ഇത് രഞ്ജിതാമേനോന്. നിങ്ങള്‍ക്ക് പരിചയമുണ്ടാകും. മോഡലാണ്, അഭിനേത്രിയാണ്. ഹോര്‍ലിക്സ്, സിന്തോള്, ഡോമക്സ്, ശക്തി മസാല തുടങ്ങി പരസ്യചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പെട്ടെന്ന് തിരിച്ചറിയാന്‍ ഒരു എളുപ്പ മാര്‍ഗ്ഗമുണ്ട്. സാജന് ബേക്കറി എന്ന സിനിമയില്‍ അജുവര്‍ഗ്ഗീസിന്റെ നായികയായി അഭിനയിച്ചത് രഞ്ജിതയാണ്. മെറിന് എന്ന കഥാപാത്രത്തെ അതിമനോഹരമായി അവതരിപ്പിച്ച താരം. സാജന് ബേക്കറി, തീയേറ്ററുകളില്‍ ശ്രദ്ധിക്കപ്പെടാതെ പോയതുകൊണ്ടാവാം രഞ്ജിതയെ അധികമാരും തിരിച്ചറിയാതെ പോയത്. രഞ്ജിതയുടെ അരങ്ങേറ്റചിത്രം പക്ഷേ സാജന് ബേക്കറിയല്ല. മണിയറയിലെ അശോകനാണ്. ദുര്ഖല് സല്‍മാനും ജേക്കബ് ഗ്രിഗറിയും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം. അതില്‍ ഷൈന്‍ ടോം ചാക്കോയുടെ ജോഡിയായിരുന്നു. വളരെ ചെറിയ വേഷം. പക്ഷേ, രഞ്ജിതാമേനോന് എന്ന അഭിനേത്രിയെ മലയാളസിനിമ പ്ലെയ്സ് ചെയ്യാനിരിക്കുന്നതേയുള്ളൂ. അവരുടെ മികവും ബോധ്യപ്പെടാതിരിക്കുന്നതേയുള്ളൂ.
അതിനുമുമ്പേ, അവരുടെ കഴിവുകള്‍ തെളിയിക്കപ്പെട്ട ചിലയിടങ്ങളുണ്ടായിരുന്നു. മോഡലിംഗ് അതിലൊന്ന് മാത്രമായിരുന്നു. മോഡലിംഗ് രംഗത്തേയ്ക്ക് കടന്നുവരുന്നതിനുമുമ്പ് അവര്‍ കിംഗ്ഫിഷര്‍, ജെറ്റ് എന്നീ എയര്‍വേയ്സുകളില്‍ പി.ആര് ആയി ജോലി ചെയ്തിട്ടുണ്ട്. വിമാനയാത്രയ്ക്കായി എത്തുന്ന വി.വി.ഐ.പികള്‍ക്ക് യാത്രസൗകര്യങ്ങളുള്പ്പെടെ ഒരുക്കിക്കൊടുക്കുന്നതാണ് പി.ആറിന്റെ ജോലി. ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടിലെ ഔദ്യോഗിക ജീവിതത്തിനിടയില്‍ രഞ്ജിത കണ്ടുമുട്ടിയ വിവിഐപികള്‍ ഏറെയാണ്. ഇന്ത്യന്‍ പ്രസിഡന്റായിരുന്ന എ.പി.ജെ. അബ്ദുള്‍ കലാം, മുന്‍ ഐ.എസ്.ആര്.ഒ ചെയര്മാന് ജി. മാധവന് നായര്‍, അഭിനേതാക്കളായ മോഹന്‍ലാല്‍, കമലഹാസന്, സല്മാന്ഖാന്, ഋത്വിക് റോഷന് അങ്ങനെ പോകുന്നു ആ നീണ്ട നിര. ഇനിയുള്ള അനുഭവങ്ങള്‍ രഞ്ജിതയില്നിന്നുതന്നെ നേരിട്ട് കേള്‍ക്കാം.
