എമ്പുരാൻ സിനിമയെ ചുറ്റിപ്പറ്റി ഉയർന്ന വിവാദങ്ങൾക്കിടെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ പ്രതികരണവുമായി രംഗത്തെത്തി. സിനിമയിലെ തെറ്റുകൾ തിരുത്തേണ്ടത് നിർമ്മാതാക്കളുടെ ഉത്തരവാദിത്വമാണെന്നും, പൃഥ്വിരാജിനെ ഒറ്റപ്പെടുത്തേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
റീ എഡിറ്റിംഗ് എല്ലാവരുടെയും സമ്മതപ്രകാരം മാത്രമാണ് നടന്നതെന്നും, ഇത് ആരുടേയോ സമ്മർദ്ദം മൂലമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. “ഞങ്ങൾ ഒന്നിച്ച് എടുത്ത തീരുമാനമാണ് റീ എഡിറ്റിംഗ്. ഇത് വെറും രണ്ട് മിനിറ്റ് മാത്രമാണ് ഉൾക്കൊള്ളുന്നത്. ആരുടെയും നിർദ്ദേശപ്രകാരം അല്ല, ഞങ്ങളുടെ ഇഷ്ടപ്രകാരം മാത്രമാണ് ഈ മാറ്റങ്ങൾ വരുത്തിയത്,” ആന്റണി പെരുമ്പാവൂർ പറഞ്ഞു.
മുരളി ഗോപി ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തിട്ടില്ലെങ്കിലും, സിനിമയ്ക്കായി എടുത്ത നിലപാടിനൊപ്പം അദ്ദേഹം ഉണ്ടെന്നും ആന്റണി പറഞ്ഞു. “ഞങ്ങൾക്കിടയിൽ വിയോജിപ്പ് ഇല്ല. മോഹൻലാൽ സാറിന് ഈ സിനിമയുടെ കഥ അറിയാം, എനിക്കും അറിയാം, മറ്റെല്ലാവർക്കും അറിയാം. അതിനാൽ മോഹൻലാൽ സിനിമയുടെ കഥ അറിയില്ല എന്ന വാദം അസാധുവാണ്. ഞങ്ങൾ എവിടെയും അങ്ങനെ പറഞ്ഞിട്ടില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.
“സിനിമയിൽ തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തേണ്ടത് നിർമാണ സംഘത്തിന്റെ ഉത്തരവാദിത്വമാണ്. റീ എഡിറ്റിംഗ് ഒരു ഭീഷണി അല്ല, അതിന്റെ ഉദ്ദേശം തെറ്റിദ്ധരിക്കരുത്. ജനങ്ങൾ സിനിമയെ സന്തോഷത്തോടെ സ്വീകരിച്ചുകഴിഞ്ഞു, അതിനാൽ വിവാദത്തിലേക്ക് പോകേണ്ടതില്ല,” ആന്റണി പെരുമ്പാവൂർ വ്യക്തമാക്കി.
Recent Comments