പിക്കപ്പെടുന്നത്. സിനിമാ ഇന്‍ഡസ്ട്രിയില്‍ അദ്ദേഹത്തിനുള്ള സര്‍വ്വ സ്വീകാര്യതതന്നെയാണ് അതിനുള്ള പ്രധാന കാരണം. കൂടാതെ ഇക്കഴിഞ്ഞ നിയമസഭാ ഇലക്ഷനില്‍ കോഴിക്കോട് സൗത്തില്‍നിന്ന് സി.പി.എം സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ രഞ്ജിത്തിനുമേല് സമ്മര്‍ദ്ദമുണ്ടായിരുന്നു. മത്സരിക്കാന്‍ അദ്ദേഹം സന്നദ്ധത അറിയിച്ചതുമാണ്. എന്നാല്‍ സിറ്റിംഗ് എം.എല്‍.എയും ജനപ്രിയനുമായ പ്രദീപിനെ ഒഴിവാക്കി രഞ്ജിത്തിന് സീറ്റ് നല്‍കാനുള്ള ശ്രമം ഏറെ വിവാദങ്ങള്‍ക്ക് ഇടവച്ചിരുന്നു. തുടര്‍ന്ന് രഞ്ജിത്ത് സ്വമേധയ പിന്മാറുകയായിരുന്നു. എന്നിട്ടും പ്രദീപിനു പകരം അവിടെനിന്ന് മത്സരിച്ചത് തോട്ടത്തില്‍ രവീന്ദ്രനാണ്. ഒരു നിര്‍ണ്ണായക ഘട്ടത്തില്‍ പാര്‍ട്ടി നിലപാടുകള്‍ക്കൊപ്പം നിന്ന രഞ്ജിത്തിനെതന്നെ സര്‍ക്കാരും പിന്തുണയ്ക്കുമെന്നറിയുന്നു. എങ്കില്‍ പുതിയ ചലച്ചിത്ര അക്കാദമി ചെയര്‍മാനായി രഞ്ജിത്ത് നിയമിതാകും.
എന്നാല്‍ കേരള ചലച്ചിത്ര വിസകന കോര്പ്പറേഷന് ചെയര്‍മാനായി ഷാജി എന്‍. കരുണിനെതന്നെ നിലനിര്‍ത്താനാണ് സാധ്യത. നിലവില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ ഷാജി എന്‍. കരുണിനു കീഴില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ആ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ അദ്ദേഹത്തിനുതന്നെ അവസരം ഒരുക്കണമെന്നാണ് ഭൂരിപക്ഷ അഭിപ്രായം.
Recent Comments