‘ഞങ്ങള്‍ക്ക് നേരത്തേ അറിയിപ്പുകള് വരും അന്നത്തെ വി.വി.ഐപി. ആരാണെന്ന്. അപ്പഴേ മുട്ടിടിക്കാന്‍ തുടങ്ങും. കാരണം വരുന്നവരാരും ചില്ലറക്കാരല്ലല്ലോ. നമുക്ക് സ്വപ്നംപോലും കാണാന്‍ കഴിയാത്തവരാണ്. എനിക്ക് ഇപ്പോഴും ഓര്‍മ്മയുണ്ട്. എ.പി.ജെ അബ്ദുള്‍കലാം സാറിനെ ആദ്യമായി കണ്ടത്. ചെറിയ ഭയത്തോടെയാണ് ഞാന്‍ അദ്ദേഹത്തിന്റടുത്തേക്ക് ചെന്നത്. അദ്ദേഹത്തിനെന്തെങ്കിലും ആവശ്യമുണ്ടോ എന്ന് തിരക്കി. പെട്ടെന്ന് അദ്ദേഹം എന്റെ പേര് ചോദിച്ചു. ഞാന്‍ പേര് പറഞ്ഞു. വല്ലതും കഴിച്ചോ എന്നായിരുന്നു അടുത്ത ചോദ്യം. അത്ര എളിമയുള്ള മനുഷ്യനായിരുന്നു അദ്ദേഹം. ഞാന്‍ പരിചയപ്പെട്ട എല്ലാ വിവിഐപികളും അവരുടെ വിനയംകൊണ്ടാണ് എന്നെ അത്ഭുതപ്പെടുത്തിയിട്ടുള്ളത്. അവര്‍ക്കുവേണ്ടി എന്ത് സഹായങ്ങളും ഒരുക്കിക്കൊടുക്കാന്‍ സദാ സന്നദ്ധയായിട്ടാണ് ഞാന്‍ നിന്നിരുന്നത്. പക്ഷേ അവരാരും ആവശ്യങ്ങള്‍ പറഞ്ഞ് ബുദ്ധിമുട്ടിച്ചിട്ടേയില്ല. ഉയര്‍ന്ന മനസ്സിന്റെ ഉടമകളായതുകൊണ്ടാകാം. പി.ആര് ജോലി എനിക്ക് പ്രിയപ്പെട്ടതായിരുന്നു. പക്ഷേ രാത്രികാലങ്ങളിലായിരുന്നു ഡൂട്ടി ഏറെയും. അത് ആരോഗ്യപ്രശ്നമുണ്ടാക്കി. അതിനെത്തുടര്‍ന്നാണ് രാജിവച്ചത്.’ രഞ്ജിത തുടര്‍ന്നു.
‘അപ്പോഴേയ്ക്കും മോഡലിംഗില്‍ ശ്രദ്ധവച്ച് തുടങ്ങിയിരുന്നു. അത്യാവശ്യം തിരക്കുകളായി. മോഡലിംഗ് ചെയ്ത് തുടങ്ങിയപ്പോഴാണ് അഭിനയമാണ് യഥാര്‍ത്ഥ ലക്ഷ്യമെന്ന് തിരിച്ചറിയുന്നത്. എനിക്ക് ഈ രംഗത്ത് സൗഹൃദക്കാരാരും ഉണ്ടായിരുന്നില്ല. എങ്ങനെ തുടങ്ങണം എന്നൊരു ആശയക്കുഴപ്പമുണ്ടായിരുന്നു. അങ്ങനെയിരിക്കെയാണ് ഞാന്‍തന്നെ അഭിനയിച്ച ക്ലാസിക് ഫര്‍ണീച്ചറിന്റെ ഒരു പരസ്യചിത്രം സംവിധായകന് അരുണ്‍ ചന്തു കാണാനിടയായതും സാജന് ബേക്കറിയിലേയ്ക്ക് എന്നെ ക്ഷണിക്കുന്നതും. സാജന് ബേക്കറിയിലെ ഷൂട്ടിംഗ് ദിനങ്ങള്‍ എന്നെ സംബന്ധിച്ചിടത്തോളം പുതിയ അനുഭവങ്ങളായിരുന്നു. അവിടെനിന്നാണ് ഓരോ കാര്യങ്ങളും കണ്ടുപഠിച്ചത്. അഭിനയരംഗത്ത് തുടരാന്‍തന്നെയാണ് ആഗ്രഹം. മികച്ച സംവിധായകരുടെ സിനിമകള്‍ ചെയ്യണം. നല്ല ആര്‍ട്ടിസ്റ്റുകള്‍ക്കൊപ്പം അഭിനയിക്കണം. ഇതൊക്കെയാണ് സ്വപ്നം.’ രഞ്ജിത പറഞ്ഞു.
തൃശൂരാണ് രഞ്ജിതാമേനോന്റെ സ്വദേശം. രാമവര്‍മ്മ കോളേജില്‍നിന്ന് ബിരുദം പൂര്‍ത്തിയാക്കിയശേഷം ബാംഗ്ലൂരിലെ ക്രൈസ്റ്റ് കോളേജില്‍നിന്ന് ടൂറിസത്തില്‍ എം.ബി.എ നേടി. അതിനുശേഷമാണ് എയര്വേയ്സില് പി.ആര് ആയി ജോലി ചെയ്തത്. മികച്ചൊരു ഡാന്‍സര്‍ കൂടിയാണ്. ഭരതനാട്യം, മോഹിനിയാട്ടം തുടങ്ങിയ ശാസ്ത്രീയനൃത്തങ്ങള്ക്കൊപ്പം കണ്ടംബററി ഡാന്‍സും രഞ്ജിതയ്ക്ക് നന്നായി വഴങ്ങും. ഇപ്പോള്‍ എറണാകുളത്താണ് സ്ഥിരതാമസം.
Recent Comments