2005 ലാണെന്നാണ് എന്റെ ഓര്‍മ്മ. അമിതാഭ്ബച്ചനും റാണി മുഖര്‍ജിയും അഭിനയിച്ച ബ്ലാക്ക് എന്ന സിനിമയുടെ പ്രീമിയര്ഷോയിലേയ്ക്ക് എനിക്കും ക്ഷണമുണ്ടായിരുന്നു. താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരുമടക്കം ആകെ 150 ഓളം പേരേ ഉണ്ടായിരുന്നുള്ളൂ. എല്ലാവരും ബ്ലാക്ക് ഡ്രസ്സാണ് അണിഞ്ഞിരുന്നത്. ഡ്രസ്സ് കോഡിനെക്കുറിച്ച് നേരത്തേ നിര്‍ദ്ദേശമുണ്ടായിരുന്നു.
ക്യൂ നിന്നാണ് തീയേറ്ററിനുള്ളിലേയ്ക്ക് ഓരോരുത്തരുമായി കയറി പൊയ്ക്കൊണ്ടിരുന്നത്. തീയേറ്ററിന്റെ റിസപ്ഷന് ഹാളില്‍ എത്തുന്നതുവരെയും അറിഞ്ഞിരുന്നില്ല, ഞാന്‍ നിന്നിരുന്ന ക്യൂവിന് തൊട്ടുപിറകിലായി ദിലീപ്ജിയും സൈറാജിയും ഉണ്ടായിരുന്നുവെന്ന്. അവര്‍ക്ക് വേണമെങ്കില്‍ നേരെ കയറിച്ചെല്ലാമായിരുന്നു. ആരും അവരെ തടയുമായിരുന്നില്ല. പക്ഷേ മറ്റുള്ളവര്‍ക്കൊപ്പം ക്യൂവില്‍നിന്നാണ് അവരും അകത്തേയ്ക്ക് കയറിയത്.
എന്റെ തൊട്ടുപിറകില്‍ ഉണ്ടായിരുന്നിട്ടും ഞാനവരെ കണ്ടില്ലല്ലോ എന്ന കുറ്റബോധത്തോടെ തിയേറ്ററിനുള്ളില്‍ കയറിയിരിക്കുമ്പോഴാണ് എന്റെ തൊട്ടടുത്തായി രണ്ടുപേര്‍ വന്നിരുന്നത്. എന്റെ ഇടതുവശത്തായി സൈറാജിയും അതിന് തൊട്ടടുത്തായി ദിലീപ്ജിയും. മുംബയില്‍വച്ച് നടക്കാറുള്ള ചില ഫങ്ഷനുകളില്വച്ച് ഞാനവരെ ഇതിനുമുമ്പും കണ്ടിട്ടുണ്ട്. പക്ഷേ ഇത്ര അടുത്ത് ഇതാദ്യമാണ്. വളരെ സ്നേഹത്തോടെയാണ് സൈറാജി എന്നോട് പെരുമാറിയത്. ദിലീപ്ജിയില്നിന്ന് അനുഗ്രഹം വാങ്ങാനും കഴിഞ്ഞു. സത്യത്തില്‍ ഞാനന്ന് സിനിമ കാണുകയായിരുന്നില്ല. അവരെ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. അമിതാഭ്ജിയുടെ പ്രകടനത്തെ അവരിടയ്ക്കിടെ പുകഴ്ത്തുന്നുണ്ടായിരുന്നു.
ഒരു കൊച്ചുകുട്ടിയോടെന്നപോലെയാണ് സൈറാജി ദിലീപ്ജിയെ പരിചരിച്ചുകൊണ്ടിരുന്നത്. ആ വാത്സല്യങ്ങളോട് ദിലീപ്ജിയും മുഖംതിരിച്ചില്ല. അതിനേക്കാള്‍ ഇരട്ടി സ്നേഹത്തോടെ അദ്ദേഹവും തിരിച്ച് നല്കിക്കൊണ്ടിരുന്നു. മാതൃകാദമ്പതികളെന്നൊക്കെ നാം കേട്ടിട്ടല്ലേയുള്ളൂ. ഞാനവിടെ നേരിട്ട് കാണുകയായിരുന്നു.
ഞാന്‍ കേട്ടിട്ടുണ്ട് അവരുടെ വിശുദ്ധമായ പ്രണയത്തെക്കുറിച്ച്. സൈറാജി അവരുടെ വളരെ ചെറിയ പ്രായത്തിലാണ് പ്രണയിച്ച് തുടങ്ങുന്നത്. ലോകത്ത് ഇത്രത്തോളം ഭര്‍ത്താവിനെ സ്നേഹിച്ച ഒരു ഭാര്യ വേറെ ഉണ്ടാവുമെന്ന് തോന്നുന്നില്ല. വാര്‍ദ്ധക്യത്തിലും ആ സ്നേഹം അവര്‍ക്കിടയില്‍ നഷ്ടപ്പെട്ടിരുന്നില്ല. ആ ദാമ്പത്യം അത്രമേല്‍ ആദ്യാത്മികദീപ്തിയുള്ളതായിരുന്നു. വിശുദ്ധ പ്രണയത്തിന്റെ നിറകുടങ്ങളായിരുന്നു സൈറാജിയും ദിലീപ്ജിയും.
ഇന്ന് രാവിലെയാണ് ദിലീപ്ജിയുടെ വിയോഗവാര്‍ത്ത ഞാനറിയുന്നത്. ശരിക്കും നടുക്കമാണുണ്ടായത്. പെട്ടെന്ന് സൈറാജിയെ ഓര്‍ത്തു. അവര്‍ക്കെങ്ങനെ ഈ വിയോഗം താങ്ങാനാവും. ഒരുപക്ഷേ ദിലീപ്ജിയുടെ വിയോഗം ഏറ്റവുമധികം ബാധിച്ചിരിക്കുക അവരെത്തന്നെയാവും. അവര്‍ക്ക് ഈശ്വരന് കരുത്ത് നല്കട്ടെ. ഒപ്പം ദിലീപ്ജിയുടെ ആത്മാവിന് നിത്യശാന്തിയും നേരുന്നു.
Recent Comments