“മുഖക്കുരു മുളയ്ക്കുന്ന കവിളിലെ കസ്തൂരി
നഖക്ഷതം കൊണ്ടു ഞാന്‍ കവര്‍ന്നെടുത്തു” (ലക്ഷാർച്ചന കണ്ടുമടങ്ങുമ്പോളൊരു…)
ഈ വരികൾ ആദ്യമായി കേട്ടപ്പോൾ പണ്ടെപ്പോഴോ കരിഞ്ഞു പോയ ഉള്ളിലെ യൗവ്വനം അറിയാതെ പൂത്തുലഞ്ഞു പോയി. മുഖക്കുരുവിലും സൗന്ദര്യത്ത കണ്ടെത്തുന്ന, പ്രണയത്തെ കണ്ടെത്തുന്ന കവി. പ്രണയത്തെ നഖം കൊണ്ട് കവർന്നെടുക്കുന്ന കാമുകൻ്റെ ചിത്രം വാക്കുകളാൽ വരച്ചിട്ട കവി. സാക്ഷാൽ വയലാർ അല്ലാതെ വേറൊരുത്തനും ഇത്തരമൊരു ഭാവന സാധ്യമല്ല. മുഖക്കുരു നുള്ളിയെടുക്കാൻ ഒരു കവിയും ധൈര്യപ്പെടുക പോലുമില്ല എന്ന് ഞാൻ കരുതി. തെറ്റായിരുന്നു അത്. വയലാറിൻ്റെ സ്ഥാനത്ത് ഞാൻ കണ്ടത് മങ്കൊമ്പ് ഗോപാലകൃഷ്ണൻ എന്നയാളുടെ പേര്. അതുവരെ കേൾക്കാത്ത ഒരു പേര്.
“അധരം കൊണ്ടധരത്തില്‍ അമൃതു നിവേദിക്കും
അസുലഭനിര്‍വൃതി അറിഞ്ഞൂ ഞാന്‍” എന്ന വരി കൂടി കേട്ടപ്പോൾ ഇതുവരെ ചുംബിക്കാത്ത എൻ്റെ ചുണ്ടുകളിലും തേൻ നിറഞ്ഞു. വെറും 12 വരിയിലൂടെ പ്രണയ പരവേശം ഉള്ളിൽ കോരിയിട്ട കവി പ്രതിഭാശാലിയല്ലെന്ന് എങ്ങനെ പറയാൻ കഴിയും.
പിന്നീടൊരിക്കലും ഞാൻ ആ പേര് മറന്നിട്ടില്ല. ലക്ഷാർച്ചന കേട്ട ഒരാൾക്കും ഈ പാട്ടും മറക്കാൻ സാധിക്കില്ല. അത്രയും സവിശേഷമാണ് മങ്കൊമ്പിൻ്റെ രചനാവൈഭവം. ശേഷം ഈ പാട്ടിനെ മാത്രം ധ്യാനിച്ച്, താലോലിച്ച് ഒരു കാലഘട്ടം മുഴുവൻ തള്ളി നീക്കിയത് ഇന്നും എൻ്റെ ഓർമ്മകളിലുണ്ട്. പക്ഷേ ആ കവിയാണ് ഇന്ന് ലോകത്തോട് വിട പറഞ്ഞത്.
അമ്മയുടെ വീടായിരുന്നു മങ്കൊമ്പിൽ. അച്ഛന്റെ ചമ്പക്കുളത്തെ വീട്ടിലാണു അന്ന് ഗോപാലകൃഷ്ണൻ്റെ താമസം. ഇത്തിരിയിത്തിരി എഴുതാൻ തുടങ്ങിയപ്പോൾ ഗോപാലകൃഷ്ണൻ നായർ എന്ന പേരിന്റെ വാലു മുറിച്ചു, മുന്നിൽ മങ്കൊമ്പ് ചേർത്തു. പഠിത്തം കഴിഞ്ഞു നിൽക്കുമ്പോഴാണറിയുന്നത്, ഗ്രന്ഥശാലാസംഘത്തിന്റെ മുഖമാസികയായ ‘ഗ്രന്ഥാലോക’ത്തിൽ സിറ്റിങ് എഡിറ്ററുടെ ഒഴിവുണ്ടെന്ന്. അങ്ങനെ ഗ്രന്ഥാലോകത്തിലേക്കും പിന്നീട് അന്വേഷണത്തിലേക്കും മങ്കൊമ്പ് എത്തിപ്പെട്ടു.
പക്ഷേ, സിനിമാ പാട്ടെഴുത്തിൽ കടന്നുകൂടുക അത്ര എളുപ്പമായിരുന്നില്ല. വയലാറും പി. ഭാസ്കരനും ചേർന്നു വാഴുന്ന കാലം. ഒഎൻവിയും യൂസഫലിയും ശ്രീകുമാരൻ തമ്പിയുമൊക്കെ വേറെ നിൽക്കുന്നു.
യാദൃച്ഛികമായി വിമോചനസമരം എന്ന ചിത്രത്തിൽ ഒരു പാട്ടെഴുതാൻ അവസരം ലഭിച്ചു. ‘പ്രപഞ്ചഹൃദയ വിപഞ്ചിയിലുണരും പ്രണവസംഗീതം ഞാൻ…’ എന്ന പാട്ടിൽ മങ്കൊമ്പ് ഗോപാലകൃഷ്ണൻ എന്ന പാട്ടെഴുത്തുകാരന്റെ പിറവി. എം.ബി. ശ്രീനിവാസന്റെ സംഗീതം. എസ്. ജാനകിയുടെയും പി. ലീലയുടെയും ശബ്ദം.
