ഒരു സിനിമ ഗാനത്തിന് മിഴിവേകുന്ന പ്രധാന ഘടകം ഗാനത്തിലടങ്ങിയിരിക്കുന്ന ഭാവമാണ്. അതുകൊണ്ട് തന്നെയാണ് ഗന്ധര്‍വ്വനോടൊപ്പം ഒരു ഭാവഗായകന് ജയചന്ദ്രനു നമുക്കെന്നും ഉണ്ടായിരുന്നത്. ‘നിന്റെ നീലവാര്‍മുടി ചുരുളിന്റെ അറ്റത്തു ഞാനെന്റെ പൂ കൂടി ചൂടിച്ചോട്ടെ ‘എന്ന് ചോദിച്ച അതേ മാധുര്യം തന്നെയായിരുന്നു അവസാനകാലത്തും അദ്ദേഹത്തിന്റെ ശബ്ദത്തിന്. അതുകൊണ്ടാണ് പൊടിമീശ മുളയ്ക്കണ കാലം ഭാവപൂര്ണമായി നമുക്ക് അനുഭവപ്പെടുന്നത്.
1944 മാര്‍ച്ച് മൂന്നിന് സംഗീതജ്ഞനായ തൃപ്പൂണിത്തുറ രവിവര്‍മ്മ കൊച്ചനിയന് തമ്പുരാന്റെയും സുഭദ്രക്കുഞ്ഞമ്മയുടെയും മകനായി എറണാകുളം ജില്ലയിലെ രവിപുരത്താണ് ജയചന്ദ്രന് ജനിച്ചത്. പാലിയത്ത് ജയചന്ദ്രക്കുട്ടന്‍ എന്നാണ് യഥാര്‍ത്ഥ പേര്. പിന്നീട് കുടുംബം തൃശ്ശൂരിലെ ഇരിങ്ങാലക്കുടയിലേക്ക് താമസം മാറ്റി. കഥകളി, മൃദംഗം ചെണ്ടവായന, പൂരം,പാഠകം, ചാക്യാര്‍കൂത്ത് എന്നിവയോടെല്ലാംതാല്‍പര്യമുണ്ടായിരുന്ന ജയചന്ദ്രന് സ്കൂള്‍തലത്തില്‍ തന്നെലളിതസംഗീതത്തിനും മൃദംഗവാദനത്തിനും നിരവധി സമ്മാനങ്ങള്‍ നേടിയിരുന്നു.
ഇരിങ്ങാലക്കുട നാഷണല്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കേ അവിടെ സംഗീതാദ്ധ്യാപകനായിരുന്ന കെ വി രാമനാഥനാണ് ആദ്യ ഗുരു.1958ലെ യുവജനോത്സവത്തില്‍ ലളിതസംഗീതത്തിനും മൃദംഗത്തിനും ഒന്നാം സമ്മാനംകരസ്ഥമാക്കിയ ജയചന്ദ്രന് അന്ന് ശാസ്ത്രീയസംഗീതത്തില്‍ ഒന്നാംസ്ഥാനക്കാരനായ യേശുദാസുമൊത്ത് യുവജനോത്സവ വേദിയില്‍ നടത്തിയപ്രകടനത്തിന്റെ ചിത്രം പില്ക്കാലത്ത് ഇരുവരും സംഗീതരംഗത്ത് പ്രഗല്ഭരായതോടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശേഷം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ നിന്ന് സുവോളജിയില്‍ ബിരുദംനേടിയശേഷം ചെന്നൈയിലേക്ക് ജ്യേഷ്ഠനൊപ്പം പോയി.
യേശുദാസുമായുള്ള അടുത്ത സൗഹൃദം കൊണ്ട് സ്റ്റുഡിയോകളില്‍ ഒപ്പം പാട്ട്റെക്കോര്ഡിംഗ് കാണാന്‍ ജയചന്ദ്രനും പോകാറുണ്ടായിരുന്നു. അങ്ങനെ ‘മാണിക്യവീണയുമായി’ എന്ന ഗാനത്തിന്റെ റെക്കോര്‍ഡിംഗ് വേളയിലാണ് ജി.ദേവരാജനെ ആദ്യമായി ജയചന്ദ്രന് പരിചയപ്പെടുന്നത്.
