രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപനവേദിയില്‍ രഞ്ജിത്ത് നടത്തിയ വാക്ധോരണികള് ശ്രദ്ധയില്‍ പെട്ടിരുന്നു. കൂവി തെളിയട്ടെ, കൂവല്‍ പുത്തരിയല്ല, എസ്.എഫ്.ഐയില്‍ തുടങ്ങിയതാണ് ജീവിതം, എന്നൊക്കെയുള്ള ധാര്‍ഷ്ട്യം നിറഞ്ഞ വാക്കുകള്‍. ചെവികൊടുക്കാതെ വിട്ടതാണ്. എന്നിട്ടിപ്പോള്‍ അതിനേക്കാളും തീവ്രമായ പ്രയോഗങ്ങളാണ് ആ നാവിന്‍തുമ്പത്ത് നിന്ന് അടര്ന്നുവീണുകൊണ്ടിരിക്കുന്നത്. വയനാട് വീടുണ്ട്. അവിടെ നായ്ക്കളുണ്ട്. അവര്‍ തന്നെ കാണുമ്പോള്‍ കുരയ്ക്കും. ഉടമസ്ഥനാണെന്ന് അറിയാതെയുള്ള കുരയാണ് എന്നൊക്കെയുള്ള തരംതാണ വാക്പ്രയോഗങ്ങള്. ഹേ, രഞ്ജിത്ത് താങ്കള്‍ ഇന്നലെവരെ ചില കച്ചവടസിനിമകളുടെ വക്താവ് മാത്രമായിരുന്നു. ഇന്നതല്ല, കേരള ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനാണ്. സാംസ്കാരിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഉന്നത സ്ഥാപനം. സാംസ്കാരിക ഔന്നത്യം ഉയര്‍ത്തിപ്പിടിക്കേണ്ട ഒരിടം. അതിന്റെ യജമാനന് എന്ന നിലയില്‍ താങ്കളില്‍നിന്ന് ഇത്തരം പ്രയോഗങ്ങളൊന്നും ഉണ്ടാകാന്‍ പാടുള്ളതല്ല.
താങ്കള്‍ എന്തിനാണ് ഇത്രയേറെ അസ്വസ്ഥപ്പെടുന്നത്? കുറെ ചെറുപ്പക്കാരുടെ കൂക്കുവിളി കേട്ടിട്ടോ? അവര്‍ ഉയര്‍ത്തിയ കൂക്കുവിളികളുടെ പിന്നില്‍ ചില ന്യായമായ അവകാശങ്ങള്‍ ഉണ്ടായിരുന്നില്ലേ? അവരില്‍ ചിലരെ പോലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോയല്ലോ. അതിനെതിരെ ചെയര്‍മാനെന്ന നിലയില്‍ ഒരു വാക്കുപോലും പ്രതികരിച്ചില്ലല്ലോ. എന്തിന് കെ.എസ്.എഫ്.ഡി.സിയുടെ ദുരവസ്ഥയെ ചൂണ്ടിക്കാട്ടി സിനിമാപ്രവര്‍ത്തകരുടെ പ്രതിഷേധങ്ങള്‍ ഉണ്ടായല്ലോ. അതിനെക്കുറിച്ചും താങ്കള്‍ നിശ്ശബ്ദനായിരുന്നില്ലേ? കെ.ആര്. നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന ജാതിവെറികളോട് ശക്തമായി പ്രതികരിച്ച് ഫെഫ്കയുടെ പ്രതിനിധികളടക്കം സമരം നടത്തിയല്ലോ. അതിനോടും താങ്കള്‍ കൃത്യമായ അകലം പാലിച്ചില്ലേ? എന്നിട്ടാണോ കുറെ ചെറുപ്പക്കാര്‍ കൂവിയപ്പോള്‍ നിരവാരംകെട്ട പ്രതികരണവുമായി താങ്കള്‍ എത്തിയത്. അതിനര്‍ത്ഥം ആ കൂവല്‍ നിങ്ങളുടെ ഹൃദയത്തില്‍ തളച്ചെന്നുതന്നെയല്ലേ. എങ്കില്‍ നിങ്ങളതിന് അര്‍ഹനാണ് രഞ്ജിത്ത്.
വേദിയില്‍ കൂക്കിവിളിച്ചവരെ ചില രാഷ്ട്രീയപ്പാര്‍ട്ടികളുടെ കരുക്കളില്‍ ബോധപുര്‍വ്വം കുരുക്കിയിടാനുള്ള ശ്രമവും നിങ്ങളുടെ വാക്കുകളില്‍ പ്രകടമായിരുന്നു. രാജ്യാന്തര ചലച്ചിത്രമേള എസ്.എഫ്.ഐക്കുവേണ്ടിയോ കെ.എസ്.യുവിന് വേണ്ടിയോ എ.ബി.വി.പിക്ക് വേണ്ടിയോ മറ്റേതെങ്കിലും ജാതിമത സംഘടനങ്ങള്ക്കുവേണ്ടിയോ നടത്തപ്പെടുന്ന ഒന്നല്ല. സിനിമയെ സ്നേഹിക്കുന്നവര്‍ക്ക് ഒത്തുചേരാനുള്ള ഒരിടമാണത്. എല്ലാ വേര്‍തിരിവുകളെയും തകര്‍ത്ത് മുന്നേറാന്‍ പ്രചോദനമായ ശക്തികേന്ദ്രങ്ങളാണവ. അതിനുവേണ്ടിയുള്ള ഉള്ക്കാഴ്ചയാവണം ചെയര്മാന് എന്ന നിലയില്‍ രഞ്ജിത്തിനും ഉണ്ടാകേണ്ടത്. അത്തരം സ്വപ്നങ്ങള്‍ക്ക് പിറകെ പറക്കാനുള്ളതാണ് ആ ഉന്നതമായ സ്ഥാനവും.
സംഘടനാപ്പിഴവ് ഉണ്ടായിട്ടുണ്ടെന്ന് സമ്മതിക്കണം. ജനകീയ മേളയാക്കാന്‍ എണ്ണത്തില്‍കൂടുതല്‍ ആളുകള്‍ക്ക് പ്രവേശനം നല്‍കേണ്ടതുണ്ടോ? തിയേറ്ററുകളുടെ സീറ്റിംഗ് കപ്പാസിറ്റി പരിഗണിക്കേണ്ടതതല്ലേ? എല്ലാ ഫെസ്റ്റിവലുകള്‍ കഴിയുമ്പോഴും ഇതുപോലെ അനവധി ചോദ്യങ്ങള്‍ ഉയരാറുണ്ട്. ഫെസ്റ്റിവലുകള്‍ അവസാനിക്കുന്നതോടെ അത് അവിടെത്തന്നെ എരിഞ്ഞടങ്ങും. അടുത്ത തവണയും പതിവുപടി. ഇതിനൊരു മാറ്റം വരേണ്ടതല്ലേ? ചെയര്‍മാനടക്കം ആലോചിക്കേണ്ടതും ഇത്തരം സത്വരനടപടികള്ക്കാവണം.
കെ. സുരേഷ്
Recent Comments