പേരെടുക്കാൻ പിന്നെയും കാത്തിരിക്കുമ്പോഴാണു ഹരിഹരന്റെ വിളി. ‘അയലത്തെ സുന്ദരി’യിൽ ആറു പാട്ടുകൾ. ശങ്കർ ഗണേഷിന്റെ സംഗീതം. ‘ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോൾ…’ തുടങ്ങി ഹിറ്റ് ഗാനങ്ങളുടെ തൂലിക തെളിഞ്ഞു. ഹരിഹരന്റെതന്നെ ‘ബാബുമോനി’ലെ ‘നാടൻപാട്ടിന്റെ മടിശ്ശീല…’ കൂടിയായപ്പോൾ മങ്കൊമ്പിന്റെ പേരു പാട്ടെഴുത്തിൽ പതിഞ്ഞു.
കേട്ടുമടുത്ത പ്രയോഗങ്ങൾക്ക് പകരം പുത്തൻ പ്രയോഗങ്ങൾ അവതരിപ്പിക്കുന്നതായിരുന്നു മങ്കൊമ്പിൻ്റെ മിടുക്കിരുന്നത്. നാടൻപാട്ടിന്റെ മടിശ്ശീലയും ആഷാഢമാസം ആത്മാവിൽ മോഹം തുടങ്ങിയ ഗാനങ്ങളെല്ലാം ഇതിന് ഉദാഹരണമാണ്. ഇവയെല്ലാം ക്ലാസിക്ക് ഗാനങ്ങളായി വിലയിരുത്തപ്പെട്ടെങ്കിലും അവാർഡുകളോ അംഗീകാരങ്ങളോ മങ്കൊമ്പിനെ തേടി വന്നില്ല .പിന്നീടെപ്പോഴോ മുൻനിര ഗാനരചയിതാക്കളുടെ പട്ടികയിൽ നിന്ന് മങ്കൊമ്പ് പിൻതള്ളപ്പെട്ടു.
നിന്നിഷ്ടം എന്നിഷ്ടം എന്ന ചിത്രത്തിലെ മൂന്നു പാട്ടുകളും ഒന്നിനൊന്ന് ഹിറ്റാക്കി ഇടയ്ക്ക് സാന്നിധ്യമറിയിച്ചെങ്കിലും അവസരങ്ങൾ പഴയത് പോലെ തേടി വന്നില്ല . നിന്നിഷ്ടം എന്നിഷ്ടത്തിലെ ഇളംമഞ്ഞിൻ കുളിരുമായി എന്ന ഗാനത്തിലൂടെയാണ് ഇന്നത്തെ യുവാക്കൾ മങ്കൊമ്പിനെ കൂടുതൽ അറിയുന്നത് . ബോയിങ്ങ് ബോയിങ്ങ് എന്ന ചിത്രത്തിലെ തൊഴുകൈ എന്ന പാട്ടും അതിമനോഹരമായാണ് മങ്കൊമ്പ് ക്രാഫ്റ്റ് ചെയ്തിരിക്കുന്നത് .
ഇതിനിടയിലൂടെ മൊഴിമാറ്റ ചിത്രങ്ങളിൽ മങ്കൊമ്പ് ശ്രദ്ധ കേന്ദ്രീകരിച്ചു . ബാക്കിയുള്ള ഭാഷകളിലെ പാണ്ഡിത്യവും ഇതിന് ഉപകരിച്ചു. കബൂത്തർ ജാ ജാ എന്ന പാട്ടിൽ നിന്ന് കപോതമേ പോ പോയിലേക്ക് അർത്ഥം മാറ്റാതെ തന്നെ എഴുതാൻ മങ്കൊമ്പിന് കഴിഞ്ഞിരുന്നു. പിൽക്കാലത്ത് മങ്കൊമ്പ് എഴുതിയ മുകിൽ വർണ്ണാ മുകുന്ദ എന്ന ബാഹുബലി 2 വിലെ മൊഴി മാറ്റ ഗാനം സ്ട്രൈറ്റ് മലയാളം ഗാനങ്ങളെ മറികടന്ന് ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റായി മാറുന്നത് കാണാനും മങ്കൊമ്പിന് സാധിച്ചു . വീണ്ടുമൊരു വരവിന് തിരി കൊളുത്തിയത് സുഹൃത്തായ ഹരിഹരൻ തന്നെയായിരുന്നു . മയൂഖം എന്ന ചിത്രത്തിലൂടെ . പാട്ടുകളെല്ലാം ശ്രദ്ധിക്കപ്പെട്ടെങ്കിലും അവസരങ്ങൾ മാത്രം മങ്കൊമ്പിൻ്റെ പൂമുഖം കടന്ന് വന്നില്ല .
ഗാനരചനയ്ക്ക് പുറമേ പത്തിലേറെ സിനിമകള്‍ക്ക് ഗോപാലകൃഷ്ണന് തിരക്കഥയെഴുതി. ബാഹുബലി, ആര്‍ആര്‍ആര്‍, യാത്ര, ധീര, ഈച്ച തുടങ്ങിയ ചിത്രങ്ങളുടെ മൊഴിമാറ്റ തിരക്കഥയും അദ്ദേഹത്തിന്റേതായിരുന്നു . ഒരു പ്രണയകാലം മുഴുവൻ വാടകയ്ക്ക് നൽകിയ മങ്കൊമ്പിന് എനിക്ക് തിരിച്ചു സമ്മാനിക്കാൻ ഒരു വാക്ക് മാത്രമേയുള്ളു ഈ ലുബ്ധൻ്റെ കൈയിൽ . ആദരാഞ്ജലികൾ .
Recent Comments