സംഗീത സംവിധായകനും ഗായകനുമായ കെ.ജി. ജയന് അന്തരിച്ചു. ഇന്ന് രാവിലെ 5.25 ഓടുകൂടിയായിരുന്നു അന്ത്യം. 90 വയസ്സുണ്ടായിരുന്നു. പ്രായാധിക്യത്തെ തുടര്‍ന്നുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഏറെ നാളുകളായി അദ്ദേഹത്തെ അലട്ടുന്നുണ്ടായിരുന്നു. ചികിത്സയിലുമായിരുന്നു. അടുത്തിടെയാണ് ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തിയത്. അവിടെയും അദ്ദേഹത്തിന് ചികിത്സ സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. ഇന്നലെ രാത്രി മുതല്‍ കടുത്ത ചുമയും അസ്വസ്ഥകളും അലട്ടാന്‍ തുടങ്ങി. രാവിലെ അഞ്ച് മണിയോടെ രൂക്ഷമായി. മരണസമയത്ത് മക്കളും അടുത്ത ബന്ധുക്കളും ഒപ്പം ഉണ്ടായിരുന്നു. സംസ്കാര ചടങ്ങുകള്‍ നാളെ നടക്കും.
കെ.ജി. ജയന്റെ മകനും നടനുമായ മനോജ് കെ. ജയന്റെ ഭാര്യയും മകനും ലണ്ടനില്‍ നിന്ന് പുറപ്പെട്ട് ഇന്നെത്തും. പൊതുദര്‍ശനമടക്കമുള്ള കാര്യങ്ങള്‍ വൈകാതെ തീരുമാനിക്കും. പത്മശ്രീ ജേതാവായ അദ്ദേഹത്തിന് ഔദ്യോഗിക ബഹുമതികളോടെ അന്തിമോപചാരം അര്‍പ്പിക്കും.
കടമ്പൂത്ര മഠത്തില്‍ ഗോപാലന് തന്ത്രിയുടെയും നാരായണിയമ്മയുടെയും ഇരട്ട കുട്ടികളില്‍ മൂത്തമകനാണ് ജയന്. സെക്കന്റുകളുടെ വ്യത്യാസത്തില്‍ വിജയനും പിറന്നു. പിന്നീട് ഇരുവരും ജയവിജയന്മാര് എന്ന പേരില്‍ പ്രശസ്തരായി. 1988 ലായിരുന്നു കെ.ജി. വിജയന്റെ വിയോഗം.
ചെറുപ്പത്തില്‍തന്നെ സംഗീതപഠനം ആരംഭിച്ച ജയന്റെ അരങ്ങേറ്റം കുമാരനെല്ലൂര്‍ ദേവീക്ഷേത്രത്തില്‍ വച്ചായിരുന്നു. രാമന് ഭാഗവതരായിരുന്നു ആദ്യ ഗുരു. പിന്നീട് സ്വാതിതിരുനാള്‍ കോളേജില്‍നിന്ന് ഗാനഭൂഷണം പാസായി. ആലത്തൂര്‍ ബ്രദേഴ്സ് ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍, ബാലമുരളി കൃഷ്ണ എന്നിവരുടെ കീഴില്‍ ശിഷ്യത്വം സ്വീകരിക്കാനും ഇവര്‍ക്ക് ഭാഗ്യമുണ്ടായി. ചെമ്പൈയുടെ സംഗീത കച്ചേരികളിലെ സ്ഥിരസാന്നിദ്ധ്യമായിരുന്നു ജയവിജയന്മാര്.
ഭക്തിഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നുകൊണ്ടായിരുന്നു ജയന് സംഗീതലോകത്തേയ്ക്ക് കാലെടുത്ത് വച്ചത്. പിന്നീട് നിരവധി സിനിമകള്‍ക്ക് വേണ്ടിയും സംഗീത സംവിധാനം നിര്‍വ്വഹിച്ചു. ഭൂമിയിലെ മാലാഖമാലാണ് ആദ്യചിത്രം. നക്ഷത്രദീപങ്ങള്‍ തിളങ്ങി, ഹൃദയം ദേവാലയം തുടങ്ങിയവ ജയവിജയന്മാരുടെ ഹിറ്റ് ഗാനങ്ങളായി ഇന്നും തുടരുന്നു. തന്റെ ഇഷ്ട ദേവനായ അയ്യപ്പനുവേണ്ടിയും അദ്ദേഹം ഗാനങ്ങളൊരുക്കി. ശബരിമല നട തുറക്കുന്നതുതന്നെ ‘ശ്രീകോവില്‍ നടതുറന്നു’ എന്ന ഇവരുടെ പ്രശസ്തമായ പാട്ട് കേട്ടുകൊണ്ടാണ്.
കേരള സംഗീതനാടക അക്കാദമി പുരസ്കാരവും ഹരിവരാസനം ബഹുമതിയും നല്കി സര്‍ക്കാര്‍ ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. 2019 ല്‍ പത്മശ്രീ പുരസ്കാരവും ജയനെ തേടിയെത്തി.
ഇക്കഴിഞ്ഞ വിഷു ദിനത്തിലായിരുന്നു ജയന്റെ സഹോദര ഭാര്യയായ രാജമ്മയുടെ വിയോഗം. 18-ാം തീയതി സഞ്ചയന ചടങ്ങുകള്‍ നടക്കാനിരിക്കെയാണ് ആ കുടുംബത്തില്‍നിന്ന് ജയന്റെ വിയോഗവും ഉണ്ടായിരിക്കുന്നത്.
കെ.ജി. ജയന്റെ ഭാര്യ വി.കെ. സരോജിനി നേരത്തെ നിര്യാതയായിരുന്നു. പ്രശസ്ത നടന് മനോജ് കെ. ജയന് ഇളയ മകനാണ്. സംഗീതജ്ഞന് കൂടിയായ ബിജു കെ. ജയനാണ് മറ്റൊരു മകന്.
Recent Comments