ചിയാന്‍ വിക്രമിനെ നായകനാക്കി ഗൗതം വാസുദേവ് മേനോന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ധ്രുവ നച്ചത്തിരം. ഏഴുവര്‍ഷത്തോളമായി ചിത്രത്തിന്റെ റിലീസ് തീയതികള്‍ മാറ്റി വെച്ചു കൊണ്ടിരുന്നു. 24 നവംബറായിരുന്നു എറ്റവും ഒടുവില്‍ പ്രഖ്യാപിച്ച റിലീസ് ഡേറ്റ്. എന്നാല്‍ ഇന്നലെയും റിലീസ് ചെയ്യാന്‍ കഴിഞ്ഞില്ല. ഇന്ന് രാവിലെ സംവിധായകന് പങ്കുവെച്ച കുറുപ്പിലൂടെയാണ് റിലീസ് ചെയ്യാന്‍ കഴിയില്ല എന്ന വാര്‍ത്ത അറിയുന്നത് പോലും.
7 വര്‍ഷം എന്നത് സിനിമയില്‍ വലിയൊരു കാലയളവാണ്. പടം പെട്ടിയിലാവുന്നത് ആദ്യത്തെ സംഭവമൊന്നുമല്ല. എല്ലാ ഇന്‍ഡസ്ട്രിയിലും ഇത് നിത്യ സംഭവമാണ്. എന്തിനു പറയുന്നു മലയാളത്തിലെ ആദ്യ ചിത്രം പോലും ആദ്യ പ്രദര്‍ശനം കഴിഞ്ഞ് പെട്ടിയിലായി. അത്തരം ചിത്രങ്ങള്‍ പെട്ടികളില്‍ നിത്യശാന്തി കൈവരിക്കുന്നു. ശവപ്പെട്ടികള്‍ പിന്നീടാരും പൊളിച്ച് നോക്കാറില്ലല്ലോ!
വര്‍ഷങ്ങള്‍ കഴിയുന്തോറും ട്രോളുകളും കൂടി വന്നു. അന്ന് സിനിമ കാണാന്‍ തുടങ്ങാത്തവര്‍ വരെ ഇന്ന് ചിത്രത്തിന്റെ ദുര്‍ഗതിയെ ഓര്‍ത്ത് ചിരിക്കുന്നു. അജീവനാന്തം മാര്‍ക്കറ്റ് വാല്യൂയുള്ള രണ്ടാളുകളുടെ സിനിമ സംഗമം ആയിട്ടു കൂടി ചിത്രം വെളിച്ചം കാണുന്നില്ല. അപ്പോള്‍ ഒരു പുതുമുഖ സംവിധായകന്റെയും മാര്‍ക്കറ്റ് വാല്യൂ ഇല്ലാത്ത നടന്റെയും ചിത്രമായിരുന്നെങ്കിലോ?
എല്ലാ നടന്മാരുടെ കരിയറിലും ഇത്തരമൊരു സിനിമ സംഭവിക്കാറുണ്ട്. അവര്‍ നക്ഷത്ര പഥത്തില്‍ എത്തി കഴിഞ്ഞാല്‍ ഇതിനെ കുറിച്ച് ഓര്‍ക്കാറില്ല എന്ന് മാത്രം. എന്നാല്‍ ഇവിടെ ഗൗതം മേനോന് ചിത്രം വെളിച്ചം കാണിക്കാനായി പരിശ്രമിച്ചു കൊണ്ടിരിക്കുന്നു. ഈ പരിശ്രമത്തെ പ്രശംസിച്ചു കൊണ്ട് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ മുന്നോട്ട് വന്നിരിക്കുന്നത് .
മുകുന്ദന് ഉണ്ണി അസോസിയേറ്റ്സിന്റെ സംവിധായകന് അഭിനവ് താനും ഈ വേദന അനുഭവിച്ചതാണ് എന്ന് പറയുന്നു. 5 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് മുകുന്ദന് ഉണ്ണി അസോസിയേറ്റ്സ് സംഭവിക്കുന്നത്. സബ്ടൈറ്റിലുകള്‍ തയാറാക്കുന്ന വിവേക് രഞ്ജിത്, ഗൗതം മേനോന്റെ അവസ്ഥ തനിക്ക് നന്നായി മനസ്സിലാകും എന്ന് പങ്കുവെച്ചു. വിവേക് തിരക്കഥ എഴുതിയ താരം എന്ന ചിത്രം ഷൂട്ട് ചെയ്യാതെ മുടങ്ങി പോകുന്നതിന്റെ കൂടി പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു പരാമര്‍ശം.
റിലീസ് ദിവസം രാവിലെ തന്റെ 7 വര്‍ഷത്തെ സ്വപ്നം ഇന്നും വിടരുകയില്ല എന്നറിയുന്ന സംവിധായകന്റെ മാനസിക അവസ്ഥ വര്ണ്ണിക്കാനാകാത്തതാണ്. സിനിമ ലോകത്ത് പാദമുദ്രകള്‍ പതിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇനിയെങ്കിലും മുന്നില്‍ കാണുന്നത് നിണം വാര്‍ന്നു ചെമ്പിച്ച മണ്ണിന്റെ മൃതശരീരമാകരുത്. കാലത്തിന്റെ ആസുരമായ കൈകള്‍ക്കു പിടികൊടുക്കാത്ത ഒരു നക്ഷത്രമായി ഈ ധ്രുവ നച്ചത്തിരം മാറട്ടെ. ഫിലിം പെട്ടി തന്നെ തങ്ങളുടെ ജീവിതത്തിന്റെ സ്മാരകശിലകളായി മാറിയ ഒരു കൂട്ടം സംവിധായകരുടെ സ്മരണയില്‍ ഗൗതം മേനോന് വേണ്ടി നമുക്കും കൈയ്യടിക്കാം. കമോണ്ട്രാ ഗൗതം.
Recent Comments