സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്തിനെ കുറിച്ച് പരസ്യമായ ആരോപണം ഉന്നയിച്ചത് സംവിധായകന് വിനയനാണ്. അക്കാദമി ചെയര്മാന് എന്ന നിലയില്‍ അവാര്‍ഡ് നിര്‍ണ്ണയത്തില്‍ ഇടപെടുകയും ജൂറി അംഗങ്ങളെ നിയന്ത്രിക്കുകയും ചെയ്തുവെന്നുള്ള ഗുരുതരമായ ആരോപണങ്ങളാണ് തന്റെ ഫെയ്സ് ബുക്ക് പേജിലൂടെ വിനയന് ഉയര്‍ത്തിയത്. അപ്പോഴും ഇത് സംബന്ധിച്ച് കൃത്യമായ തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞിരുന്നില്ല. സാധാരണഗതിയില്‍ ഒരാള്‍ ആരോപണം ഉന്നയിച്ചാല്‍ അതിനെ ശക്തിയുക്തം എതിര്‍ത്തുകൊണ്ട് പത്രസമ്മേളനം നടത്തുകയോ സ്വയം വിശദീകരിക്കുകയോ ചെയ്യുന്ന ആളാണ് രഞ്ജിത്ത്. പക്ഷേ ഇക്കാര്യത്തില്‍ അദ്ദേഹം മൗനം പാലിച്ചു. ആ മൗനത്തില്‍ നിന്നുപോലും പലതും വായിച്ചെടുക്കാമായിരുന്നു.
കുറ്റാരോപിതനായ ഒരാളെക്കുറിച്ച് വ്യക്തമായ തെളിവുകള്‍ ലഭിക്കാത്ത പക്ഷം അയാള്‍ക്കെതിരെ ഒന്നും എഴുതാനോ പറയാനോ പാടില്ല എന്നതാണ് സാമാന്യ മര്യാദ. അതുകൊണ്ട് ഞങ്ങളും മൗനം ദീക്ഷിച്ചു. പക്ഷേ, ഞങ്ങള്‍ നടത്തിയ അന്വേഷണങ്ങളില്‍ ഗുരുതരമായ കൃത്യവിലോപം ചെയര്മാന് നടത്തിയതായി ജൂറി അംഗങ്ങള്‍ അടക്കം ഞങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ആ ഉത്തമബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ പറയട്ടെ. രഞ്ജിത്ത് ഉടനടി കേരള ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനം രാജി വയ്ക്കണം. അതിന് അദ്ദേഹം തയ്യാറാകുന്നില്ലെങ്കില്‍ ഗവണ്മെന്റ് അടിയന്തിരമായി ഇടപെട്ട് അദ്ദേഹത്തെ പുറത്താക്കണം.
പണ്ട് പി.ആര്.ഡിയുടെ കീഴില്‍ നടത്തപ്പെട്ട് വന്നിരുന്ന അവാര്‍ഡ് നിര്‍ണ്ണയ രീതികളില്‍ അനേകം പാകപ്പിഴകള്‍ ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ് വഴി ചലച്ചിത്ര അക്കാദമി എന്ന സ്ഥാപനം പിറവി കൊള്ളുന്നത്. ആദ്യ ചെയര്മാന് ഷാജി എന്‍. കരുണ്‍ മുതല്‍ പിന്നീടിങ്ങോട്ട് അനവധി പ്രഗത്ഭമതികള്‍ ഇരുന്നിരുന്ന ഒരു കസേരയാണത്. മറ്റ് എന്തൊക്കെ കുറ്റവും കുറവും ഉണ്ടായാലും ജൂറി തീരുമാനങ്ങളില്‍ ചെയര്മാന്മാര് ഇടപെട്ടതായി ഇന്നോളം ഒരു ആരോപണവും ഉയര്‍ന്നിട്ടില്ല. രഞ്ജിത്തിന്റെ ഭരണകാലത്ത് അങ്ങനെയൊരു തീരാകളങ്കവും ഉണ്ടായിരിക്കുന്നു.
സംസ്ഥാന അവാര്‍ഡ് കമ്മിറ്റിക്ക് മുന്നിലെത്തുന്ന ഏത് ചലച്ചിത്ര സൃഷ്ടിയെയും അതിന്റെ മേന്മ നോക്കി സ്ഥാനം നിര്‍ണ്ണയിക്കുക എന്ന കര്‍ത്തവ്യം മാത്രമേ ജൂറി കമ്മിറ്റിക്ക് ഉള്ളൂ. അതല്ലാതെ മത്സരിക്കുന്നവരുടെ ചരിത്രവും ജാതകവും പരിശോധിച്ച് മാര്‍ക്കിടുകയല്ല വേണ്ടത്. അവരെ അങ്ങനെ പ്രേരിപ്പിക്കുന്നതും അക്ഷന്തവ്യമായ തെറ്റാണ്. ആ തെറ്റാണ് ചെയര്മാന് എന്ന നിലയില്‍ രഞ്ജിത്ത് സ്വയം വരുത്തിവച്ചിരിക്കുന്നതും.
ഈ കൃത്യവിലോപത്തിന്റെ പശ്ചാത്തലത്തില്‍ രഞ്ജിത്ത് ചെയര്‍മാനായ കഴിഞ്ഞ വര്‍ഷത്തെ അവാര്‍ഡ് നിര്‍ണ്ണയവും സാധ്യമെങ്കില്‍ പുനപരിശോധിക്കണം. മികച്ച നടിക്കുള്ള പുരസ്കാര നിര്‍ണ്ണയത്തില്‍ രഞ്ജിത്ത് ഇടപെട്ടു എന്നള്ള ആരോപണം കഴിഞ്ഞ തവണയും ഉയര്‍ന്നിരുന്നു. പക്ഷേ, അന്ന് ആരും അതിന്റെ നിജസ്ഥിതി അറിയാനോ കൃത്യമായി പ്രതികരിക്കാനോ തയ്യാറാകാത്തതുകൊണ്ട് അത് വിസ്മൃതിയിലായെന്നുമാത്രം.
ഇത്തരം ദുഷ്ചെയ്തികള്‍ ചലച്ചിത്ര അക്കാദമി പോലൊരു മഹനീയ സ്ഥാപനത്തിന്റെ തലപ്പത്തിരുന്ന് ഒരാളും ചെയ്യരുത്. അതിന് അനുവദിക്കരുത്. ലോകത്തിന് മുന്നില്‍ തലയുയര്‍ത്തി പിടിച്ചുനില്‍ക്കാവുന്ന ഒരു സാംസ്കാരിക ഇടം എന്ന നിലയില്‍ അതിന്റെ തലയില്‍ ചവിട്ടിനിന്നുകൊണ്ടാണ് ചിലര്‍ വിഷം വമിക്കുന്നത്. അത് ആ സാംസ്കാരിക പൈതൃകത്തെ വിഷലിബ്ധമാക്കും.
-കെ. സുരേഷ്
Recent Comments