ബാലയെ വിളിക്കുമ്പോള്‍ അദ്ദേഹം മൂന്നാറിലേയ്ക്ക് പുറപ്പെടാനുള്ള ഒരുക്കങ്ങളിലായിരുന്നു. സ്വകാര്യ സന്ദര്‍ശനമാണ്. രണ്ട് ദിവസത്തിനുള്ളില്‍ മടങ്ങിയെത്തുമെന്നും ബാല പറഞ്ഞു. താരസംഘടനയായ അമ്മയുടെ ഓഫീസില്‍ ഇന്ന് രാവിലെ നടന്ന ചടങ്ങിനെക്കുറിച്ചന്വേഷിക്കാനാണ് ബാലയെ വിളിച്ചത്.
‘രണ്ട് നിര്‍ദ്ദന കുടുംബത്തിലെ കുട്ടികളാണ്. അവരുടെ പഠനാവശ്യത്തിനായി രണ്ട് മൊബൈല്‍ഫോണ്‍ എത്തിച്ചുകൊടുക്കാന്‍ കഴിയുമോ എന്ന് അന്വേഷിച്ചുകൊണ്ട് ബാബുച്ചേട്ടന് (ഇടവേള ബാബു) എന്നെ വിളിച്ചിരുന്നു. പഴയ മൊബൈല്‍ ഫോണ്‍ ആയാലും കുഴപ്പമില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പഴയത് വേണ്ട പുതിയതുതന്നെ വാങ്ങിക്കൊടുക്കാമെന്ന് ഞാന്‍ പറയുകയായിരുന്നു. മൊബൈല്‍ഫോണ്‍ വാങ്ങാന്‍ ഷോപ്പില്‍ പോയപ്പോഴാണ് ടാബ് കണ്ടത്. ബാബുച്ചേട്ടനെ വിളിച്ച് ടാബായാലോ എന്നന്വേഷിച്ചു. ബാലയുടെ ഇഷ്ടംപോലെ ചെയ്തോളൂ എന്ന് പറഞ്ഞപ്പോ, പിന്നെ മടിച്ചില്ല. രണ്ട് ടാബ് തന്നെ വാങ്ങി അമ്മയുടെ ഓഫീസില്‍ എത്തി.’
‘ബാബുചേട്ടന് ക്ഷണിച്ചിട്ട് കൊച്ചിന് കോര്‍പ്പറേഷനിലെ കൗണ്‍സിലര്‍മാരായ സക്കീറും അഷിതയും അവിടെ എത്തിയിരുന്നു. അമ്മയുടെ എക്സിക്യൂട്ടീവ് മെമ്പര്കൂട്ടിയായ ബാബുരാജ് ചേട്ടനും. ബാബുച്ചേട്ടനും ബാബുരാജ് ചേട്ടനും കൂടിയാണ് കുട്ടികള്‍ക്ക് ടാബ് കൈമാറിയത്. വേറെ രണ്ട് കുട്ടികളുടെ കാര്യംകൂടി കൗണ്‍സിലര്‍മാര്‍ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ അവര്‍ക്കുള്ള ടാബും ഞാന്‍തന്നെ പോയി വാങ്ങിക്കൊണ്ടുവന്നു. അന്നുതന്നെ വിതരണവും ചെയ്തു.’
‘അമ്മയുടെ പുതിയ മന്ദിരോദ്ഘാടനം കഴിഞ്ഞിട്ട് ഞാനവിടെ പോയിട്ടുണ്ടായിരുന്നില്ല. ആദ്യമായിട്ടാണ് പോകുന്നത്. അത് ഇങ്ങനെയൊരു നല്ല കാര്യത്തിനാണെന്നുള്ളത് എന്നെ കൂടുതല്‍ സന്തോഷിപ്പിക്കുന്നു. ഞാനൊരു വാഗ്ദാനവും അമ്മ വഴി കൈമാറിയിട്ടുണ്ട്. ഈ പ്രദേശത്തുനിന്ന് ഉയര്‍ന്ന മാര്‍ക്കുനേടി പഠിച്ചുവരുന്ന കുട്ടിക്ക് എന്റെ വക ഒരു ബംബര്‍ സമ്മാനമുണ്ടാകും.’ ബാല പറഞ്ഞു.
Recent Comments