മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് മാര്‍ച്ച് 28 ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ഒരു അന്തര്‍ദ്ദേശീയ ചിത്രമെന്ന നിലയിലാണ് ബറോസ് പ്രദര്‍ശനത്തിനെത്താന്‍ ഒരുങ്ങുന്നതും.
രണ്ടര വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ബറോസിന്റെ അനൗണ്‍സ്മെന്റ് ഉണ്ടാകുന്നത്. ജിജോ പുന്നൂസ് എഴുതിയ തിരക്കഥ മോഹന്‍ലാലിന്റെ അടുക്കലെത്തിയത് ടി.കെ. രാജീവ് കുമാര്‍ വഴിയാണ്. അധികം വൈകാതെ ആ ചിത്രം സംവിധാനം ചെയ്യാന്‍ മോഹന്‍ലാല്‍ മുന്നോട്ട് വരികയായിരുന്നു. മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭമെന്ന നിലയില്‍ തുടക്കം മുതല്‍ ഏറെ വാര്‍ത്താപ്രാധാന്യവും അത് നേടിയിരുന്നു. കാക്കനാടുള്ള നവോദയ സ്റ്റുഡിയോയിലായിരുന്നു ചിത്രത്തിന്റെ പ്രൗഢഗംഭീരമായ പൂജ. ലാലിന്റെ സിനിമാജീവിതത്തിന്റെ തുടക്കം മുതല്‍ ഒപ്പമുണ്ടായിരുന്ന എല്ലാവരെയും അദ്ദേഹം ആ ചടങ്ങിലേക്ക് ക്ഷണിക്കാനും മറന്നില്ല. മമ്മൂട്ടിയായിരുന്നു ചടങ്ങിലെ മുഖ്യാഥിതി.
സന്തോഷ് രാമന്റെ നേതൃത്വത്തില്‍ നവോദയില്‍ കൂറ്റന്‍ സെറ്റുകള്‍ നിര്‍മ്മിച്ചിരുന്നു. അവിടെയായിരുന്നു ബറോസിന്റെ ആരംഭവും. ഛായാഗ്രാഹണത്തിന്റെ ചുമതല ഏല്‍പ്പിച്ചത് സന്തോഷ് ശിവനെയാണ്. 3D ചിത്രമെന്ന നിലയില്‍ ചിത്രീകരണത്തിലെ സങ്കീര്‍ണ്ണതകള്‍ മുന്നില്‍ കണ്ടുകൊണ്ടുതന്നെയാണ് സന്തോഷ് ശിവനെ ആ ദൗത്യം എല്പ്പിക്കാന് ലാല്‍ തയ്യാറായത്.
ബറോസിന്റെ ചിത്രീകരണം തുടങ്ങിയെങ്കിലും കോവിഡിന്റെ പശ്ചാത്തലത്തില്‍ പല മുടക്കങ്ങളും ആ പ്രൊജക്ടിന് നേരിടേണ്ടിവന്നു. ആദ്യം കേന്ദ്രകഥാപാത്രമായി നിശ്ചയിച്ച ബാലതാരമായിരുന്നില്ല പിന്നീട് അതില്‍ അഭിനയിച്ചത്. പൃഥ്വിരാജും ബറോസിന്റെ താരനിരയില്‍ ആദ്യമുണ്ടായിരുന്നെങ്കിലും ഡേറ്റ് ക്ലാഷ് മൂലം പൃഥ്വിയും പിന്മാറി. ആദ്യം ഉണ്ടായ തടസ്സങ്ങളെയെല്ലാം അതിജീവിച്ച് ബറോസിന്റെ ചിത്രീകരണം പൂര്‍ത്തിയാവുകയും ചെയ്തു. കൊച്ചിക്ക് പുറമെ ഗോവയും ചെന്നൈയുമായിരുന്നു മറ്റു ലൊക്കേഷനുകള്‍. ലിഡിയന് നാദസ്വരം സംഗീതം നിര്‍വ്വഹിച്ച ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയത് മാര്‍ക്ക് കിലിയനായിരുന്നു. തായ്ലന്റില്‍നിന്നുള്ള ജാക്രിറ്റ് കനോക് പോഡ്ജാനനോന് ആയിരുന്നു സംഘട്ടനരംഗങ്ങള്‍ ഒരുക്കിയത്. സാങ്കേതിക രംഗത്ത് മാത്രമായിരുന്നില്ല താരനിരയിലും ധാരാളം വിദേശികള്‍ ഉണ്ടായിരുന്നു.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഈ ബിഗ് ബജറ്റ് ചിത്രം ഒരുക്കിയത്. ബജറ്റിനെക്കുറിച്ച് ഒരു വിവരങ്ങളും ആശിര്‍വാദ് പുറത്ത് വിട്ടിട്ടില്ല. പ്രശസ്ത വ്യവസായി രവിപിള്ള നിര്‍മ്മാണ പങ്കാളിയാണ്.
ജിജോ പുന്നൂസിലൂടെയാണ് ബറോസിന്റെ ആരംഭമെങ്കിലും ഇപ്പോള്‍ പുറത്തിറക്കിയ ചിത്രത്തിന്റെ പോസ്റ്ററിലെവിടെയും അദ്ദേഹത്തിന്റെ പേര് കാണുന്നില്ല. ഇടയ്ക്ക് ചില പ്രശ്നങ്ങളുണ്ടായതായി ജിജോ തന്നെ തുറന്ന് പറഞ്ഞിരുന്നു. അതുകൊണ്ടാകണം സംഭാഷണങ്ങള്‍ എഴുതിയ കലവൂര്‍ രവികുമാറിന്റെ പേര് ക്രെഡിറ്റ് ലിസ്റ്റില്‍ സ്ഥാനം പിടിച്ചത്. ക്രിയേറ്റീവ് ഹെഡ്ഡായി ടി.കെ. രാജീവ് കുമാറിന്റെ പേരും ക്രെഡിറ്റ് ലിസ്റ്റിലുണ്ട്.
എന്നും വിസ്മയങ്ങളെ ചേര്‍ത്ത് പിടിച്ചിട്ടുള്ള മോഹന്‍ലാലിന്റെ ഒരു ദൃശ്യവിസ്മയം തന്നെയാകും ബറോസ്. അത് പ്രേക്ഷകരിലേയ്ക്ക് എത്താന്‍ ഇനി മാസങ്ങള്‍ മാത്രം.
Recent Comments