മഴവില്‍ മനോരമ താര സംഘടനയായ അമ്മയുമായി സഹകരിച്ച് നടത്തുന്ന ‘മഴവില്‍ മനോരമ എന്റര്ടെയ്ന്മെന്റ് അവാര്‍ഡ്സ് 2023’ റിഹേഴ്സല്‍ പൂര്‍ത്തിയായി. എറണാകുളം മാരിയറ്റ് ഹോട്ടലില്‍ മമ്മൂട്ടി ഭദ്രദീപം കൊളുത്തിക്കൊണ്ടാണ് റിഹേഴ്സല്‍ ക്യാമ്പിന് തുടക്കം കുറിച്ചത്. അമ്മയിലെ നൂറോളം അംഗങ്ങളാണ് ഷോയില്‍ പങ്കെടുക്കുന്നത്. മഴവില്‍ മനോരമ സംഘടിപ്പിക്കുന്ന മൂന്നാമത്തെ അവാര്‍ഡ് നിശയാണിത്. ആദ്യത്തെ ഷോ മനോരമ തനിച്ചായിരുന്നു സംഘടിപ്പിച്ചത്. തുടര്‍ന്നു രണ്ട് അവാര്‍ഡ് നിശകളും അമ്മയുടെ സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്.
സ്കിറ്റ്, ഡാന്‍സ്, പാട്ട് അടക്കമുള്ള വിവിധ കലാപാരിപാടികളാണ് ഷോയില്‍ ഉള്ളത്. ആഗസ്റ്റ് 3 ന് ഉച്ചയ്ക്കു ശേഷം അവാര്‍ഡ് ദാനം നടക്കും. മലയാള സിനിമയില്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ ഒരു വര്‍ഷത്തിനിടെ പുറത്തിറങ്ങിയ സിനിമകളാണ് പുരസ്കാരത്തിനായി പരിഗണിച്ചിരിക്കുന്നത്. ആകെ 20 പുരസ്കാരങ്ങളാണ് സമ്മാനിക്കുന്നത്.
മമ്മൂട്ടിയും മോഹന്‍ലാലും അവാര്‍ഡ് നിശയ്ക്ക് നേതൃത്വം നല്കുന്നു എന്ന പ്രത്യേകതയുമുണ്ട്. അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവാണ് ഷോ സംവിധാനം ചെയ്യുന്നത്. ഓണത്തിനും തലേന്നുമായി പരിപാടി സംപ്രേക്ഷണം ചെയ്യും.
അമ്മയുമായി അകന്ന് നില്ക്കുന്ന ഷെയ്ന് നിഗമടക്കം ഈ അവാര്‍ഡ് നിശയുമായി സഹകരിക്കുന്നുണ്ട്. പുതുതലമുറയിലെ ദുര്‍ഖര്‍ സല്‍മാനും ഫഹദുമടക്കം അവാര്‍ഡ് നിശയില്‍ പങ്കെടുക്കുന്നില്ല. ഷീല മുഖ്യാതിഥിയായി ചടങ്ങില്‍ പങ്കുകൊള്ളും.
Recent Comments