ജ്യേഷ്ഠന് സുധാകരന് വഴിയാണ് ജയചന്ദ്രന് ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് കടന്നു വരുന്നത്. 1965ല്‍ ‘കുഞ്ഞാലിമരയ്ക്കാര്‍’ എന്ന പടത്തില്‍ പി ഭാസ്കരന്റെ രചനയായ ‘ഒരുമുല്ലപ്പൂമാലയുമായ്’ എന്ന ഗാനം ചിദംബരനാഥിന്റെ സംഗീതത്തില്‍ പാടി. ആ ചിത്രംപുറത്തുവരുന്നതിനുമുന്നേ മദ്രാസില്‍ നടന്ന ഒരു ഗാനമേളയില്‍ ജയചന്ദ്രന് പാടിയരണ്ടു പാട്ടുകള്‍ കേട്ട സംവിധായകന് എ വിന്‍സെന്റിന്റെ ശിപാര്‍ശ പ്രകാരം സംഗീതസംവിധായകന് ജി ദേവരാജന്‍ പി ഭാസ്കരന്റെ രചനയായ ‘മഞ്ഞലയില്‍മുങ്ങിത്തോര്‍ത്തി’ എന്ന ഗാനം ‘കളിത്തോഴന്‍’ എന്ന ചിത്രത്തിനായി പാടിച്ചു. ഈചിത്രം 1967ല്‍ പുറത്തുവരികയും പ്രസ്തുതഗാനം വളരെ പ്രശസ്തമാകുകയുംചെയ്തു.
‘മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി..’, ‘അനുരാഗഗാനം പോലെ..’, ‘പിന്നെയും ഇണക്കുയില്‍..’, ‘കരിമുകില്‍ കാട്ടിലെ..’ എന്ന് തുടങ്ങി ആദ്യഗാനം മുതല്‍ ഹിറ്റ് ഗാനങ്ങളുടെ അനുസ്യൂതപ്രവാഹമാണ് ആ പട്ടിക. വിവിധ തെന്നിന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലും ഭാഷയുടെ തനിമചോരാതെഗാനങ്ങള് ആലപിക്കുന്നയാള് എന്ന നിലയിലും ആസ്വാദകര്‍ അദ്ദേഹത്തെസ്വീകരിച്ചിട്ടുണ്ട്.
ഓസ്ക്കാര്‍ അവാര്‍ഡ് ജേതാവായ ഏ.ആര് റഹ്മാന് സംഗീത സംവിധാനം നിര്‍വ്വഹിച്ച ആദ്യഗാനം എന്നു കരുതപ്പെടുന്ന ‘വെള്ളിത്തേന്‍ കിണ്ണം പോല്‍’ പാടിയതും ജയചന്ദ്രനായിരുന്നു. 1975ല്‍ പുറത്തിറങ്ങിയ ‘പെണ്‍പട’ എന്ന ചിത്രത്തിനുവേണ്ടി റഹ്മാന്റെ പിതാവ് ആര്.കെ ശേഖറിന്റെ ഓര്‍ക്ക്സ്ട്രയോടൊപ്പമുണ്ടായിരുന്ന മകന് ദിലീപെന്ന ഒന്‍പത് വയസ്സുകരന്റെ ഈണമായിരുന്നു ‘വെള്ളിത്തേന്‍ കിണ്ണംപോല്‍’ എന്ന ജയചന്ദ്രന്റെ ഗാനത്തിന്. അന്ന് ഗാനരചന നിര്‍വ്വഹിച്ച ഭരണിക്കാവ്ശ്രീകുമാര് ആണ് ഈ വിവരം പില്ക്കാലത്ത് പ്രസിദ്ധപ്പെടുത്തിയത്.
