മോണോലോഗുകള്‍ അഭിനയത്തിനെ എളുപ്പത്തില്‍ അളക്കാന്‍ സഹായിക്കുന്ന ഒരു ടൂളാണ്. ഡയലോഗ് എത്ര മികച്ചതാണെങ്കില്‍ പോലും അഭിനേതാവിന്റെ കയ്യിലാണ് മോണോലോഗ് ഉള്‍പ്പെടുന്ന സീനിന്റെ വിജയ പരാജയങ്ങള്‍ ഇരിക്കുന്നത്. അതുകൊണ്ട് തന്നെ ഇന്നത്തെ നടന്മാര് മോണോലോഗില്‍ ലൗഡാകുന്നതും, പുട്ടില്‍ തേങ്ങയെന്ന പോലെ വിതുമ്പുന്നതും ഒരു പതിവായിരിക്കുന്നു.
മണിച്ചിത്രത്താഴിലെ നാഗവല്ലിയുടെ ബാക്ക് സ്റ്റോറി വ്യക്തമാക്കുന്നത് കെ.പി.എസ്.സി ലളിതയുടെ മോണോലോഗിലൂടെയാണ്. മണിച്ചിത്രത്താഴിന്റെ കഥയുടെ അടിത്തറ തന്നെ ഈ ബാക്ക് സ്റ്റോറിയിലാണ്. ഇത് വിശ്വസനീയമായി അവതരിപ്പിച്ച് വിജയിപ്പിച്ചതില്‍ ഒരു പങ്ക് ലളിതയ്ക്ക് കൂടി അവകാശപ്പെട്ടതാണ്.
എത്ര അനായാസമായാണ് അവര്‍ അവതരിപ്പിക്കുന്നത് എന്ന് നോക്കൂ. ഓരോ വാക്കിനും ലളിത ശബ്ദത്തിലൂടെ അതിന്റെ ഭാവപൂര്‍ണത നല്കുന്നു. അവസാനത്തെ നുറുങ്ങുന്ന ചിരിയില്‍ പോലും കൃത്രിമത്വം കടന്ന് വരാതെ അഭിനയിക്കുക എന്നത് മലയാളത്തില്‍ അപൂര്‍വം നടിമാര്‍ക്ക് മാത്രം സാധിക്കുന്നതാണ്. അഭിനയത്തിലെ ഈ ലാളിത്യത്തിന്റെ പേരായിരുന്നു കെ.പി.എസ്.സി ലളിത. അത്രമേല്‍ ലളിതമാണ് അഭിനയം എന്ന് അവര്‍ തോന്നിപ്പിക്കുന്നു. ആ അനശ്വര കലാകാരിയുടെ ഓര്‍മ്മകള്‍ക്ക് ഇന്ന് രണ്ട് വര്‍ഷം തികയുന്നു.
പലപ്പോഴും നടീനടന്മാര് സങ്കീര്‍ണതകളുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോഴാണ് നിരൂപകരുടെ കരഘോഷമുണ്ടാകുന്നത്. എന്നാല്‍ സങ്കീര്ണതകള്ക്കപ്പുറം അഭിനയത്തിന്റെ നൂല് കമ്പിയിലൂടെ നടക്കുന്ന കഥാപാത്രങ്ങളെയാണ് ലളിത അവതരിപ്പിച്ചത്. ഒരു കാറ്റ് അടിച്ചാല്‍ താഴെ വീഴും എന്ന് പറയുന്നത് പോലെ ഒന്ന് വ്യതിചലിച്ചാല്‍ മോശമാകുന്ന കഥാപാത്രങ്ങളാണ് അവ. അതിന് ഏറ്റവും മികച്ച ഉദാഹരണങ്ങള്‍ വെങ്കലത്തിലെയും അമരത്തിലെയും കഥാപാത്രങ്ങള്‍ തന്നെ. ഈ അവതരണത്തിലെ കൃത്യത അഭിനേതാവിന് ആവശ്യമായ നൈപുണ്യങ്ങളില്‍ ഒന്നാണ്.
മതിലുകള്‍ എന്ന അടൂര്‍ ചിത്രത്തിലെ നാരായണി എന്ന കഥാപാത്രത്തിന് വേണ്ടി 26 സ്ത്രീകളുടെ ശബ്ദം പരിശോധിക്കുകയുണ്ടായി. ഒരാളുടേതുപോലും ലളിതയുടെ അത്രയും അടൂരിന് തൃപ്തികരമായില്ല. ഇന്ത്യന്‍ സിനിമയില്‍ തന്നെ ശബ്ദാഭിനയത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ലളിതയുടെ മതിലുകളിലെ നാരായണി. ഹാസ്യരംഗങ്ങളിലെ സംഭാഷണങ്ങളിലും ശബ്ദവിന്യാസം കൊണ്ട് അദ്ഭുതം തീര്‍ക്കാന്‍ ലളിതയ്ക്കായി.
കുശുമ്പും കൗശലവും കുശാഗ്രബുദ്ധിയും പരദൂഷണവും വിടുവായിത്തരവുമുള്ള അമ്മ, അമ്മായി അമ്മ, ഭാര്യ വേഷങ്ങള്‍ ഒതുക്കത്തോടെ കൈകാര്യം ചെയ്തു. സ്ഫടികത്തില്‍ ബാക്കി അഭിനേതാക്കളെല്ലാം ഡയലോഗ് പറഞ്ഞ് കൈയടി മേടിച്ചപ്പോള്‍ കെ.പി.എസ്.സി ലളിത അമ്മ കഥാപാത്രത്തിന് ജീവനേകിയത് ഭാവങ്ങളിലൂടെയാണ്. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ കന്മദത്തിലെ ചെറിയ കഥാപാത്രത്തെയും പരാമര്ശിക്കാതിരിക്കാന് സാധിക്കില്ല. അത്രയും ഇംപാക്ടാണ് പ്രേക്ഷകന്റെ മനസ്സില്‍ ആ കഥാപാത്രം ചെലുത്തുന്നത്.
പത്താം വയസില്‍ നാടകത്തില്‍ അരങ്ങേറിയ മഹേശ്വരി അമ്മ എന്ന കെ.പി.എ.സി ലളിത കൂട്ടുകുടുംബം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമാലോകത്ത് എത്തിയത്. കൊടിയേറ്റത്തില്‍ ഭരത്ഗോപിക്കൊപ്പം നായികയായി. പിന്നീട് അമ്മയായും ഭാര്യയായും സഹോദരിയായുമൊക്കെയുള്ള വേഷപ്പകര്‍ച്ചകള്‍. സംവിധായകന് ഭരതനുമായുള്ള വിവാഹ ശേഷവും മരണശേഷവും ഇടവേളയെടുത്തെങ്കിലും മടങ്ങിവരവിലെ വേഷങ്ങളൊക്കെ മികച്ചതാക്കി.
അഞ്ച് പതിറ്റാണ്ടുകൊണ്ട് അഞ്ഞൂറിലധികം ചലച്ചിത്രങ്ങളിലാണ് വേഷമിട്ടത്. നീലപൊന്മാന്, ആരവം, കടിഞ്ഞൂല്‍ കല്യാണം, ഗോഡ്ഫാദര്, സന്ദേശം സിനിമകള്‍ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്കാരവും കിട്ടി. ഭരതന്റെ അമരം, ജയരാജിന്റെ ശാന്തം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു ദേശീയ പുരസ്കാരം.
Recent Comments