സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ സക്കറിയയുടെ ഗര്‍ഭിണികള്‍, കുമ്പസാരം, ബഷീറിന്റെ പ്രേമലേഖനം തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത അനീഷ് അന്‍വര്‍ ഒരുക്കുന്ന ചിത്രമാണ് ‘രാസ്ത’. അലു എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ലിനു ശ്രീനിവാസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ഷാഹുലും ഫായിസ് മടക്കരയും ചേര്‍ന്നാണ്. കാന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് സംവിധായകന് അനീഷ് അന്‍വര്‍.
ഏതു തരം സിനിമയാണ് രാസ്ത?
രാസ്ത ഒരു സര്‍വൈവല്‍ ത്രില്ലറാണ്.
അറബ് പശ്ചാത്തലത്തിലാണോ കഥ നടക്കുന്നത്?
ഒമാനിലാണ് ചിത്രം പൂര്‍ണമായി ഷൂട്ട് ചെയ്തിരിക്കുന്നത്. ഒമാനിലെ റുബ് അല്‍ ഖാലി മരുഭൂമിയാണ് പ്രധാന ലൊക്കേഷന്‍.
വളരെ പരിചയ സമ്പന്നരായ നടന്മാരുമൊത്ത് പ്രവൃത്തിച്ചിട്ടുണ്ടല്ലോ. അവരില്‍നിന്ന് സര്‍ജാനോ ഖാലിദിലേക്ക് വരുമ്പോള്‍ സര്‍ജാനോ എന്ന നടനെ എങ്ങനെ വിലയിരുത്തുന്നു?
ജയസൂര്യ, ജയറാം, മധു സാര്‍, തിലകന് സാര്‍ തുടങ്ങിയവര്‍ക്കൊപ്പം ഞാന്‍ പ്രവൃത്തിച്ചിട്ടുണ്ട്. അവരെ വെച്ച് നോക്കുമ്പോള്‍ താരതമ്യേന പുതുമുഖമാണ് സര്‍ജാനോ. എനിക്ക് സര്‍ജാനോ വളരെ കഴിവുള്ള നടനായിട്ടാണ് അനുഭവപ്പെട്ടത്. പുതിയൊരാളാണ് എന്ന് തോന്നിക്കുകയില്ല. പെട്ടെന്ന് കഥാപാത്രത്തെ മനസ്സിലാക്കാനും ആവശ്യപ്പെടുന്നതിന്റെ ഒരുപടി മുകളില്‍ ചെയ്യാനും കഴിയുന്ന നടനാണ് സര്‍ജാനോ. സര്‍ജാനോ മാത്രമല്ല അനഖ നാരായണും ഗംഭീര പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവെച്ചിരിക്കുന്നത്.
സക്കറിയയുടെ ഗര്‍ഭിണികള്‍ മുതലുള്ള ചിത്രങ്ങളില്‍ വിഷ്ണു മോഹന്‍ സിത്താരയാണല്ലൊ സംഗീതം കൈകാര്യം ചെയ്യുന്നത്. വിഷ്ണുവുമായുള്ള ബന്ധം?
എനിക്ക് വളരെ കംഫര്‍ട്ടബിളായിട്ടുള്ള സംഗീതജ്ഞനാണ് വിഷ്ണു. വിഷ്ണു അധികം ചിത്രങ്ങള്‍ ചെയ്തിട്ടില്ല. എന്റെ സംഗീത അഭിരുചികള്‍ വിഷ്ണുവിന് അറിയുന്നത് കാരണം കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ വളരെ എളുപ്പമാണ്. യാദൃശ്ചികമായി അത് എല്ലാ സിനിമകളിലും തുടരുന്നു എന്ന് മാത്രം. മൂന്ന് പാട്ടുകളാണ് ചിത്രത്തിലുള്ളത്.
സര്‍ജാനോ ഖാലിദ്, അനഘ നാരായണന്, ആരാധ്യ ആന്‍, സുധീഷ്, ഇര്‍ഷാദ് അലി, ടി.ജി. രവി എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. വിഷ്ണു നാരായണനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. വിഷ്ണു(അവിന്) മോഹന്‍ സിതാരയാണ് രാസ്തയിലെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
Recent Comments