1985ലെ ഭാരതസര്‍ക്കാരിന്റെ രാജ്യത്തെ മികച്ച ഗായകനുള്ള 33ആമത് ദേശീയചലച്ചിത്രപുരസ്കാരം പി. ജയച്ചന്ദ്രനു ലഭിച്ചു. പി എ ബക്കര്‍ സംവിധാനം ചെയ്ത ‘നാരായണ ഗുരു’ എന്ന സിനിമയില്‍ ജി. ദേവരാജന്‍ ഈണം പകര്‍ന്ന ‘ശിവശങ്കരസര്‍വ്വശരണ്യവിഭോ’ എന്ന ഗാനത്തിനായിരുന്നു അവാര്‍ഡ്.
മികച്ച ഗായകനുള്ള കേരള സംസ്ഥാന സിനിമാപുരസ്കാരം അഞ്ചുതവണ പി. ജയചന്ദ്രനു ലഭിച്ചു. 1972ല്‍ ‘പണിതീരാത്ത വീട്’ എന്ന സിനിമയിലെ ‘സുപ്രഭാതം’ എന്നഗാനത്തിനും 1978ല്‍ ‘ബന്ധനം’ എന്ന സിനിമയിലെ ‘രാഗം ശ്രീരാഗം’ എന്നഗാനത്തിനും 1999ല്‍ ‘നിറ’ത്തിലെ ‘പ്രായം നമ്മില്‍ മോഹം നല്കി’ എന്നഗാനത്തിനും 2004ല്‍ ‘നീയൊരു പുഴയായ് തഴുകുമ്പോള്‍ ഞാന്‍’ എന്ന’തിളക്ക’ത്തിലെ ഗാനത്തിനും പുരസ്കാരാര്‍ഹമായപ്പോള്‍ 2015ല്‍ ‘ജിലേബി’, ‘എന്നും എപ്പോഴും’, ‘എന്നു നിന്റെ മൊയ്തീന്’ എന്നീ സിനിമകളിലെ യഥാക്രമം ‘ഞാനൊരു മലയാളി’, ‘മലര്‍വാകക്കൊമ്പത്ത്’, ‘ശാരദാംബരം’ എന്നീഗാനങ്ങള്‍ക്ക് ഒന്നാകെയും മികച്ച ഗായകനായി പി. ജയചന്ദ്രന് കേരള സംസ്ഥാനസിനിമാ അവാര്‍ഡ് നേടി.
1994ല്‍ ‘കിഴക്കുശീമയിലേ’ എന്ന ചിത്രത്തിലെ ‘കത്താഴന്‍ കാട്ടുവഴി’ എന്ന എആര്‍ റഹ്മാന് ഗാനത്തിന് തമിഴ്നാട് സംസ്ഥാന ഗവണ്മെന്റിന്റെ മികച്ച ഗായകനുള്ളസിനിമാ പുരസ്കാരം പി.ജയചന്ദ്രനു ലഭിച്ചു. 1997ല്‍ സിനിമാഗാനരംഗത്തെ 30 വര്‍ഷത്തെ പ്രവര്‍ത്തനസാന്നിദ്ധ്യത്തിന് തമിഴ്നാട് ഗവണ്മന്റ് കലാകാരന്മാര്‍ക്കുള്ളഅവരുടെ സമുന്നത അംഗീകാരമായ ‘കലൈമാമണി പുരസ്കാരം’ നല്‍കിജയചന്ദ്രനെ ആദരിച്ചു. സിനിമാ അഭിനയത്തിലും ജയചന്ദ്രന്റെ സാന്നിധ്യമുണ്ട്.
ഹരിഹരന്റെ ‘നഖക്ഷതങ്ങള്‍’, ഒ. രാമദാസിന്റെ ‘കൃഷ്ണപ്പരുന്ത്’ എന്ന സിനിമകളിലും സംഗീത ആല്‍ബങ്ങളിലും പി.ജയചന്ദ്രന് അഭിനയിച്ചിട്ടുണ്ട്.
-ദേവനാഥന്-
Recent Comments