ഉരുള്‍പൊട്ടലില്‍ വിറച്ച് നില്‍ക്കുകയാണ് വയനാടും കേരളവും. മുണ്ടക്കൈ ഉരുള്‍പൊട്ടലിന്റെ ദുരന്തവ്യാപ്തി വര്‍ദ്ധിക്കുന്നു. ഇതുവരെ മാത്രം 161 മരണം. 98 പേരെ കാണാനില്ല. മരണം ഇനിയും കൂടാനുള്ള സാധ്യതയുണ്ട്. ഇരുനൂറോളം പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടിട്ടുണ്ടാവാമെന്നാണ് നിഗമനം. മരിച്ചവരില്‍ ഇതുവരെ തിരിച്ചറിയാനായത് 84 പേരെയാണ്.
രണ്ടാം ദിവസത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍ രാവിലെ ആരംഭിച്ചു. വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇന്നലെ രാത്രിയോടെ താല്‍ക്കാലികമായി നിര്‍ത്തിയ രക്ഷാപ്രവര്‍ത്തനം രാവിലെ പുനരാരംഭിച്ചു. വായു സേനയുടെ ഹെലിക്കോപ്റ്ററില്‍ ഭക്ഷണവും വെള്ളവും എത്തിച്ചു. മുണ്ടക്കൈയില്‍ 540 വീടുകളില്‍ ശേഷിക്കുന്നത് മുപ്പതോളം വീടുകള്‍ മാത്രമാണ്. അഞ്ഞൂറോളം വീടുകളാണ് ഒലിച്ചു പോയത്.
പലയിടത്തായി കുടുങ്ങിക്കടന്നവരെ രക്ഷിച്ചതായി ഫയര്‍ ഫോഴ്സ് അറിയിച്ചിരുന്നു. മൃതദേഹങ്ങളെല്ലാം മേപ്പാടി ആശുപത്രിയിലേക്ക് മാറ്റി. കേരളം കണ്ട ഏറ്റവും വലിയ ദുരന്തമാണ് വയനാട്ടില്‍ സംഭവിച്ചത്.
രക്ഷാപ്രവര്‍ത്തനം ഒരു വശത്ത് നടക്കുമ്പോള്‍ മറുഭാഗത്ത് സംസ്കാര ചടങ്ങുകളും പുരോഗമിക്കുന്നുണ്ട്. മേപ്പാടി ജുമാ മസ്ജിദ് ഖബര്സ്ഥാന്, കാപ്പം കൊല്ലി ജുമാ മസ്ജിദ് ഖബര്സ്ഥാന്, നെല്ലിമുണ്ട ജുമാമസ്ജിദ് ഖബ്ര്‍ സ്ഥാന് എന്നിവിടങ്ങളില്‍ മൃതദേഹങ്ങള്‍ സംസ്കരിക്കാനുള്ള തയ്യാറെടുപ്പ് പുരോഗമിക്കുകയാണ്.
നിലമ്പൂരിലെ ചാലിയാര്‍ പുഴയില്‍ നിന്നും കണ്ടെടുത്ത മൃതദേഹങ്ങള്‍ മേപ്പാടിയില്‍ എത്തിക്കും. ഇന്നലെ രാത്രി നിര്‍ത്തിയ രക്ഷാപ്രവര്‍ത്തനം രാവിലെ ആറ് മണിയോടെയാണ് സൈന്യം വീണ്ടും ആരംഭിച്ചത്. 4 സംഘങ്ങളായി തിരിഞ്ഞാണ് സൈന്യം രക്ഷാദൗത്യം ആരംഭിച്ചിരിക്കുന്നത്. മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തുന്നതിനാണ് പ്രഥമപരി?ഗണന. സൈന്യത്തിന് പിന്തുണ നല്കി സന്നദ്ധപ്രവര്‍ത്തകരും കൂടെയുണ്ട്. ഇരുനൂറിലധികം പേരെ കാണാനില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. എന്നാല്‍ 98 പേരെ കാണാനില്ലെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍. ദുരിതബാധിതര്‍ക്കായി 8 ക്യാംപുകള്‍ ആരംഭിച്ചിട്ടുണ്ട്. 1222 പേരാണ് ക്യാംപുകളില്‍ കഴിയുന്നത്.
Recent Comments